തമിഴ്നാടിനു 4–0 വിജയം

തെലങ്കാനയ്ക്കെതിരെ തമിഴ്നാടിന്റെ ക്യാപ്റ്റൻ എ. റീഗൻ (10) ഗോൾ നേടുന്നു. ചിത്രം: പി.എൻ. ശ്രീവൽസൻ

കോഴിക്കോട് ∙ സന്തോഷ് ട്രോഫിയിൽ കന്നിക്കാരായ തെലങ്കാനയും ലക്ഷദ്വീപും ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടില്ലെന്നുറപ്പായി. ഇന്നലെ നടന്ന മത്സരങ്ങളിൽ തെലങ്കാന (4-0)നു തമിഴ്നാടിനോടും ലക്ഷദ്വീപ് (4-0)നു സർവീസസിനോടും അടിയറവു പറഞ്ഞു. ക്യാപ്റ്റൻ എ.റീഗന്റെ ഹാട്രിക് ഗോളായിരുന്നു തമിഴ് വിജയത്തിന്റെ മുഖ്യ ആകർഷണം. മനോഹരമായ ഒരു ഹെഡറടക്കമായിരുന്നു റീഗന്റെ ഗോളുകൾ. എസ്.നന്ദകുമാറാണു മറ്റൊരു ഗോൾ നേടിയത്.

കളിയുടെ ആദ്യപകുതി അവസാനിക്കുമ്പോൾ (3-0) ആയിരുന്നു സ്കോർ. തെലങ്കാന കാര്യമായ ചെറുത്തുനിൽപിനു മുതിരാത്ത മത്സരത്തിൽ ആദ്യാവസാനം തമിഴ്നാട് നിയന്ത്രണം നിലനിർത്തി. ലക്ഷദ്വീപുമായുള്ള മത്സരത്തിൽ സർവീസസിനുവേണ്ടി സരോജ് റായ് ഇരട്ടഗോളുകൾ നേടി. അർജുൻ ടുഡുവും മുഹമ്മദ് ഇർഷാദും ഓരോ ഗോൾവീതവും സ്കോർ ചെയ്തു.

ലക്ഷദ്വീപ് ഗോളി സയ്ദ് മുഹമ്മദ് സഫലിന്റെ കഠിനാധ്വാനമാണു സർവീസസ് ഗോളുകളുടെ എണ്ണം ഇതിലും കൂടാതെ സൂക്ഷിച്ചത്. ഇതോടെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച തമിഴ്നാടിനും സർവീസസിനും ആറു പോയിന്റ് വീതമായിട്ടുണ്ട്. ഇന്നു വൈകിട്ടു നാലിനു കേരളം കർണാടകയെ നേരിടും. ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ കേരളത്തിനു സമനില മതിയാകും. ഇന്നത്തെ മത്സരങ്ങൾ 1.45: പുതുച്ചേരി - ആന്ധ്ര 4.00: കേരളം - കർണാടക