Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബിനും ഗോവയ്ക്കും ജയം; സെമിയിലെ നാലാമനാരെന്ന് തീരുമാനമായില്ല

കൊൽക്കത്തയിൽനിന്ന് പ്രതീഷ് ജി.നായർ
Football representational image സന്തോഷ് ട്രോഫിയിൽ ഗോവ–ഒഡിഷ മൽസരത്തിൽനിന്ന്. (ചിത്രം: പ്രതീഷ് ജി.നായർ)

കൊൽക്കത്ത ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഗ്രൂപ്പ് ബി മത്സരത്തിൽ പഞ്ചാബിനും ഗോവയ്ക്കും ജയം. ഒഡീഷയെ ഒന്നിനെതിരെ ആറു ഗോളുകൾക്കു ഗോവ തകർത്തപ്പോൾ, പഞ്ചാബ് 2–1നു കർണാടകയെ തോൽപ്പിച്ചു. ക്യാപ്റ്റൻ വിക്ടോറിനോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിലാണ് ഗോവയുടെ ജയം. 15, 45, 54 മിനിറ്റുകളിലാണ് വിക്ടോറിനോ ഗോളുകൾ നേടിയത്. മക്റോയ് പെക്സറ്റോ (58), ഷുബര്‍ട്ട് ജോനസ് പെരേര (71), മാർകസ് മസ്കരാനസ് (86) എന്നിവരാണ് ഗോവയുടെ മറ്റു ഗോളുകൾ നേടിയത്. സുനിൽ സർദാർ 16–ാം മിനിറ്റിൽ ഒഡീഷയുടെ ആശ്വാസ ഗോൾ നേടി.

ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ഗോവയുടെ പടയോട്ടമായിരുന്നു മോഹൻ ബഗാൻ ക്ലബ് ഗ്രൗണ്ടിൽ കണ്ടത്. 15–ാം മിനിറ്റിൽ ക്യാപ്റ്റൻ വിക്ടോറിനോയുടെ ഗോളിൽ ഗോവ മുന്നിലെത്തി. എന്നാൽ 16–ാം മിനിറ്റിൽ ഒഡിഷ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ വിക്ടോറിനോ തന്നെ ഗോവയെ മുന്നിലെത്തിച്ചു. പിന്നീടു കണ്ടതു ഗോവയുടെ ഗോളടി മേളം. നാലു ഗോളുകൾ രണ്ടാം പകുതിയിൽ ഗോവ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ഇതോടെ ഒരു മത്സരം പോലും ജയിക്കാതെ ടൂർണമെന്റിൽ നിന്ന് ഒ‍ഡീഷ പുറത്തായി. 

പഞ്ചാബിനെതിരെ മലയാളി താരം എസ്.രാജേഷിന്റെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ ശേഷമാണ് കർണാടക തോൽവി വഴങ്ങിയത്. ഏഴാം മിനിറ്റിലായിരുന്നു രാജേഷിന്റെ ഗോൾ. എന്നാൽ 18–ാം മിനിറ്റിൽ ജിതേന്ദർ റാവത്തും 26–ാം മിനിറ്റിൽ ബൽജത് സിങ്ങും പഞ്ചാബിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ പാഴാക്കുകയും ചെയ്തു.

കർണാടക– പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് ജയിച്ചതോടെ ഗ്രൂപ്പ് ബിയിലെ സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ അവസാന മത്സരം വരെ കാക്കണമെന്നായി. ഇന്നു പഞ്ചാബ് ജയിച്ചതോടെ കർണാടകയ്ക്കും പഞ്ചാബിനും ആറു പോയിന്റ് വീതമായി. മൂന്നു മത്സരങ്ങളും ജയിച്ച് ഒൻപതു പോയിന്റോടെ മിസോറമാണു ഗ്രൂപ്പിൽ മുന്നിൽ. അടുത്ത മത്സരത്തിൽ മിസോറം കർണാടകയെ ആണു നേരിടുന്നത്. ഈ മത്സരത്തിൽ ജയിക്കുക്കാനായാൽ കർണാടയ്ക്കു സെമിഫൈനൽ സാധ്യതയുണ്ട്. പഞ്ചാബ്–ഗോവ മത്സരവും സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിൽ നിർണായകമാകും. ബി ഗ്രൂപ്പിൽനിന്ന് മിസോറം സെമി ഉറപ്പാക്കിയിട്ടുണ്ട്. എ ഗ്രൂപ്പിൽനിന്ന് കേരളവും ബംഗാളുമാണ് സെമിയിൽ കടന്നത്.