Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം; സെമി ഉറപ്പാക്കി

കൊൽക്കത്തയിൽനിന്ന് പ്രതീഷ് ജി.നായർ
Santhosh-Trophy-1 കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള സന്തോഷ് ട്രോഫി മൽസരത്തിൽനിന്ന്. (ചിത്രം: മനോരമ)

കൊൽക്കത്ത ∙ കേരളം സന്തോഷ് ട്രോഫി ഫുടബോൾ ടൂർണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്നു നടന്ന മത്സരത്തിൽ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്താണ് കേരളം സെമിഫൈനൽ ഉറപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ചണ്ഡീഗഡിനെ 1–0ത്തിനു തോൽപ്പിച്ചു ആതിഥേയരായ ബംഗാളും സെമി ഉറപ്പിച്ചു. 27നു നടക്കുന്ന കേരളം-ബംഗാൾ മത്സര വിജയികള്‍ ഗ്രൂപ്പ് ചാംപ്യന്മാരാകും.

ക്യാപ്റ്റൻ രാഹുൽ വി.രാജ്, എം,എസ്. ജിതിന്‍, കെ.പി. രാഹുൽ എന്നിവരാണു കേരളത്തിന്റെ ഗോളുകൾ നേടിയത്. പെനൽറ്റിയിലൂടെ 23–ാം മിനിറ്റിൽ ക്യാപ്റ്റൻ രാഹുൽ വി.രാജ് കേരളത്തെ മുന്നിലെത്തിച്ചു. 39–ാം മിനിറ്റിൽ തന്റെ വ്യക്തിഗത പ്രകടനത്തിന്റെ അകമ്പടിയിൽ എം.എസ്. ജിതിൻ കേരളത്തിന്റെ ലീഡ് ഉയർത്തി. 58–ാം മിനിറ്റിൽ കെ.പി. രാഹുലിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. ലഭിച്ച അവസരങ്ങൾ മുതലാക്കാനായിരുന്നെങ്കിൽ അരഡസൻ ഗോളിന്റെ വിജയം ഇന്നും കേരളത്തിനു കൈയ്യെത്തിപ്പിടിക്കാമായിരുന്നു. ഇന്നത്തെ ഗോൾ നേട്ടത്തോടെ എം.എസ്. ജിതിന്‍ വ്യക്തിഗത ഗോൾ േനട്ടം നാലാക്കി ഉയർത്തി.

മറ്റൊരു മത്സരത്തിൽ ആതിഥേയരായ ബംഗാൾ, താരതമ്യേന ദുർബലരായ ചണ്ഡീഗഡിന്റെ കയ്മെയ് മറന്നുള്ള പോരാട്ടത്തിനു മുന്നിൽ കഷ്ടിച്ചാണു രക്ഷപെട്ടത്. 18–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങാണ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്. മൂന്നു മത്സരങ്ങൾ വീതം ജയിച്ചാണ് കേരളവും ബംഗാളും സെമിഫൈനലിലെത്തി. ഗ്രൂപ്പ് എയിൽ നിന്നു മഹാരാഷ്ട്ര, മണിപ്പൂർ, ചണ്ഡീഗഡ് ടീമുകൾ പുറത്തായി.

ഗോൾ ശരാശരിയിൽ ഏറെ മുന്നിലുള്ള കേരളത്തിന് ബംഗാളിനെതിരെ സമനില പോലും ഗ്രൂപ്പ് ചാംപ്യൻ പദവി നൽകും. മൂന്നു മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ അടിച്ചു കൂട്ടിയ കേരളം ഒരു ഗോൾ മാത്രമാണു വഴങ്ങിയത്.