Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീം തന്ത്രങ്ങൾ സമാനം; സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം– ബംഗാൾ ഫൈനൽ

santhosh-trophy-kerala-team-practice കൊൽക്കത്ത ബാരക് പുരിലെ സൈനിക സ്കൂൾ ഗ്രൗണ്ടിൽ സന്തോഷ് ട്രോഫി ഫൈനലിനു മുന്നോടിയായി കേരള ടീം പരിശീലനത്തിനിറങ്ങിയപ്പോൾ.

കൊൽ‍ക്കത്ത ∙ സന്തോഷത്തിന്റെ ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ നടക്കും.

കരുത്തന്മാർ നേർക്കുനേർ

ആക്രമണവും പ്രതിരോധവും സമാസമം ചാലിച്ചുള്ള ശൈലിയിൽ കളിക്കുന്ന കേരളവും ബംഗാളും കൊമ്പുകോർക്കുമ്പോൾ കളത്തിൽ നിറയുക ഫുട്ബോളിന്റെ സൗന്ദര്യം. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിൽ ഇരു ടീമുകളും മികച്ചുനിൽക്കുന്നു. ഫിനിഷിങ്ങിലും പോരാട്ടം സമാസമം. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപിക്കാൻ സാധിച്ചതിന്റെ മാനസിക മുൻതൂക്കം കേരളത്തിനുണ്ട്. കൂടാതെ ടൂർണമെന്റിലെ കടുകട്ടി ടീമായ മിസോറമിനെ മറികടക്കാനായതിന്റെ ആത്മവിശ്വാസവും. കേരളത്തിനോടു തോൽവി വഴങ്ങേണ്ടി വന്നതിനു കണക്കു ചോദിക്കാനാകും ബംഗാൾ ഇറങ്ങുക. ബംഗാൾ ടീമിനൊപ്പം ബംഗാളിനായി ഗാലറിയിലെത്തുന്ന ആരാധകർക്കെതിരേയും കേരളത്തിനു കളിക്കേണ്ടി വരും. പറയത്തക്ക ആരാധക പിന്തുണ ബംഗാളിൽ കേരളത്തിനു കിട്ടുന്നുമില്ല.

kerala-in-santhosh-trophy

ടീം തന്ത്രം സമാനം

4–4–2 ശൈലിയിൽ തന്നെയാകും ഇരു ടീമുകളും കളിക്കിറങ്ങുക. സെമിയിൽ ഗോൾ നേടിയ മലപ്പുറംകാരൻ വി.കെ.അഫ്ദലിനൊപ്പം ആരാകും മുന്നേറ്റത്തിൽ എത്തുകയെന്നതിനെക്കുറിച്ചുള്ള തീരുമാനം ആയിട്ടില്ല. മിസോറം മത്സരത്തിനിടെ കേരളത്തിന്റെ രണ്ടു മുന്നേറ്റനിര താരങ്ങളായ സജിത് പൗലോസിനും പി.സി.അനുരാഗിനും പരുക്കേറ്റിരുന്നു. സജിത് ഇന്നത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ വി.എസ്.ശ്രീക്കുട്ടൻ ആദ്യ ഇലവനിൽ എത്താനിടയുണ്ട്. ഇടതു, വലതു വിങ്ങുകളിലെ ആക്രമണം കെ.പി.രാഹുലും എം.എസ്.ജിതിനും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ കേരളത്തിനു തലവേദനകളില്ല. ബംഗാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചതും ഈ തന്ത്രം തന്നെയാണ്. മിസോറമിനെതിരായ ഒറ്റപ്രകടനം മതി കേരളത്തിന്റെ ഗോൾ കീപ്പർ വി.മിഥുൻ ആരെന്നറിയാൻ. ഗോൾ പോസ്റ്റിനു താഴെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ഈ കണ്ണൂരുകാരൻ.

ക്യാപ്റ്റൻ ജിതൻ മുമ്റുവിലും കൗമാര താരം ബിദ്യാസാഗർ സിങ്ങിലുമാണു ബംഗാളി മുന്നേറ്റത്തിന്റെ പ്രതീക്ഷ. നാലു ഗോൾ നേടി നിൽക്കുന്ന ബിദ്യാസാഗറും മൂന്നു ഗോളുമായി ജിതനും ഫോമിലുമാണ്. ഇവർക്കൊപ്പം മധ്യനിരയിൽ നിന്നുള്ള തീർഥങ്കർ സർക്കാർ കൂടിയാകുമ്പോൾ ആക്രമണത്തിനു ബംഗാൾ സജ്ജം.

തന്ത്രങ്ങളുടെ അണിയറയിൽ സതീവൻ

സന്തോഷ് ട്രോഫി ഫൈനലിലേക്കു കേരളത്തെ നയിച്ചതു തന്ത്രജ്ഞനായ പരിശീലകൻ. സതീവൻ ബാലനെന്ന അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറിയ മനുഷ്യനാണു സന്തോഷ് ട്രോഫിയിൽ കേരളത്തിനു തലപ്പൊക്കം നൽകിയത്. സമീപകാലത്തെ ഏറ്റവും യുവത്വമുള്ള ടീമുമായി പോരാട്ടത്തിനെത്തിയ സതീവൻ നിശ്ചയിച്ച വഴിയിൽ കളി നടന്നതോടെ കേരളത്തിന്റെ സന്തോഷം കൂടിക്കൂടി വന്നു. ആക്രമണമാണു മികച്ച പ്രതിരോധം എന്നു വിശ്വസിക്കുന്ന പരിശീലകനാണു സതീവൻ.

നേട്ടങ്ങൾ ഒരുപിടി സ്വന്തം പേരിൽക്കുറിച്ചാണു സന്തോഷ് ട്രോഫി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ള സതീവൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. സതീവൻ ബാലന്റെ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാംപ്യന്മാരാവുകയും പാക്കിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. യൂത്ത് ഡവലപ്മെന്റിൽ ഏറെ പ്രാവീണ്യമുള്ള പരിശീലകൻ കൂടിയാണ്. ക്യൂബയിൽ പരിശീലനത്തിൽ ഉപരിപഠനം നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയെ മൂന്നു വർഷം ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യന്മാരാക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപുരത്തുകാരനുണ്ട്. 2013ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം സഹപരിശീലകനായിരുന്നു. തിരുവനന്തപുരം മരപ്പാലം വിശ്വവിഹാറിലാണു താമസം. ഭാര്യ ഷീജ. മക്കൾ വിദ്യാർഥികളായ ശ്രുതിയും ലയയും. 

പിന്തുണയുമായി മുൻ നായകർ

ഈസ്റ്റർ ദിനത്തിൽ വീണ്ടുമൊരു സന്തോഷ് ട്രോഫി ഫൈനൽ. ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയുടെ ഓർമകളിൽ തൃശൂരിലെ ഈ നൂറ്റാണ്ടിലെ ആദ്യ സന്തോഷ് ട്രോഫി ഫൈനൽ ഓടിയെത്തും. സ്വന്തം നാട്ടുകാർക്കു മുന്നിൽ കപ്പുയർത്താനുള്ള ഭാഗ്യം ജോ പോളിനു നിഷേധിക്കപ്പെട്ടത് 2000ലെ ഈസ്റ്റർ ദിനത്തിലാണ്. തൃശൂരിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തി മഹാരാഷ്ട്ര കിരീടം സ്വന്തമാക്കി. 1993ൽ കേരളത്തിനായി ആദ്യ സന്തോഷ് ട്രോഫി കളിക്കാനിറങ്ങിയ വർഷവും ജോ പോളിനു സന്തോഷ് ട്രോഫി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. അന്ന് ഐ.എം.വിജയൻ ഉൾപ്പെടുന്ന ബംഗാൾ ടീമാണു കേരളത്തെ പരാജയപ്പെടുത്തിയത്. ബംഗാളിനുവേണ്ടി കളിച്ച് 1995ലും 1998ലും സന്തോഷ് ട്രോഫി കിരീടം ജോ പോൾ നേടിയിട്ടുണ്ട്.

ബംഗാളിനു വേണ്ടിയും കേരളത്തിനു വേണ്ടിയും സന്തോഷ് ട്രോഫി നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും ഇത് ഓർമകളുടെ ഫൈനൽ. കേരളം–ബംഗാൾ മത്സരം ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത പോരാട്ടമെന്നാണ് ഇരുവരും പറയുന്നത്. ഫുട്ബോൾ ആരാധനയിൽ കളിയെ സ്നേഹിക്കുന്നതു മലയാളികളാണെന്നും വിജയൻ പറയുന്നു. ബംഗാളുകാർ ക്ലബ്ബിനെ അന്ധമായി വിശ്വസിക്കുന്നവരാണ്. ഫൈനൽ എന്ന ടെൻഷൻ ഒന്നുമില്ലാതെ വേണം കളത്തിലിറങ്ങാൻ. കേരളത്തിന്റെ ടീം സജ്ജമാണ്. അപരാജിതരായി കപ്പുമായി അവർ തിരിച്ചെത്തുമെന്നുറപ്പ്– വിജയൻ പറയുന്നു. 

വിജയങ്ങളുടെ ചരിത്രം ബംഗാളിനൊപ്പം

ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികൾ വീണ്ടും ദേശീയ ഫുട്ബോൾ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ ചരിത്രം ബംഗാളിനൊപ്പം. 1989ൽ ഗുവാഹത്തിയിലും 1994ൽ കട്ടക്കിലുമാണ് ഇതിനു മുൻപു സന്തോഷ് ട്രോഫിയിൽ കേരളം–ബംഗാൾ ഫൈനൽ നടന്നത്. രണ്ടു ഫൈനലുകളിലും കേരളം പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളുടേയും വിധി നിർണയിച്ചതു ടൈ ബ്രേക്കറിലെന്നതും ശ്രദ്ധേയം. കേരളത്തിന്റെ സന്തോഷ് ട്രോഫി ഹാട്രിക് എന്ന സ്വപ്നത്തിനും തടയിട്ടതു ബംഗാളാണ്. 92, 93 വർഷത്തെ സന്തോഷ് ട്രോഫി സ്വന്തമാക്കി ഹാട്രിക് സ്വപ്നവുമായി കട്ടക്കിലെത്തിയ കേരളത്തിന്റെ കിരീട മോഹങ്ങൾ തകർത്തതു ബംഗാളാണ്.

നിലവിലെ ചാംപ്യന്മാരായ ബംഗാൾ 33–ാം കിരീടം ലക്ഷ്യമിടുമ്പോൾ കേരളം ആറാം കിരീടമാണു ഉന്നം വയ്ക്കുന്നത്. ആറാം കിരീടം നേടിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടീം എന്ന സ്ഥാനം കേരളത്തിന് ഒറ്റയ്ക്കു സ്വന്തമാക്കാം. നിലവിൽ ഗോവ, സർവീസസ് എന്നിവർക്കൊപ്പം അഞ്ചു കിരീടങ്ങളുമായി കേരളം മൂന്നാം സ്ഥാനം പങ്കിടുകയാണ്. 32 കിരീടങ്ങളുള്ള ബംഗാളിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എട്ടു കിരീടങ്ങളുള്ള പഞ്ചാബാണ്. 45–ാം ഫൈനലിനാണു ബംഗാൾ ബൂട്ട് കെട്ടുന്നത്. കേരളമാകട്ടെ 14–ാം ഫൈനലിനും. കഴിഞ്ഞ വർഷം ഗോവയെ തോൽപിച്ചാണു ബംഗാൾ കിരീടമുയർത്തിയത്. കേരമാകട്ടെ ഗോവയോടാണു സെമിഫൈനലിൽ തോറ്റത്. 2004ൽ ആണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ പഞ്ചാബിനെയാണു കേരളം തോൽപിച്ചത്. അവസാനമായി കേരളം ഫൈനൽ കളിച്ചതു 2013ലും. കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളം സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. 

∙ 'മികച്ച ടീമുകളോടു മത്സരിച്ച കരുത്തുമായാണു കേരളം ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. കളിക്കാരെല്ലാം ഫൈനലിനായി തയാറെടുത്തു കഴിഞ്ഞു. ആക്രമണ ശൈലിയിൽ തന്നെയാകും കളിക്കുക. മികച്ച പ്രകടനമാകും കേരളത്തിൽ നിന്നുണ്ടാവുക.' - സതീവൻ ബാലൻ (കേരള പരിശീലകൻ)

∙ 'ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും ഫൈനലും രണ്ടാണ്. നേരത്തെ കേരളത്തോടു തോറ്റെന്നത് ഇനി പ്രസക്തമല്ല. പുതിയ മത്സരം. കളിക്കാർ എല്ലാം സജ്ജം. മികച്ച ഫോമിലാണു ബംഗാൾ കളിക്കുന്നത്.' - രഞ്ജൻ ചൗധരി (ബംഗാൾ പരിശീലകൻ)

ഫൈനലിലേക്കുള്ള വഴി

കേരളം

ചണ്ഡിഗഡ് 5–0 

മണിപ്പുർ 6–0 

മഹാരാഷ്ട്ര 3–0 

ബംഗാൾ 1–0 

മിസോറം 1–0 (സെമിഫൈനൽ)

ബംഗാൾ

മണിപ്പുർ 3–0 

മഹാരാഷ്ട്ര 5–1 

ചണ്ഡിഗഡ് 1–0 

കേരളം 0–1 

കർണാടക 2–0 (സെമിഫൈനൽ)