ഇന്ത്യയെ 180 റൺസിന് തോൽപ്പിച്ച് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ജേതാക്കൾ

വിജയനിമിഷം: ഇന്ത്യയുടെ അവസാന വിക്കറ്റും വീണപ്പോൾ പാക്കിസ്ഥാൻ താരങ്ങളുടെ ആഹ്ലാദം.

ലണ്ടൻ∙ നിലവിലെ ചാംപ്യന്മാരിൽനിന്ന് ആധികാരിക ജയത്തോടെ കിരീടം പിടിച്ചെടുത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ യഥാർഥ ചാംപ്യന്മാരായി. കടലാസിലും കളത്തിലും കരുത്തരായിരുന്ന ഇന്ത്യയ്ക്കെതിരെ 180 റൺസ് വിജയം. കന്നി രാജ്യാന്ത ഏകദിന ടൂർണമെന്റ് കളിച്ചതിന്റെ അങ്കലാപ്പില്ലാതെ സെഞ്ചുറി നേടി പാക്കിസ്ഥാനു വിജയവഴിയൊരുക്കിയ ഓപ്പണർ ഫഖാർ സമാനാണു(114) മാൻ ഓഫ് ദ് മാച്ച്.

സ്കോർ: പാക്കിസ്ഥാൻ– 50 ഓവറിൽ 50 ഓവറിൽ നാലിന് 338; ഇന്ത്യ – 30.3 ഓവറിൽ 158ന് പുറത്ത്.

∙ കോഹ്‌ലിക്കു പിഴച്ചു

ചാംപ്യൻസ് ട്രോഫിയിൽ ഇന്നലെ ഇന്ത്യയുടെ ദിവസമല്ലായിരുന്നു. ഭാഗ്യം ടോസിന്റെ രൂപത്തിൽ കോഹ്‌ലിയുടെ കയ്യിലെത്തിയതാണ്. പക്ഷേ, പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയച്ച തീരുമാനത്തോടെ ഭാഗ്യം അവർക്കൊപ്പമായി. നാലാം ഓവറിൽ ഓപ്പണർ ഫഖാർ സമാനെതിരെ പന്തെറിഞ്ഞ ജസ്പ്രീസ് ബുംമ്രയ്ക്ക് ചുവടു പിഴച്ചു. ധോണി ക്യാച്ചെടുത്തെങ്കിലും നോബോൾ. പിന്നാലെ, ഫീൽഡിങ് –റൺഔട്ട് പിഴവുകൾ. ഇവയെല്ലാം മുതലെടുത്ത് ചാംപ്യൻസ് ട്രോഫി ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ നേടി പാക്കിസ്ഥാൻ ഇന്ത്യയ്ക്കു ഭാരിച്ച സമ്മർദ്ദം കൂടി നൽകി. അതിനെ അതിജീവിക്കാൻ കരുത്തില്ലാതെ, 19.3 ഓവറുകൾ ബാക്കി നിൽക്കെ ഇന്ത്യ തോൽവി സമ്മതിച്ചു.

∙ സമ്മർദ്ദം ജയിച്ചു

പാക്കിസ്ഥാൻ ഉയർന്ന സ്കോർ നേടിയതോടെ ഇന്ത്യൻ ബാറ്റിങ് നിര സമ്മർദ്ദത്തിലായിരുന്നു. മുൻനിരയിലെ മൂന്നു പ്രമുഖരെ പാക്ക് പേസർ മുഹമ്മദ് ആമിർ തുടക്കത്തിലേ പിഴുതെടുത്തു.സാധാരണ മികച്ച തുടക്കം നൽകാറുള്ള രോഹിത് ശർമ മൂന്നാമത്തെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പൂജ്യനായി മടങ്ങി. കോഹ്‌ലി (അഞ്ച്), ധവാൻ (21) എന്നിവർ കൂടി ആമിറിന്റെ പന്തിൽ വീണതോടെ ഇന്ത്യ തോൽവി സമ്മതിച്ച മട്ടിലായി. ഹാർദിക് പാണ്ഡ്യ (76) ഒറ്റയ്ക്കു പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും കൂട്ടിനാരുമുണ്ടായില്ല. മുന്നേറ്റനിരയുടെ വീഴ്ച ആവർത്തിച്ച മധ്യനിരയിൽ 20നു മുകളിൽ റൺസ് നേടിയതു യുവരാജ് മാത്രം. ധോണി (നാല്), കേദാർ ജാദവ് (ഒൻപത്), ജഡേജ (15), അശ്വിൻ (ഒന്ന്) എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റു സമ്മാനിച്ച്, ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെ തകർത്തടിച്ച ഇന്ത്യൻ ബാറ്റിങ് നിര കുനിഞ്ഞ ശിരസ്സുമായി പവലിയൻ കയറി.

∙ സമാൻ ഇന്നിങ്സ്

അതേസമയം, സീനിയർ ബാറ്റ്സ്മാൻ അസർ അലിക്കൊപ്പം ഇന്ത്യൻ ബോളർമാരെ കണക്കിന് ആക്രമിച്ചാണ് സമാൻ പാക്ക് ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. 106 പന്തിൽ 12 ഫോറും മൂന്നു കൂറ്റൻ സിക്സറുമടക്കം 114 റൺസ്. 92 പന്തിൽ ഇരുപത്തേഴുകാരൻ ഇടം കൈ ബാറ്റ്സ്മാൻ സെഞ്ചുറി കടന്നു. അസർ അലിക്കൊപ്പം ഒന്നാം വിക്കറ്റിൽ 128 റൺസ് കൂട്ടുകെട്ട്.

അസർ അലി (71 പന്തിൽ 58) ക്കു പിന്നാലെ എത്തിയ ബാബർ അസാമിനൊപ്പം (52 പന്തിൽ 46) സമാൻ കളിയുടെ ഗീയർ മാറ്റി. സ്കോറിങ് വേഗത്തിലാക്കി. ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ നേടിയത് 72 റൺസ്. പാണ്ഡ്യയുടെ പന്തിൽ ജ‍‍ഡേജയുടെ ക്യാച്ചിൽ സമാൻ പുറത്താകുമ്പോഴേയ്ക്കും പാക്കിസ്ഥാൻ സ്കോർ 200ൽ എത്തി. അവസാന ഓവറുകളിൽ മുഹമ്മദ് ഫഹീസും (37 പന്തിൽ 57 നോട്ടൗട്ട് ) ഇമാദ് വസീമും (21 പന്തിൽ 25 നോട്ടൗട്ട്) വെടിക്കെട്ടിനു മുതിർന്നതോടെ പാക്ക് സ്കോർ 334ൽ എത്തി.

∙ ബോളിങ് ഫലിച്ചില്ല

പിച്ച് മനസ്സിലാക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു പിഴച്ചു എന്നതിന്റെ സൂചനയായിരുന്നു ടോസ് കിട്ടിയിട്ടും പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയച്ചതിലൂടെ വ്യക്തമായത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയ്ക്ക് ഉയർന്ന സ്കോർ നേടാൻ പറ്റുന്ന പിച്ചായിരുന്നു ഇത്. പക്ഷേ, കോഹ്‌ലി ബോളർമാരിൽ അർപ്പിച്ച വിശ്വാസം കളത്തിൽ പാലിക്കപ്പെട്ടില്ല. ബോളർമാരെ മാറ്റിപ്പരീക്ഷിച്ചും ഫീൽഡിങ് മാറ്റിയുമെല്ലാം ബ്രേക്ക് ത്രൂ കൊണ്ടുവരാൻ കോഹ്‌ലി ശ്രമിച്ചുകൊണ്ടിരുന്നു. നൂറുശതമാനം ബാറ്റിങ്ങിനു പറ്റിയ പിച്ചിൽ ഇന്ത്യൻ ബോളർമാർ ചെയ്തതെല്ലാം പാഴ്‌വേലയാകുന്ന കാഴ്ച. പാക്ക് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയതിനൊപ്പം ഇന്ത്യൻ ബോളർമാരുടെ സംഭാവനായി 13 വൈഡുകളും മൂന്നു നോബോളുകളും വേറെ.

∙ സ്പിൻ പരാജയം

സ്പിന്നർമാരായ അശ്വിനും (10 ഓവറിൽ വിക്കറ്റ് നേടാതെ 70) ജ‍ഡേജയും (എട്ട് ഓവറിൽ വിക്കറ്റ് നേടാതെ 67) ടേൺ കിട്ടാതെ വലഞ്ഞു. ഇരുവരുടെയും പന്തുകൾ അനായാസമാണു പാക്ക് ബാറ്റ്സ്മാന്മാർ നേരിട്ടത്. സമാനും അസറും ചേർന്ന് ഗ്രൗണ്ടിന്റെ എല്ലാഭാഗത്തേക്കും സ്പിന്നർമാരുടെ പന്തുകൾ പറത്തിക്കൊണ്ടിരുന്നു. രണ്ടാം പവർപ്ലേ പൂർണമായും ഉപയോഗപ്പെടുത്താനും പാക്കിസ്ഥാനായി. അവർ നേടിയ 191 റൺസിൽ ഭൂരിഭാഗവും സ്പിന്നർമാരുടെ പന്തുകളിൽനിന്നായിരുന്നു. ജഡേജയുടെ പന്തുകൾ സ്കോറുയർത്താൻ പാക്ക് നിരയ്ക്കു സഹായകമാവുകയും ചെയ്തു. പേസിൽ കാര്യമായ വ്യത്യാസം വരുത്താതെ ഫ്ലാറ്റ് പന്തുകളെറിഞ്ഞ ജഡേജയെ അനായാസമാണു പാക്ക് ബാറ്റിങ് നിര തൂക്കിവിട്ടത്.

∙ സ്കോർബോർഡ്

∙ പാക്കിസ്ഥാൻ: അസർ അലി റൺഔട്ട് –59, ഫഖാർ സമാൻ സി ജഡേജ ബി പാണ്ഡ്യ –114, ബാബർ അസാം സി യുവരാജ് ബി ജാദവ് – 46, ശുഐബ് മാലിക് സി ജാദവ് ബി കുമാർ –12, മുഹമ്മദ് ഹഫീസ് നോട്ടൗട്ട് –57, ഇമാദ് വസീം നോട്ടൗട്ട് –25. എക്സ്ട്രാസ് – 25.

ആകെ – 50 ഓവറിൽ നാലിന് 338.

വിക്കറ്റു വീഴ്ച: 1-128, 2-200, 3-247, 4-267.

ബോളിങ്: ഭുവനേശ്വർ കുമാർ: 10-2-44-1, ബുംമ്ര: 9-0-68-0, അശ്വിൻ: 10-0-70-0, ഹാർദിക് പാണ്ഡ്യ: 10-0-53-1, ജഡേജ: 8-0-67-0, ജാദവ്: 3-0-27-1.

∙ ഇന്ത്യ: രോഹിത് ശർമ എൽബിഡബ്ല്യു മുഹമ്മദ് ആമിർ – പൂജ്യം, ധവാൻ സി സർഫ്രാസ് അഹമ്മദ് ബി മുഹമ്മദ് ആമിർ –21, കോഹ്‌ലി സി ഷദാബ് ഖാൻ ബി മുഹമ്മദ് ആമിർ– അ‍ഞ്ച്, യുവരാജ് എൽബിഡബ്ല്യു ഷദാബ് ഖാൻ – 22, ധോണി സി ഇമാദ് വസീം ബി ഹസൻ അലി – നാല്, കേദാർ ജാദവ് സി സർഫ്രാസ് അഹമ്മദ് ബി ഷദാബ് ഖാൻ – ഒൻപത്, പാണ്ഡ്യ റൺഔട്ട് (ഹഫീസ്–ഹസൻ അലി) –76, ജ‍ഡേജ സി ബാബർ ബി ജുനൈദ് ഖാൻ –15, അശ്വിൻ സി സർഫ്രാസ് അഹമ്മദ് ബി ഹസൻ അലി – ഒന്ന്, ഭുവനേശ്വർ കുമാർ നോട്ടൗട്ട് – ഒന്ന്, ബുംമ്ര സി സർഫ്രാസ് അഹമ്മദ് ബി ഹസൻ അലി – ഒന്ന്.

എക്സ്ട്രാസ് – മൂന്ന്, ആകെ 30.3 ഓവറിൽ 158ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-0 , 2-6 , 3-33, 4-54, 5-54, 6-72, 7-152 , 8-156, 9-156, 10-158

ബോളിങ്: മുഹമ്മദ് ആമിർ: 6 –2 –16 –3, ജുനൈദ് ഖാൻ: 6 –1 –20 –1, മുഹമ്മദ് ഹഫീസ്: 1– 0 –13 –0, ഹസൻ അലി: 6.3 –1 –19 –3, ഷദാബ് ഖാൻ: 7 –0 –60 –2, ഇമാദ് വസീം: 0.3– 0– 3 –0, ഫഖാർ സമാൻ: 3.3– 0 –25– 0