Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരവ്, പാക്ക് ശീലം

sp-1992

ആദ്യമായല്ല പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അപ്രതീക്ഷിത പ്രകടനം നടത്തുന്നത്. റാങ്കിങ്ങിലും ഫോമിലും തീരെ പിന്നിലാണെങ്കിലും മിന്നും കളിയിൽ അവർ കുതിച്ചു പായുന്നു. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു സമാനമായ ചില തിരിച്ചുവരവുകൾ...

∙ 1992 ലോകകപ്പ്

1992ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന അഞ്ചാമത് ലോകകപ്പിൽ പാക്ക് ടീമിനെ ആരും കാര്യമായി ഗൗനിച്ചില്ല. ടീമിൽ പടലപ്പിണക്കവും ഗ്രൂപ്പിസവും. നായകൻ ഇമ്രാൻ ഖാൻ കടുത്ത തോൾ വേദനയുടെ പിടിയിൽ. രണ്ടു മൽസരങ്ങളിൽ മിയാൻദാദ് ടീമിനെ നയിച്ചു. ഇന്ത്യയോടടക്കം പ്രാഥമിക റൗണ്ടിലെ മൂന്നു മൽസരങ്ങളിൽ തോൽവി. ഇംഗ്ലണ്ടുമായുള്ള മൽസരം മഴ മുടക്കി. ഇതോടെ ടീം സെമിപോലും കാണാതെ പുറത്താകുമെന്ന് ഉറപ്പായി. എന്നാൽ ഇമ്രാന്റെ മികച്ച നായകത്വവും ഓൾ റൗണ്ട് പ്രകടനവും ടീമിനെ ഫൈനലിലേക്കും തുടർന്ന് കിരീടത്തിലേക്കും എത്തിച്ചു. കിരീടനേട്ടത്തോടെ ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്ന അപൂർവനേട്ടവും കുറിക്കാൻ ഇമ്രാനായി. ക്രിക്കറ്റ് ലോകകപ്പ് ഏറ്റുവാങ്ങിയ ഏറ്റവും പ്രായംകൂടിയ ക്യാപ്‌റ്റൻ എന്ന ബഹുമതി ഇന്നും ഇമ്രാന്റെ പേരിലാണ്.

sp-2009

∙ ട്വന്റി 20 ലോകകപ്പ്

നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കായിരുന്നു 2009 ട്വന്റി 20 ലോകകപ്പിൽ സാധ്യത കൽപ്പിക്കപ്പെട്ടത്. യൂനിസ് ഖാൻ നയിച്ച പാക്കിസ്ഥാൻ അന്ന് അത്ര ശക്തമല്ല. ലോകകപ്പിന്റെ ആദ്യ പാദങ്ങളിൽ ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങി നിന്ന പാക്ക് പട സടകുടഞ്ഞെഴുന്നേറ്റത് പെട്ടെന്നാണ്. ന്യൂസിലൻഡിനെയും അയർലൻഡിനെയും പരാജയപ്പെടുത്തി സെമിയും ഫൈനലും കടന്ന കപ്പുയർത്തി ചരിത്രം കുറിച്ചു.

∙സഹാറ കപ്പ്

1998. ഇന്ത്യ–പാക്ക് വൈരം പരമകോടിയിൽ. ഇരു രാജ്യങ്ങളും സഹാറ കപ്പ് ഏകദിന പരമ്പരയ്ക്ക് കാനഡയിലെ ടൊറന്റോയിൽ. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ആദ്യ മൽസരത്തിൽ ആറു വിക്കറ്റിന് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. തുടർന്നു നടന്ന നാലു മൽസരങ്ങളിലും ഇന്ത്യയെ നിഷ്പ്രഭരാക്കി പാക്കിസ്ഥാൻ 4–1ന് പരമ്പര തൂത്തുവാരി പകരംവീട്ടി.

sp-2005-2col

∙ ഇന്ത്യൻ പര്യടനം

2004–05ലെ ഇന്ത്യ–പാക്ക് ഏകദിന പരമ്പരയിലെ ആദ്യ മൽസരം കൊച്ചിയിൽ. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടാം ഏകദിനത്തിൽ ഇന്ത്യ വിശാഖപട്ടണത്തും വിജയം ആവർത്തിച്ചു. എന്നാൽ അടുത്ത നാലു മൽസരങ്ങളും ജയംനേടി പാക്കിസ്ഥാൻ 4–2ന് പരമ്പര സ്വന്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ ബോളിങ് പൂർത്തിയാക്കാത്തതിനെത്തുടർന്ന് നായകൻ ഗാംഗുലിയെ ഐസിസി വിലക്കിയത് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി. തുടർന്ന് അവസാന രണ്ടു മൽസരങ്ങളും രാഹുൽ ദ്രാവിഡാണ് ഇന്ത്യയെ നയിച്ചത്. എന്നാൽ ദ്രാവിഡിനും ഇന്ത്യയെ രക്ഷിക്കാനായില്ല.