Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാ‍ർ വേണ്ടെന്നു വച്ച് ജർമനിക്ക് റഫറി വക ‘സഹായം’; വിവാദം പുകയുന്നു

Marcus-Berg-Fouled സ്വീഡൻ താരം മാർക്കസ് ബെർഗ് ജർമൻ ബോക്സിൽ വീഴുന്നു. ജർമൻ ഡിഫൻഡർ ജെറോം ബോട്ടെങ്ങിന്റെ ഫൗളിന് റഫറി പെനൽറ്റി അനുവദിക്കാത്തതും വിഎആർ പരിശോധന നടത്താത്തതും വിവാദമായി.

ഗ്രൂപ്പ് എഫിലെ ജർമനി–സ്വീഡൻ മൽസരത്തിനിടെ, ജർമൻ ബോക്സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ സ്വീഡൻ സ്ട്രൈക്കർ മാർക്കസ് ബെർഗിനെ ഡിഫൻഡർ ജെറോം ബോട്ടെങ് പിന്നിൽനിന്നു വീഴ്ത്തിയ സംഭവം വിവാദമായി. 12–ാം മിനിറ്റിൽ ബോക്സിനുള്ളിൽ ജർമൻ ഗോളി മാത്രം മുന്നിലുള്ളപ്പോൾ നടന്ന സംഭവത്തിനു റഫറി ഫൗൾ വിസിൽ മുഴക്കിയില്ല. ഗോളവസരം നഷ്ടമായതിനെത്തുടർന്ന് സ്വീഡൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയാക് വിഡിയോ (വിഎആർ) പരിശോധനയ്ക്കു തയാറായില്ല.

സ്വീഡ‍ൻ പകുതിയിൽനിന്ന് മിന്നൽ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കിനൊടുവിലായിരുന്നു സംഭവം. റഫറി ഏറെ പിന്നിലായിരുന്നു. ലൈൻസ്മാനു കാണാൻ പറ്റുന്ന കാഴ്ചക്കോണിലുമായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ വിഎആർ പരിശോധനയ്ക്കു റഫറിക്കു തുനിയാമെങ്കിലും അതിനും മാർസിനിയാക് തയാറായില്ല. കളിക്കിടെ പിന്നെയും സ്വീഡൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തിൽ റഫറിയുടെ തീരുമാനമാണ് അന്തിമം. 

ജർമനി– സ്വീഡൻ മല്‍സരം വിഡിയോ സ്റ്റോറി കാണാം

ഫൗൾ ഗുരുതരം

ഗുരുതര ഫൗളായിരുന്നു അത്. ഗോൾ സാധ്യതയുള്ള നീക്കത്തിനിടെ ബോക്സിൽ ഫൗളുണ്ടായാൽ പെനൽറ്റിയും ഫൗൾ ചെയ്യുന്നയാൾക്ക് മഞ്ഞക്കാർഡും എന്നതാണു ഫിഫ നിയമം. എന്നാൽ, റഫറിക്കു നേരിട്ടു കാണാൻ പറ്റുന്ന അകലത്തിലും ആംഗിളിലുമായിരുന്നില്ല, സെക്കൻഡറിന്റെ ചെറിയൊരംശത്തിൽ നടന്ന ഫൗൾ. അതിനാൽ  വിഎആർ സഹായം തേടാമായിരുന്നു. റഫറി അതിനു തയാറാകാത്തതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം കോസ്റ്റ റിക്കയ്ക്കെതിരെ ബ്രസീലിന് അനുവദിച്ച പെനൽറ്റി റഫറി വിഎആർ നോക്കിയ ശേഷം റദ്ദാക്കിയിരുന്നു. 

എം. ബി. സന്തോഷ്കുമാർ (രാജ്യാന്തര റഫറി)