Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനാണ് ശ്രമം; അതിനുശേഷം കളി മതിയാക്കും: യുവരാജ്

Yuvaraj Singh and Dhoni

മൊണോക്കോ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ അടുത്ത ഏകദിന ലോകകപ്പിനുശേഷമെന്ന് ഇന്ത്യൻ താരം യുവ്‌‍രാജ് സിങ്. ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. ഈ സീസണിലെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുകയാണ് അതിനുള്ള ഏകവഴിയെന്നും യുവരാജ് പറഞ്ഞു. 2017 ജൂണിലാണ് പഞ്ചാബ് താരം അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ മികവുകാട്ടാനാകാത്തതാണ് ഏഴു വർഷം നീണ്ട കരിയറിലെ ഏറ്റവും വലിയ നിരാശ. മികച്ച ഫോമിൽ നിൽക്കുമ്പോൾ പലപ്പോഴും ഇന്ത്യൻ ടീമിൽ ഇടംകിട്ടിയില്ല. കാരണം ഇന്ത്യൻ ടെസ്റ്റ് ടീമിൽ എപ്പോഴും പ്രതിഭകളുടെ കൂട്ടയിടിയായിരുന്നു. അവസരം കിട്ടിയപ്പോഴാകട്ടെ കാൻസറിന്റെ പിടിയിലുമായി– മുപ്പത്താറുകാരനായ യുവി പറഞ്ഞു.

ഇക്കാര്യത്തിൽ കടുത്ത നിരാശയുണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെന്ന ആശ്വാസവുമുണ്ട്. ഇനിയുള്ള കാലത്ത് പരമാവധി പ്രകടനം പുറത്തെടുക്കുന്നതിൽ മാത്രമായിരിക്കും ശ്രദ്ധയെന്നും യുവി വ്യക്തമാക്കി.

ഇക്കുറി ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവരാജ് വ്യക്തമാക്കി. 2019 വരെ രാജ്യാന്തര ക്രിക്കറ്റിൽ തുടരാൻ എനിക്കുള്ള അവസാന അവസരമാണ് ഈ സീസൺ. എന്തൊക്കെ സംഭവിച്ചാലും 2019 വരെ ക്രിക്കറ്റ് കളത്തിൽ ഞാനുണ്ടാകും. ബാക്കി അതിനുശേഷം ആലോചിക്കും – യുവി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും യുവി മറന്നില്ല. ടെസ്റ്റ് പരമ്പര 2–1ന് കൈവിട്ടശേഷം ഏകദിന, ട്വന്റി20 പരമ്പരകളിൽ കോഹ്‍ലിയും സംഘവും പുറത്തെടുത്ത പ്രകടനം ഉജ്വലമായിരുന്നു. ടെസ്റ്റ് പരമ്പര പോലും കുറച്ചുകൂടി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ ഇന്ത്യയുടെ കയ്യിലിരുന്നേനെ. ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വിജയം സമാനതകളില്ലാത്തതായിരുന്നു. തകർപ്പൻ പ്രകടനവുമായി കോഹ്‍ലി തന്നെ മുന്നിൽനിന്നു നയിക്കുന്നതും പരമ്പരയിൽ കണ്ടു – യുവി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനും എടുത്തു പറയേണ്ടതാണെന്ന് യുവി പറഞ്ഞു. യുസ്‌വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ഇരുവരുടെയും പന്തുകൾ ദക്ഷിണാഫ്രിക്കൻ താരങ്ങളെ അക്ഷരാർഥത്തിൽ ബുദ്ധിമുട്ടിലാക്കി. ട്വന്റി20 പരമ്പരയിലും ഈ മികവു തുടരാൻ ടീമിനായി. വിദേശത്തു മൂന്നു പരമ്പരകൾ കളിച്ച് അതിൽ രണ്ടിലും വിജയിച്ചത് ഇന്ത്യൻ ടീമിന്റെ ആധിപത്യമാണ് കാട്ടുന്നതെന്നും യുവി പറഞ്ഞു.

വരുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ കളിക്കാർ കൂടുതൽ സ്ഥിരതയോടെ കളിക്കണമെന്നും യുവി പറഞ്ഞു. സ്ഥിരത പുലർത്താനായാൽ ഇരു രാജ്യങ്ങളെയും ഇന്ത്യയ്ക്ക് അനായാസം കീഴടക്കാം. ഈ ടീം നിലവിൽ ലോകം തന്നെ കീഴടക്കാൻ സജ്ജമാണെന്നും യുവരാജ് അഭിപ്രായപ്പെട്ടു.

പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ തുടങ്ങിയ അണ്ടർ 19 ടീം താരങ്ങളെ അധികം വൈകാതെ ദേശീയ ടീം ജഴ്സിയിൽ കാണാമെന്നും യുവരാജ് വിശ്വാസം പ്രകടിപ്പിച്ചു. ഇക്കുറി ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇവരെ ദേശീയ ജഴ്സിയിൽ കാണുന്ന ദിനങ്ങൾ വിദൂരമാകില്ല. ഐപിഎല്ലിൽ ഏറ്റവും ആസ്വദിച്ചു കളിക്കാൻ ഇവർക്കാകട്ടെയെന്നും യുവരാജ് ആശംസിച്ചു.

related stories