ഗെയ്‌ലിനു സെഞ്ചുറി; പഞ്ചാബിനു 15 റൺസ് ജയം

സെഞ്ചുറി തികച്ചപ്പോൾ ഗെയ്‍ലിന്റെ ആഹ്ലാദം

മൊഹാലി ∙ ട്വന്റി20 ക്രിക്കറ്റിലെ രാജാവ് താൻതന്നെയെന്ന് വെസ്റ്റ് ഇൻഡീസുകാരൻ ക്രിസ് ഗെയ്‍ൽ വീണ്ടും തെളിയിച്ചു. ആറാം ഐപിഎൽ സെഞ്ചുറിയുമായി ഗെയ്‍ൽ ഉഗ്രരൂപം പൂണ്ട മൽസരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിനു 15 റൺസ് ജയം. സ്കോർ: പഞ്ചാബ്– 20 ഓവറിൽ മൂന്നിന് 193. ഹൈദരാബാദ്– 20 ഓവറിൽ നാലിന് 178. ഗെയ്‌ലിന്റെ സെഞ്ചുറിക്ക് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും (54) മനീഷ് പാണ്ഡെയുടെയും (57*) അർധ സെഞ്ചുറികളിലൂടെ തിരിച്ചടി നൽകിയെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ആദ്യം ബാറ്റുചെയ്ത പഞ്ചാബിനു വേണ്ടി വെറും 63 പന്തുകളിൽ 11 സിക്സറും ഒരു ഫോറും സഹിതമായിരുന്നു ഗെയ്‍ലിന്റെ വെടിക്കെട്ട് (104*). ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ സെഞ്ചുറിയാണിത്.

ടോസ് നേടിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിൻ ബാറ്റിങ് തിരഞ്ഞെടുത്തു. 15 മൽസരങ്ങൾ പിന്നിട്ട സീസണിൽ‌ ഇതാദ്യമായാണു ടോസ് നേടിയ ടീം ആദ്യം ബാറ്റിങ്ങിനിറങ്ങുന്നത്. മൂന്നോവർ പിന്നിട്ടപ്പോഴേക്കും ഗെയ്‍ലിന്റെ ക്ഷമകെട്ടു. ക്രിസ് ജോർജാൻ എറിഞ്ഞ നാലാം ഓവറിൽ 12 റൺസ്. അഞ്ചാം ഓവറിൽ പന്തെറിയാനെത്തിയ റാഷിദ് ഖാനെയും രണ്ടു സിക്സറുകളിൽ വരവേറ്റു. ട്വന്റി20യിൽ മികച്ച റെക്കോർഡുള്ള അഫ്ഗാൻ താരം റാഷിദ് ഇന്നലെ നാലോവറിൽ വഴങ്ങിയത് 55 റൺസ്. റാഷിദ് എറിഞ്ഞ 14–ാം ഓവറിൽ നാലു സിക്സറുകളടക്കം 27 റൺസാണു ഗെയ്‌‍ൽ അടിച്ചുകൂട്ടിയത്. നാലോവറിൽ 25 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാർ മാത്രമാണു ഗെയ്‍ലിന്റെ ബാറ്റിന്റെ ചൂടറിയാതെ രക്ഷപ്പെട്ട ഏക ഹൈദരാബാദ് ബോളർ. മൂന്നാംവിക്കറ്റിൽ മലയാളി താരം കരുൺ നായരുമൊത്ത് (31) ഗെയ്‍ൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മറുപടി ബാറ്റിങിൽ ഹൈദരാബാദിന്റേത് പരിതാപകരമായ തുടക്കം. ഒരു പന്ത് നേരിട്ടപ്പോഴേക്കും ശിഖർ ധവാൻ റിട്ടയേഡ് ഹർട്ടായി മടങ്ങി. ബരീന്ദർ സ്രാനിന്റെ പന്ത് ഇടതു കൈമുട്ടിനു കൊണ്ടാണ് സ്രാനിനു പരുക്കേറ്റത്. പിന്നാലെ വൃദ്ധിമാൻ സാഹയും (ആറ്) യൂസഫ് പഠാനും (19) അഞ്ച് ഓവറായപ്പോഴേക്കും പവിലിയനിൽ മടങ്ങിയെത്തി. വില്യംസണും മനീഷ് പാണ്ഡെയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ നൂറു കടത്തിയത്. 12 പന്തിൽ 24 റൺസുമായി ഷാക്കിബുൽ ഹസൻ അവസാനം പാണ്ഡെയ്ക്കു കൂട്ടായെങ്കിലും ഹൈദരാബാദ് സീസണിലെ ആദ്യ തോൽവി വഴങ്ങി.