പഞ്ചാബിനെതിരെ ഹൈദരാബാദിന് 13 റൺസ് ജയം

അൻകിതിനെ ക്യാപ്റ്റൻ അശ്വിൻ താരങ്ങൾ അഭിനന്ദിക്കുന്നു

ഹൈദരാബാദ് ∙ അങ്കിത് രാജ്പുതിന്റെ ആവേശത്തിന് പിന്തുണ നൽകാൻ പഞ്ചാബ് ബാറ്റ്സ്മാൻമാർക്കായില്ല. വെറും 14 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത അങ്കിതിന്റെ മാസ്മരിക ബോളിങ്ങിൽ സൺറേസേഴ്സ് ഹൈദരാബാദിനെ പിടിച്ചിട്ടെങ്കിലും പഞ്ചാബിന് 13 റൺസ് തോൽവി. ഹൈദരാബാദ് കുറിച്ച 132 റൺസിനു മുന്നിൽ പഞ്ചാബ് 19.2 ഓവറിൽ 119 റൺസിനു പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തിയ ബേസിൽ തമ്പി, ഷാക്കിബ് അൽ ഹസൻ, സന്ദീപ് ശർമ എന്നിവരുമാണ് പഞ്ചാബിനെ വീഴ്ത്തിയത്. 

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രവിചന്ദ്ര അശ്വിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്നിങ്സിലുടനീളം പഞ്ചാബ് ബോളർമാരുടെ പ്രകടനം. 

നാലാമത്തെ പന്തിൽ ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണെ (പൂജ്യം) പുറത്താക്കിയാണ് അങ്കിത് തുടങ്ങിയത്. അടുത്ത വരവിൽ ശിഖർ ധവാനെ (11) മടക്കി വീണ്ടും ആഞ്ഞടിച്ചു. അഞ്ചാം ഓവറിൽ വൃദ്ധിമാൻ സാഹയെയും(6) അങ്കിത് തന്നെ വീഴ്ത്തിയതോടെ ഹൈദരാബാദ് മൂന്നു വിക്കറ്റിന് 27 എന്ന അപകട നിലയിലായി.

മുന്നേറ്റ നിരയിലെ തകർച്ചയ്ക്കു പരിഹാരം കാണാൻ മനീഷ് പാണ്ഡെ ക്രീസിൽ ക്ഷമയോടെ നിലയുറപ്പിച്ചെങ്കിലും റൺറേറ്റിൽ പിന്നാക്കം പോയി. 51 പന്തിൽ 54 റൺസ് നേടിയ പാണ്ഡെ ആദ്യം ഷക്കീബ് അൽ ഹസനൊപ്പവും (28) പിന്നീട് യൂസഫ് പഠാനൊപ്പവും (21) സൃഷ്ടിച്ച കൂട്ടുകെട്ടുകളാണ് ഹൈദരാബാദ് സ്കോർ നൂറുകടത്തിയത്.

കെ.എൽ രാഹുലും (32) ക്രിസ് ഗെയ്‌ലും (23) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരു പുറത്തായതോടെ പഞ്ചാബ് ചീട്ടുകൊട്ടാരം പോലെ തകർന്നു.

ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 55 എന്ന നിലയിൽ നിന്ന് അവർക്ക് നൂറു കടന്നപ്പോഴേക്കും നഷ്ടമായത് എട്ടു വിക്കറ്റുകൾ! മായങ്ക് അഗർവാളും (12) കരുൺ നായരും (13) അവസാന ബാറ്റ്സ്മാൻ മുജീബുർ റഹ്മാനും (10*) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.