പഞ്ചാബിനെ 15 റൺസിന് തോൽപിച്ചു; പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്ത് രാജസ്ഥാൻ

അർധ സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ ജോസ് ബട്‌ലർ

ജെയ്പുർ∙ ഭാഗ്യവേദി ഒരിക്കല്‍ക്കൂടി രാജസ്ഥാനെ തുണച്ചു. ജെയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 15 റണ്‍സിനു പരാജയപ്പെടുത്തി രാജസ്ഥാന്‍ പ്ലേ– ഓഫ് സാധ്യത കെടാതെ കാത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങില്‍ പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനേ സാധിച്ചുള്ളു. 95 റണ്‍സോടെ പുറത്താകാതെനിന്ന ഓപ്പണര്‍ കെ.എല്‍.രാഹുലിന്റെ ഇന്നിങ്സിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. 

ഇനിയുള്ള എല്ലാ മൽസരങ്ങളും മികച്ച റൺ നിരക്കിൽ ജയിച്ചാൽ മാത്രമേ പ്ലേ–ഓഫ് യോഗ്യതയ്ക്കു സാധ്യതയുള്ളു എന്നതിനാൽ തുടക്കം മുതൽ അടിച്ചു തകർക്കാൻ തന്നെയാണ് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ ഇറങ്ങിയത്. രണ്ടാം ഓവറിൽ അക്സർ പട്ടേലിനെ തുടരെയുള്ള പന്തുകളിൽ സിക്സും ഫോറുമടിച്ച് ജോസ് ബട്‌ലർ തുടർച്ചയായ മൂന്നാം കളിയിലും മിന്നുന്ന ഫോം പ്രകടമാക്കിയതോടെ രാജസ്ഥാൻ സ്കോർബോർഡിൽ തുടക്കത്തിലേ റണ്ണൊഴുക്കു തുടങ്ങി. നാലാം ഓവറിൽ ആന്ദ്രെ ടൈ രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചു. ടൈയുടെ പന്തിന്റെ വേഗക്കുറവു മനസ്സിലാക്കാതെ രഹാനെ ഉയർത്തിയടിച്ച പന്ത് നേരെ എക്സ്ട്ര കവറിൽ നിലയുറപ്പിച്ച അക്ഷ്ദീപ് നാഥിന്റെ കൈകളിൽ (37–1).

മൂന്നാം വിക്കറ്റിൽ ബട്‌ലർക്കൊപ്പം 53 റൺസ് ചേർത്ത ശേഷമാണ് സഞ്ജു (22) മടങ്ങിയത്. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്തുന്നതിൽ വീണ്ടും പരാജയപ്പെട്ടതോടെ രാജസ്ഥാന്റെ ഇന്നിങ്സ് 158ൽ അവസാനിച്ചു. പഞ്ചാബിനായി ടൈ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുജീബ് രണ്ടു വിക്കറ്റെടുത്തു.

രാജസ്ഥാന്‍ സ്കോറായ 157 പിന്തുടര്‍ന്ന പഞ്ചാബിനെ ചിട്ടയായ ബോളിങിലൂടെയാണ് രാജസ്ഥാന്‍ വീഴ്ത്തിയത്. ഒരറ്റത്ത് കെ.എല്‍. രാഹുല്‍ നിലയുറപ്പിച്ചെങ്കിലും ഏഴാമതിറങ്ങിയ സ്‌റ്റോയ്നിസ് മാത്രമാണ് പിന്നീടു രണ്ടക്കം കണ്ടത്.