Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസിബിക്ക് ഇതെന്തു പറ്റി? കോഹ്‌ലിയുടെ ദുഃഖം, വീരുവിന്റെ സ്വപ്നം

Gayle ക്രിസ് ഗെയ്ൽ

ക്രിസ് ഗെയ്ൽ.. രണ്ടാം വട്ടവും ആ പേര് ലേലമേശയിലെത്തി. അപ്പോഴും ആർക്കും വേണ്ട. മൂന്നാം വിളി വിളിച്ച് കൊട്ടയിലിടാനിരുന്നതാണ്. പെട്ടെന്നാണു സെവാഗിന്റെ കൈ പൊങ്ങിയത്.രണ്ടു കോടി, എടുക്ക് ഗെയിലിനെ! 195 റൺസിൽ നിൽക്കുമ്പോൾ സിക്സറിനു ശ്രമിക്കുന്ന പോലത്തെ വീരുവിന്റെ മറ്റൊരു സാഹസമായിരുന്നു അത്. പഞ്ചാബ് കിങ്സ് അത്യാവശ്യം മികച്ച കളിക്കാരെ എടുത്തു കഴിഞ്ഞതിനാലും രണ്ടു കോടിയിലധികം പഴ്സിൽ ബാക്കിയുണ്ടായിരുന്നതിനാലും കൂടെയുള്ളവരാരും സെവാഗിനെ തടുത്തില്ല. 

അങ്ങനെ എടുക്കാച്ചരക്കായ ‘യൂണിവേഴ്സൽ ബോസ്’ പഞ്ചാബിലെത്തി. അപ്പോഴും വീരുവിനു തോന്നിയിരുന്നു താനൊരു റിസ്കാണ് എടുത്തതെന്ന്. അടുത്ത ദിവസത്തെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു‘ഞങ്ങൾ ചില വാങ്ങലുകളൊക്കെ നടത്തിയിട്ടുണ്ട്. ഒരു രണ്ടു കളി അവരു ജയിപ്പിച്ചാൽ കാശു മുതലാകും’. ഗെയിൽ ആദ്യ കളിയിൽ ഫിഫ്റ്റി. രണ്ടാം കളിയിൽ 58 പന്തിൽ സെഞ്ചുറി. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞതിതാണ് ‘ഞാൻ വീരുവിനെ രക്ഷിച്ചു’. പഞ്ചാബിൽ ചിരിയുടെ പടക്കങ്ങൾ പൊട്ടിത്തുടങ്ങിയിട്ടേയുള്ളൂ.

കാര്യങ്ങളുടെ മറുപുറമാണ് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ ക്യാംപിൽ. ആർസിബി ടീമിൽനിന്ന് ഒഴിവാക്കിയ താരങ്ങളെല്ലാം അപാര ഫോമിലാണ്. നിലനിർത്തിയവരുടെ കാര്യം പറയാനുമില്ല. ഗെയ്‌ൽ സൺറൈസേഴ്സിനെതിരെ സെഞ്ചുറി നേടിയതിന്റെ പിറ്റേ ദിവസമാണ് ആർസിബിയുടെ മറ്റൊരു താരമായിരുന്ന ഷെയ്‌ൻ വാട്സൻ ചെന്നൈയ്ക്കായി സെഞ്ചുറി കുറിച്ചത്. അതും ഗെയിലിനെക്കാൾ വേഗത്തിൽ. ഇരുവരെയും നിലനിർത്താൻ യാതൊരു താൽപര്യവും ആർസിബി കാണിച്ചില്ല. അടുത്ത മണ്ടത്തരമാണ് ലോകേഷ് രാഹുൽ. 2016ൽ ടീമിനായി മികച്ച പ്രകടനം നടത്തിയ രാഹുൽ കഴിഞ്ഞ സീസണിൽ പരുക്കുകാരണം ഐപിഎല്ലിനില്ലായിരുന്നു. 

Virat-Kohli ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‍ലി

സമീപകാല ഫോം പരിഗണിച്ച് രാഹുലിനെയും ടീം തഴഞ്ഞു. എന്നാൽ പഞ്ചാബിന്റെ ജഴ്സിയിൽ എത്തിയതു മുതൽ രാഹുൽ അപാര ഫോമിലാണ്. ആദ്യ മൽസരത്തിൽ തന്നെ ഐപിഎല്ലിലെ വേഗമേറിയ അർധ സെഞ്ചുറിയും കുറിച്ചു. തീർന്നില്ല. സൺറൈസേഴ്സിന്റെ ഉയരക്കാരൻ ബില്ലി സ്റ്റാൻലേക്ക് ഇല്ലേ... കഴിഞ്ഞ വർഷം അദ്ദേഹത്തിന് ആർസിബി ജഴ്സിയിലിറങ്ങി അടി വാങ്ങലായിരുന്നു പണി. എല്ലാവരെയും അതിശയിപ്പിച്ചാണ് സർഫ്രാസ് ഖാൻ എന്ന കൗമാരക്കാരനെ ബാംഗ്ലൂർ ടീമിൽ നിലനിർത്തിയത്. 2016 സീസണിലെ മികച്ച പ്രകടനമാണ് അതിന് ആധാരമാക്കിയത്. കഴിഞ്ഞ സീസണിൽ പരുക്കുകാരണം കരയ്ക്കിരുത്തിയ സർഫ്രാസിൽ ടീമിന് അത്രയ്ക്കു പ്രതീക്ഷയായിരുന്നു. എന്നാൽ ആദ്യ മൽസരങ്ങളിൽ ഫോം ഔട്ടായ സർഫ്രാസ് ടീമിൽതന്നെ ഇടം കിട്ടാൻ മൽസരിക്കുകയാണ്.  ഗെയ്‌ൽ, വാട്സൻ, രാഹുൽ, സ്റ്റാൻലേക്... ശരിക്കും കളിക്കാരുടെ പ്രശ്നമാണോ അതോ ആർസിബിയുടെ പ്രശ്നമോ! 

shane-watson-century