വീണ്ടും ബട്‌ലർ; ‘ജീവൻ’ നിലനിർത്തി രാജസ്ഥാൻ

ചെന്നൈയ്ക്കെതിരെ ജോസ് ബട്‌ലറിന്റെ ബാറ്റിങ്. (ട്വിറ്റർ ചിത്രം)

ജയ്പുർ∙ ഐപിഎൽ പതിനൊന്നാം സീസണിൽ ഇപ്പോഴും ‘ജീവൻ’ നിലനിർത്തുന്നതിൽ രാജസ്ഥാൻ റോയൽസ് നന്ദി പറയേണ്ടത് ഒരേയൊരു താരത്തോട്. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ! ചെന്നൈ സൂപ്പർ കിങ്സെന്ന പോരാളികള്‍ക്കു മുന്നിൽ മറ്റൊരു തോൽവി വഴങ്ങാതെ രാജസ്ഥാൻ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ, അതിന്റെ പൂർണ ക്രെഡിറ്റും ബട്‌ലറിനുള്ളതാണ്. ആദ്യം ബാറ്റു ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് മറ്റു ബാറ്റ്സ്മാൻമാരിൽനിന്നു കാര്യമായ പിന്തുണ ഉണ്ടായില്ലെങ്കിലും, 95 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ പോരാട്ടവീര്യം തുണയായി.

പോരാട്ടവീര്യവും മനഃസാന്നിധ്യവും സമാസമം ചാലിച്ച ബട്‌ലറിന്റെ തകർപ്പൻ ഇന്നിങ്സിനൊടുവിൽ രാജസ്ഥാൻ വിജയലക്ഷ്യം പിന്നിടുമ്പോൾ, ഇന്നിങ്സിൽ ബാക്കിയായത് ഒരേയൊരു പന്ത്. ഈ വിജയത്തോടെ 11 മല്‍സരങ്ങളിൽനിന്ന് 10 പോയിന്റുമായി രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണെങ്കിലും നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള മുംബൈ, കൊൽക്കത്ത ടീമുകൾക്കും പോയിന്റ് 10 തന്നെ. റൺനിരക്കിന്റെ അടിസ്ഥാനത്തിൽ അവർ മുന്നിലാണെന്നു മാത്രം. സീസണിലെ നാലാമത്തെ മാത്രം തോൽവി വഴങ്ങിയ ചെന്നൈയാകട്ടെ, 11 മൽസരങ്ങളിൽനിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.

‘സൂപ്പറാ’കാതെ ചെന്നൈ

ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈയ്ക്ക് മികച്ച ടച്ചിലായിരുന്ന അമ്പാട്ടി റായിഡുവിനെ മൂന്നാം ഓവറിൽ നഷ്ടമായി. ജോഫ്ര ആർച്ചറിന്റെ പന്ത് റായിഡുവിന്റെ ബാറ്റിൽത്തട്ടി വിക്കറ്റ് തെറുപ്പിക്കുമ്പോൾ ചെന്നൈ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 19 റൺസ് മാത്രം.

എന്നാൽ, രണ്ടാം വിക്കറ്റിൽ ഷെയ്ൻ വാട്സണും റെയ്നയും ഒന്നിച്ചതോടെ ചെന്നൈ സ്കോർ ബോർഡിൽ റണ്ണൊഴുക്കു തുടങ്ങി. മികച്ച സ്ട്രോക് പ്ലേയിലൂടെ റെയ്ന രാജസ്ഥാൻ ബോളർമാരെ വശം കെടുത്തിയപ്പോൾ പതിയെ തുടങ്ങിയ വാട്സണും ഇന്നിങ്സിൽ താളം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 86 റൺസ്.

ഒടുവിൽ 12–ാം ഓവറിൽ വാട്സണെ മടക്കാനും ജോഫ്ര ആർച്ചർ തന്നെ വേണ്ടിവന്നു. 31 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം നേടിയ 39 റൺസായിരുന്നു വാട്സന്റെ സമ്പാദ്യം. 52 റണ്ണെടുത്ത റെയ്നയെ 13–ാം ഓവറിൽ ഇഷ് സോധിയും വീഴ്ത്തിയതോടെ ഇന്നിങ്സ് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്തം ഒരിക്കൽക്കൂടി ധോണിയുടെ തോളിലായി.

പിടിച്ചുകെട്ടി രാജസ്ഥാൻ

അവസാന ഓവറുകളിൽ രാജസ്ഥാൻ ബോളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ വമ്പൻ സ്കോർ പ്രതീക്ഷിച്ച ചെന്നൈയുടെ ഇന്നിങ്സ് 176ൽ ഒതുങ്ങി. അവസാന ഓവറുകളിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഉനദ്കട്, ആർച്ചർ എന്നിവരാണ് ചെന്നെയെ പിടിച്ചുകെട്ടിയത്. സാധാരണ റണ്ണൊഴുകുന്ന അവസാന അഞ്ച് ഓവറിൽ ധോണി, ബില്ലിങ്സ് എന്നിവർക്ക് നേടാനായത് 49 റൺസ് മാത്രം. അവസാന അഞ്ച് ഓവറിൽ ചെന്നൈ നേടിയ റൺസ് ഇങ്ങനെ:

16 (ഉനദ്കട്) – ഏഴ്

17 (ആർച്ചർ) – എട്ട്

18 (ഉനദ്കട്) – 11

19 (ആർച്ചർ) – 11

20 (ബെൻ സ്റ്റോക്സ്) – 12

രാജസ്ഥാൻ നിരയിൽ ഇഷ് സോധി നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 42 റൺസ് വഴങ്ങി. ഉനദ്കട് നാല് ഓവറിൽ 34ഉം ബെൻ സ്റ്റോക്സ് നാല് ഓവറിൽ 31ഉം റൺസ് വഴങ്ങി.

റോയൽസ്, രാജസ്ഥാൻ

177 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത രാജസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പതിവു സഖ്യമായിരുന്നില്ല. ജോസ് ബട്‌ലറിനൊപ്പമെത്തിയത് അദ്ദേഹത്തിന്റെ നാട്ടുകാരനായ ബെൻ സ്റ്റോക്സ്. മികച്ച ഫോമിലുള്ള ബട്‌ലറിന് സ്റ്റോക്സ് പിന്തുണ നൽകിയതോടെ ഒന്നാം വിക്കറ്റിൽ ഒഴുകിയെത്തിയത് 48 റൺസ്.

സ്റ്റോക്സിനെ മടക്കി ഹർഭജൻ ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഏഴു പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം നേടിയ 11 റൺസായിരുന്നു സ്റ്റോക്സിന്റെ സമ്പാദ്യം. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വന്നപോലെ മടങ്ങി. മൂന്നു പന്തിൽ ഒരു ബൗണ്ടറി മാത്രം നേടിയ രഹാനെയെ ജഡേജ സുരേഷ് റെയ്നയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ബട്‌ലർ–സഞ്ജു സഖ്യം രാജസ്ഥാനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 46 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയായത്.

സ്കോർ 99ൽ നിൽക്കെ സഞ്ജു റണ്ണൗട്ടായെങ്കിലും അരങ്ങേറ്റക്കാരൻ പ്രശാന്ത് ചോപ്ര (ആറു പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ട്), സ്റ്റ്യുവാർട്ട് ബിന്നി (17 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22), കൃഷ്ണപ്പ ഗൗതം (നാലു പന്തിൽ രണ്ടു സിക്സ് സഹിതം 13), എന്നിവർക്കൊപ്പം ചേർന്ന് ബട്‌ലർ‌ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

അവസാന ഓവർ ഇങ്ങനെ

ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 12 റൺസാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്ട്രൈക്ക് എടുത്ത ബട്‌ലർക്ക് ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തിൽ രണ്ടു റൺസ്, ബട്‌ലർ എഡ്ജ് ചെയ്ത മൂന്നാം പന്ത് വായുവിൽ ഏറെനേരം ഉയർന്നുപൊങ്ങി. ക്യാച്ചെന്ന് കാണികൾ ഉറപ്പിച്ച നിമിഷം!

എന്നാൽ ബോളിങ് ഫോളോത്രൂവിൽ ബാലൻസ് നഷ്ടമായി ബ്രാവോ നിലത്തുവീണതിനാൽ ക്യാച്ചിനു ശ്രമിക്കാൻ പോലുമായില്ല. പന്ത് സുരക്ഷിതമായി ഗ്രൗണ്ടിലേക്ക്; ഇതിനിടെ ബട്‌ലർ രണ്ടുറൺസ് കൂടി പൂർത്തിയാക്കി. നാലാം പന്തിൽ സിക്സടിച്ച ‌ബട്‌ലർ അഞ്ചാം പന്തിൽ സിംഗിൾ നേടി. റണ്ണൗട്ട് ശ്രമം ഓവർത്രോയിൽ കലാശിച്ചതോടെ രണ്ടാം റൺസും മൽസരവും രാജസ്ഥാൻ സ്വന്തമാക്കി.

ചെന്നൈ നിരയിൽ നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂർ, നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ എന്നിവർ തിളങ്ങി.

ബട്‌ലറാണ് താരം!

രാജസ്ഥാൻ റോയൽസിന്റെ ഒരു യോഗം നോക്കണം. ആദ്യ മൽസരങ്ങളിൽ മികവിലേക്കുയരാൻ സാധിക്കാതെ പോയ രാജസ്ഥാൻ തുടർ തോൽവികളേറ്റു വാങ്ങി പുറത്താകലിന്റെ വക്കിലെത്തിയതാണ്. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു അവർ.

എന്നാൽ, കൃത്യസമയത്ത് ഫോമിലേക്കുയർന്ന ജോസ് ബട്‌ലറിന്റെ മികവിലേറിയാണ് ഇപ്പോൾ രാജസ്ഥാന്റെ കുതിപ്പ്. ഈ സീസണിൽ ബട്‌ലറിന്റെ തുടർച്ചയായ നാലാം അർധസെഞ്ചുറിയാണ് ഇന്നലെ പിറന്നത്. അവസാന നാലു മൽസരങ്ങളിൽ ബട്‌ലറിന്റെ പ്രകടനമിങ്ങനെ:

∙ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പുറത്താകാതെ 95.

∙ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 82

∙ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 51

∙ ഡൽഹി ഡെയർഡെവിൾസിനെതിരെ 67

ഇതോടെ ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിലും ബട്‌ലർ ആദ്യ സ്ഥാനങ്ങളിലെത്തി. 11 മൽസരങ്ങളിൽനിന്ന് 415 റൺസുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബട്‌ലറിപ്പോൾ.