വിമർശകരേ കാണൂ, തിരിച്ചടികളെ ബൗണ്ടറി കടത്തി ഡൽഹിക്കായി സഞ്ജുവിന്റെ ‘വീരു ഇന്നിങ്സ്’

പത്താം സീസണിലേക്കു കടന്ന ഐപിഎല്ലിൽ തന്റെയും, ഐപിഎൽ പത്താം സീസണിൽ ഏതൊരു താരത്തിന്റെയും ആദ്യ സെഞ്ചുറി നേടി കരുത്തു തെളിയിക്കുമ്പോൾ, തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസണ് അതൊരു തിരിച്ചുവരവു കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കളത്തിനകത്തും പുറത്തും ഉയർന്ന ഒരുപിടി വെല്ലുവിളികളെയും വിമർശനങ്ങളെയും ബൗണ്ടറി കടത്തിയാണ് ആരാധകരുടെ കൈയ്യടി നേടിയുള്ള സഞ്ജുവിന്റെ തിരിച്ചുവരവ്. ഐപിഎല്ലിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി എന്നതിനേക്കാൾ, അതു നേടിയ രീതികൂടിയാണ് ക്രിക്കറ്റ് ആരാധകരെ കൂടുതൽ ത്രസിപ്പിക്കുന്നത്.

കളി മതിയാക്കിയശേഷം കിങ്സ് ഇലവൻ പ‍ഞ്ചാബിന്റെ മെന്റർ സ്ഥാനത്തിരിക്കുന്ന, ഡൽഹിക്കാരൻ കൂടിയായ ആരാധകരുടെ സ്വന്തം വീരു എന്ന വീരേന്ദർ സെവാഗിന്റെ സ്വതസിദ്ധമായ ശൈലിയായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. വീരുവൊക്കെ പയറ്റിത്തെളിഞ്ഞ മൈതാനത്ത്, ഇമ്രാൻ താഹിർ ഉൾപ്പെടെയുള്ള മുൻനിര ബോളർമാരെ നിലംപരിചാക്കി നേടിയ ഈ സെഞ്ചുറി സഞ്ജുവിന്റെ പ്രതിഭാവിലാസത്തിന്റെ കൃത്യമായ രേഖപ്പെടുത്തലുമായി. ഇതോടെ, രണ്ടു മൽസരങ്ങളിൽനിന്ന് 115 റൺസുമായി സീസണിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ സഞ്ജു രണ്ടാമതെത്തി. കൊൽക്കത്തയുടെ ക്രിസ് ലിൺ 125 റൺസോടെ പട്ടികയിൽ ഒന്നാമതുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണി വിക്കറ്റ് കാക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ സംഹാര താണ്ഡവമെന്നതും ശ്രദ്ധേയം. മാത്രമല്ല, ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രവേശനത്തിന് വെല്ലുവിളി ഉയർത്തുന്ന ഡൽഹിയുടെ കൗമാരതാരം ഋഷഭ് പന്തും ഇടയ്ക്ക് സഞ്ജുവിനൊപ്പം ക്രീസിലെത്തിയിരുന്നു. ഇരുവരെയും സാക്ഷിനിർത്തിയുള്ള സഞ്ജുവിന്റെ ഇന്നിങ്സ്, അദ്ദേഹത്തിന്റെ ദേശീയ ടീം പ്രവേശന സാധ്യതകളെ വർധിപ്പിക്കുമെന്നുറപ്പ്. ഈ മികവും ഫോമും സഞ്ജുവിന് നിലനിർത്താൻ സാധിക്കുമോ എന്നതാണ് സുപ്രധാനം.

പുണെയ്ക്കെതിരായ ‘വീരു ഇന്നിങ്സ്’

62 പന്തിൽ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റൻ സിക്സും ഉൾപ്പെടുന്നതായിരുന്നു പുണെയ്ക്കെതിരായ സ‍ഞ്ജുവിന്റെ ഇന്നിങ്സ്. ഐപിഎലിൽ സഞ്ജുവിന്റെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ ഐപിഎൽ സീസണിലെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജുവിന്റെ 102. സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഡൽഹി നേടിയത്. അവസാന ഓവറുകളിൽ വമ്പനടികളുമായി കളം നിറഞ്ഞ ക്രിസ് മോറിസും (ഒൻപത് പന്തിൽ 38) ഡൽഹി സ്കോർ 200 കടക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടേത് മോശം തുടക്കമായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ പുണെ ബോളർമാരെ നേരിടാൻ ഡൽഹി ഓപ്പണർമാരായ ആദിത്യ താരെയും സാം ബില്ലിങ്സും വിഷമിച്ചു. അശോക് ഡിൻഡ എറിഞ്ഞ ആദ്യ ഓവറിൽ അവർക്കു നേടാനായത് രണ്ടു റൺസ് മാത്രം. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ചാഹറിന് വിക്കറ്റ് സമ്മാനിച്ച് ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകൾ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

കളത്തിലെത്തിയതു മുതലേ തകർത്തടിച്ച സഞ്ജു, പുണെ ബോളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറിൽ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനിൽ മുന്നേറിയ സഞ്ജു അൽപം മയപ്പെട്ടത് സ്പിന്നർമാരുടെ വരവോടെ. എന്നാൽ, അർധസെഞ്ചുറി കടന്നതോടെ വീണ്ടും ഗിയർ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. 41 പന്തിലായിരുന്നു സഞ്ജുവിന്റെ അർധസെഞ്ചുറിയെങ്കിൽ, അവിടെ നിന്ന് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് വെറും 21 പന്തുകൾ മാത്രം! 

ആദം സാംപയെറിഞ്ഞ 19–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പനൊരു സിക്സോടെ സെഞ്ചുറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ സാം ബില്ലിങ്സിനൊപ്പം 69 റൺസ് കൂട്ടിച്ചേർത്ത സ‍ഞ്ജു, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 53 റൺസ് കൂട്ടുകെട്ടും തീർത്തു. ബില്ലിങ്സ് 17 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 24ഉം പന്ത് 22 പന്തുകളിൽ രണ്ടു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 31 റൺസുമെടുത്തു.

ദ്രാവിഡിന്റെ സ്വന്തം സഞ്ജു

രാജ്യത്തിന്റെ ശ്രദ്ധയിലേക്കുള്ള സഞ്ജുവിന്റെ വളർച്ചയ്ക്കു തണലേകി ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിലുമുണ്ട്. ഇതു പലപ്പോഴും സഞ്ജു തന്നെ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 2013 സീസണിൽ, അന്നു ടീമിന്റെ മെന്റർ ആയിരുന്ന രാഹുൽ ദ്രാവിഡിന്റെ പിന്തുണയോടെയാണ് ദേശീയ തലത്തിൽ സഞ്ജുവിന്റെ ഉയർച്ച ആരംഭിക്കുന്നത്. കഴിഞ്ഞ വർഷവും രാഹുൽ ദ്രാവിഡ് കോച്ച് ആയിരുന്ന ഡൽഹി ഡെയർ ഡെവിൾസിനു വേണ്ടിയാണ് സഞ്ജു കളിച്ചത്.

ഇത്തവണ പുണെ സൂപ്പർ ജയന്റിനെതിരായ വിജയത്തിനുശേഷം കളിയിലെ കേമനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴും സഞ്ജു പറഞ്ഞത് ഇതുതന്നെയാണ്. ദ്രാവിഡ് സാറിന്റെ പിന്തുണയെക്കുറിച്ച്. ‘‘ദ്രാവിഡ് സാറിനൊപ്പം കുറേ കാലമായി ഞാനുണ്ട്. എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണത്. ടൂർണമെന്റിനു മുൻപ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഞാൻ കഠിനമായി പരിശീലിച്ചിരുന്നു. അതിപ്പോൾ ഫലം കണ്ടു’’ – സഞ്ജു പറഞ്ഞു.

ക്രിക്കറ്റിൽ തന്റെ ഉയർച്ചയ്ക്കു പിന്നിലെ നിർണായക സാന്നിധ്യം രാഹുൽ ദ്രാവിഡ് ആണെന്ന് സഞ്ജു സാംസൺ മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ‘‘അദ്ദേഹത്തിൽ നിന്നു ഞാൻ ഒരുപാട് പഠിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ എ പരമ്പരയിൽ പങ്കെടുക്കുന്ന ഏതു താരവും കൂടുതൽ മികവു കാട്ടുന്നുണ്ട്. എല്ലാ പരിശീലന സെഷനിലും ഈ പഠനം തുടർന്നു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെ പോലെ ഒരാൾക്കു ഞങ്ങളെ ഏതു തലത്തിലും എത്തിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യ എ ടീമംഗങ്ങൾക്ക് അനുഗ്രഹമാണ്. ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം ആസ്വാദ്യകരമാണ്.’’– സഞ്ജു പറഞ്ഞു.

മഹേളയോട് ഉപമിച്ച് ഗാവസ്കർ

കന്നി ഐപിഎൽ സെഞ്ചുറിയുമായി കളംനിറഞ്ഞ സഞ്ജു സാംസണെ പ്രശംസ കൊണ്ടു മൂടിയവരിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഗാവസ്കറുമുണ്ട്. സഞ്ജു ബാറ്റു ചെയ്യുന്നത് ശ്രീലങ്കയുടെ മുൻനായകനും ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനയെപ്പോലെയാണ് എന്നായിരുന്നു ഗാവസക്റിന്റെ പ്രശംസ. നല്ല കൃത്യതയോടെ ബാറ്റു ചെയ്യുന്ന മഹേളയുടെ അയത്നലളിതമായ ബാറ്റിങ് ശൈലി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഈ ഇതിഹാസ താരത്തോട് താരതമ്യപ്പെടുത്തി മറ്റൊരു ഇതിഹാസ താരം രംഗത്തെത്തുമ്പോൾ, അതു സഞ്ജുവിന്റെ പ്രതിഭയ്ക്കുള്ള മികച്ച ഒരു അളവു കോലുമായി മാറുന്നു.

ഡൽഹിയുടെ ‘വിലകൂടിയ താരം’

ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരങ്ങളിൽ ഒരാളായാണ് സഞ്ജു ഡൽഹി ടീമിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ താരലേലത്തിൽ സഞ്ജുവിനു ലഭിച്ചത് 4.2 കോടി രൂപ. രാജസ്ഥാൻ റോയൽസിലൂടെ സഞ്ജുവിനെ രാജ്യാന്തരതാരമാക്കി വളർത്തിയെടുത്ത രാഹുൽ ദ്രാവിഡ് തന്നെയാണു ഡൽഹി ഡെയർഡെവിൾസിലേക്കു വഴിതെളിച്ചത്. മുംബൈ ടീമിലേക്കു പരിഗണിക്കാൻ പരിശീലകൻ റോബിൻ സിങ് നേരത്തേ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലേലത്തിൽ ഡൽഹിയും ഗുജറാത്തും ഇറങ്ങിയതോടെ മുംബൈ പിന്മാറി. കഴിഞ്ഞ മൂന്നു സീസണുകളിലും സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയതിനാൽ ലേലത്തിൽ ഉണ്ടായിരുന്നില്ല. ഐപിഎല്ലിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ടീമുകളിലെ പല താരങ്ങളെക്കാളും കൂടുതൽ വില സഞ്ജുവിനു ലഭിക്കാൻ ഇടയാക്കിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു കൈവരിച്ച പുരോഗതിയും മൂല്യവർധനയ്ക്കു കാരണമായി.

കളത്തിലും ഭേദപ്പെട്ട പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ സഞ്ജുവിന്റേത്. 14 കളികളിൽനിന്ന് 291 റൺസാണ് സഞ്ജു നേടിയത്. ഡൽഹി ടീമിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. ഇതോടെ ഐപിഎല്ലിൽ 1000 ക്ലബ്ബിലെത്തുന്ന മികച്ച താരങ്ങളുടെ പട്ടികയിലേക്കു സഞ്ജുവും കയറി. നാലു സീസണുകളിലായി കളിച്ച 52 കളികളിൽനിന്ന് 1040 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ശരാശരി 24.76. തൊട്ടുമുൻപുള്ള സീസണിൽ രാജസ്ഥാൻ റോയൽസിൽ 14 കളികളിൽനിന്ന് 204 റൺസുമായി ശരാശരി പ്രകടനത്തിലൊതുങ്ങിയ സഞ്ജു ഈ സീസണിൽ ബാറ്റിങ് മെച്ചപ്പെടുത്തി. ഒരു അർധശതകവും മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സഞ്ജു നേടി.

ഓപ്പണിങ് മുതൽ ആറാം നമ്പരിൽ വരെ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു മൂന്നു കളികളിൽ പുറത്താകാതെ നിന്നതോടെ ബാറ്റിങ് ശരാശരി 26.45 ആയി ഉയർന്നു. ഇതുവരെയുള്ള കണക്കെടുത്താൽ 2014 സീസണിലാണ് സഞ്ജു ഏറ്റവും കൂടുതൽ റൺസ് നേടിയത്–13 കളികളിൽനിന്ന് 339 റൺസ്. ഇത്തവണ അതിനെയും കടത്തിവെട്ടാൻ സഞ്ജുവിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇടയ്ക്ക് ദേശീയ ടീമിലും

സീനിയർ ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാനായി ആദ്യ മലയാളിയുടെ അരങ്ങേറ്റം എന്ന പ്രത്യേകതയോടെ സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യിലാണ് സഞ്ജു ആദ്യ മൽസരത്തിനിറങ്ങിയത്. 2015 ജൂലൈയിലായിരുന്നു ഇത്. അന്ന് വിജയ ലക്ഷ്യമായ 146 റൺസിലേക്കുള്ള കുതിപ്പിനിടെ 69 റൺസിന് അഞ്ചു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്കു വേണ്ടി കളത്തിലെത്തിയ സഞ്ജു 24 പന്തുകൾ നേരിട്ട് ഒരു ബൗണ്ടറിയോടെ 19 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കു നേടാനായത് 135 റൺസ് മാത്രം. 10 റൺസിന്റെ തോൽവി. 

അബി കുരുവിള, ടിനു യോഹന്നാൻ, ശ്രീശാന്ത് തുടങ്ങിയവർ സീനിയർ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മലയാളി ബാറ്റ്സ്മാൻ അരങ്ങേറ്റം കുറിച്ചത്. മുൻപ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച സഞ്ജുവിന് ബാറ്റു ചെയ്യാൻ അവസരം ലഭിച്ചില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മൽസരം ഉപേക്ഷിക്കപ്പെട്ടു.

തിരിച്ചടികളിൽനിന്നുള്ള തിരിച്ചുവരവ്

മോശം പെരുമാറ്റത്തിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ട് അധികമായിട്ടില്ല. സഞ്ജുവിനെ സ്വന്തംപോലെ കണ്ട് സ്േനഹിച്ച കായിക കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഏറെ പ്രതീക്ഷ നൽകി വളർന്നുവന്ന് ഐപിഎൽ വാതുവയ്പ് വിവാദത്തിൽപ്പെട്ട് അകാലത്തിൽ പൊലിഞ്ഞുപോയ ശ്രീശാന്തിന്റെ വഴിയേയാണോ സഞ്ജുവെന്ന് സങ്കടപ്പെട്ടവരും ഏറെ. കൺമുന്നിൽ ഉയർന്നുവന്ന, സ്വന്തംപോലെ കണ്ട് സ്നേഹിച്ച യുവതാരം അച്ചടക്കലംഘനത്തിന്റെ പേരിൽ പിടിക്കപ്പെട്ടത് ആരാധകർക്ക് സങ്കടക്കാഴ്ചയായിരുന്നു.

കളിക്കിടെ ഡ്രസിങ് റൂമിൽ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്തെന്നായിരുന്നു സഞ്ജുവിനെതിരായ ആരോപണം. സംഭവത്തിൽ സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അന്വേഷണം നടത്തിയിരുന്നു. വൈസ് പ്രസിഡന്റ് ടി.ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സമിതി സഞ്ജുവിന് കാരണം കാണിക്കൽ നോട്ടിസും അയച്ചു. വിഷയവുമായി ബന്ധപ്പെട്ടു സഞ്ജുവിന്റെ പിതാവ് വി. സാംസൺ കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ടായിരുന്നു.

എന്നാൽ, സഞ്ജുവിനെതിരായ നടപടി ശക്തമായ താക്കീതിൽ ഒതുക്കാൻ കെസിഎ തീരുമാനിക്കുകയായിരുന്നു. ടീം ക്യാംപിലും കളിക്കളത്തിലും സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ അനാവശ്യമായി ഒരു ഇടപെടലും നടത്തരുതെന്നു സഞ്ജുവിന്റെ പിതാവ് വി.സാംസനേയും താക്കീത് ചെയ്തു. സഞ്ജുവും പിതാവും അന്വേഷണ കമ്മിഷനു മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയ സാഹചര്യത്തിലായിരുന്നു കടുത്ത നടപടി വേണ്ടെന്ന തീരുമാനം. സഞ്ജു ഏറെ ഭാവിയുള്ള താരമാണെന്നതും ഇത്തരത്തിൽ ഒരു പെരുമാറ്റം താരത്തിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഉണ്ടാവുന്നതെന്നും കൂടി പരിഗണിച്ചാണു ചെറിയ നടപടിയിൽ ഒതുക്കിയതെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കുകയും ചെയ്തു. സംഭവിച്ച പിഴവുകൾക്ക് സഞ്ജു പ്രാശ്ചിത്തം ചെയ്യുന്നുവെന്ന സൂചനയാണ് ഐപിഎല്ലിലെ ആദ്യ മൽസരങ്ങൾ തന്നെ നൽകുന്നത്. തകർപ്പൻ പ്രകടനവുമായി ആരാധകരുടെ വിശ്വാസം വീണ്ടും നേടിയെടുക്കാൻ സഞ്ജുവിന് സാധിച്ചിരിക്കുന്നു.