സമനിലക്കയ്പ്; ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ മങ്ങി

ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ നേടിയ ഗുഡ്യോൺ ബ്ലാഡ്‌വിൻസണിന്റെ ആഹ്ലാദം ചിത്രം: സലിൽ ബേറ∙ മനോരമ

കൊൽക്കത്ത ∙ സ്വന്തം ഗോൾപുരയുടെ വാതിലുകൾ തുറന്നിട്ട് എതിർ പോസ്റ്റിൽ ഗോളടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് അടിച്ചതെല്ലാം തിരിച്ചു വാങ്ങി കളം വിട്ടു. തോൽവിയോളം കനമുള്ള സമനില (2–2). ഗുഡ്യോർ ബ്ലാഡ്‌വിൻസൺ (33) ബ്ലാസ്റ്റേഴ്സിനു ലീഡ് നൽകി അഞ്ചു മിനിറ്റിനകം റയാൻ ടെയ്‌ലറിലൂടെ(38) തിരിച്ചടി.  ഐഎസ്എല്ലിലെ ആദ്യ ഗോളിലൂടെ പ്രതിഭയുടെ മിന്നലാട്ടം കാഴ്ചവച്ച ദിമിതർ ബെർബറ്റോവിന് (55) ടോം തോർപിന്റെ (75) ഹെഡറിലൂടെയും കൊൽക്കത്തയുടെ മറുപടി ! 

ജയിച്ചാൽ നാലാം സ്ഥാനത്തേക്ക് ഉയരമായിരുന്ന ബ്ലാസ്റ്റേഴ്സിനു സമനിലയോടെ, 21 പോയിന്റും അഞ്ചാം സ്ഥാനവും. ശേഷിക്കുന്ന മൂന്നു കളിയും ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷകൾ ഇനിയധികം വേണ്ട. 17നു നോർത്ത് ഈസ്റ്റിനെതിരെ ഗുവാഹത്തിയിലാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. 

∙ ലോങ് ബോൾ ഗെയിം 

ലോങ് ബോൾ ഗെയിമിലേക്കു ബ്ലാസ്റ്റേഴ്സ് കളം മാറിച്ചവിട്ടിയതിന്റെ ഫലമായിരുന്നു ആദ്യഗോൾ. വലതു വിങ്ങിൽനിന്നു മധ്യത്തിലേക്കും അവിടെനിന്ന് ഇടതുവിങ്ങിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന പ്രശാന്തിലേക്കും പന്തു നീണ്ടെത്തുമ്പോൾ കൊൽക്കത്ത ഗോൾ മണത്തിരുന്നില്ല. ഗോൾ ഏരിയയിലേക്ക് ഓടിക്കയറിയ ഗുഡ്യോൺ ബ്ലാഡ്‌വിൻസണിനൊപ്പം കൊൽക്കത്ത താരങ്ങളും പടപോലെ വന്നെങ്കിലും പ്രശാന്തിന്റെ ക്രോസ് ഉയരക്കാരൻ ഐസ്‌ലൻഡ് താരത്തിനു തലപ്പാകം കിട്ടി. ഉയർന്നു ചാടി ബ്ലാഡ്‌വിൻസൺ തല വച്ചതു കൊൽക്കത്തയുടെ സ്പാനിഷ് ഡിഫൻഡർ ജോർജി മൊണ്ടലിന്റെ തോളിലുരുമ്മി ഗോളിലേക്കു പാഞ്ഞുപോയി (0–1).

∙ മൈനസ് ബെർബ

പക്ഷേ, ഗോൾമേഖലയുടെ വാതിലുകൾ തുറന്നിടുന്നതും അടയ്ക്കാൻ മറന്നു പോകുന്നതും ഒരുപോലെയാണെന്നു അഞ്ചു മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് പഠിച്ചു. മിലൻ സിങ് ഗോൾമുഖത്തുനിന്നു ബെർബറ്റോവിനു നൽകിയ പാസാണു പ്രശ്നമായത്. ബെർബറ്റോവിന്റെ കാലിലെത്തും മുൻപേ, കൊൽക്കത്തയുടെ റയാൻ ടെയ്‌ലർ പന്തേറ്റെടുത്തു. അപ്രതീക്ഷിതമായ ആ നീക്കം കണ്ടുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് അനങ്ങാൻ നേരം കിട്ടിയില്ല. അതിനു മുൻപേ, ടെയ്‌ലറുടെ പവർഷോട്ട്. ലാൽറുവാത്തരയുടെ കാലിലുരുമ്മി ദിശമാറിയ പന്ത് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സുഭാഷിഷ് റോയ് ചൗധരിയുടെ തൊട്ടരികിലൂടെ വലയിൽ (1–1). 

∙ മിന്നൽ ഗോൾ; ബെർബ 

55–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പൊട്ടിത്തെറിച്ചു. ഇടതു വിങ്ങിൽനിന്നു ജാക്കി ചന്ദ് സിങ്ങിന്റെ ഫ്രീകിക്ക് കിട്ടിയ ബ്ലാഡ്‌വിൻസൺ നേരെ ബെർബറ്റോവിനു നൽകി. കുത്തിയുയർന്ന പന്ത് വന്നപാടെ കൊൽക്കത്തയുടെ പ്രതിരോധപ്പഴുതിലേക്ക് ബെർബറ്റോവിന്റെ ഹാഫ് വോളി. ബെർബയുടെ ആദ്യ ഐഎസ്എൽ ഗോൾ. 

മാഞ്ചസ്റ്റർ ആരാധകരെ പഴയ ഓർമയോളങ്ങളിലേക്ക് അതുണർത്തിയെങ്കിലും ആഹ്ലാദം അധികം നീണ്ടില്ല. ടോം തോർപ്പിലൂടെ കൊൽക്കത്ത സമനില ഗോൾ നേടിയതോടെ ഡേവിഡ് ജയിംസ് ബെർബറ്റോവിനെ തിരിച്ചു വിളിച്ചു.