Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എല്ലില്‍ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ

jeje-sunil ഐഎസ്എൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ചെന്നൈയിൻ എഫ്സി നായകൻ ജെജെയും ബെംഗളൂരു എഫ്സി നായകൻ സുനിൽ ഛേത്രിയും. ചിത്രം: ഇ വി ശ്രീകുമാർ ∙ മനോരമ

ഇന്ത്യൻ ഫുട്ബോളിലെ ടീം ‘എ’ ആകാൻ ആഞ്ഞുപൊരുതുന്നു ടീം ‘ബി’യും ടീം ‘സി’യും. തോൽക്കാനാവില്ലെന്ന് ‘ബി’ എന്ന ബെംഗളൂരു എഫ്സി. അടിച്ചുവീഴ്ത്താൻതന്നെയാണു വരുന്നതെന്ന് ‘സി’ (ചെന്നൈയിൻ എഫ്സി). ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു രാത്രി എട്ടിന് ഐഎസ്എൽ നാലാം സീസൺ കലാശക്കളിക്കു കിക്കോഫ്. 90 മിനിറ്റിൽ ഒതുങ്ങുമോ ‘എ’ ക്ലാസ് പോരാട്ടം എന്നതാണു കാണികളുടെ മനസ്സിലെ ചോദ്യം. 

∙ പൂട്ടുമോ പൂട്ടുപൊളിക്കുമോ?

ഈ ഫൈനലിന്റെ കഥ പ്രവചിക്കാൻ ആർക്കും കഴിയില്ലെന്നു പറയുന്നവരുണ്ടാകാം. പക്ഷേ സുനിൽ ഛേത്രി–മിക്കു സഖ്യത്തെ പൂട്ടിയാൽ ഇന്നു ചെന്നൈ മച്ചാൻമാർ ‘പൊളിക്കും’. ചെന്നൈ അവരെ മെരുക്കിയാൽ ദിമാസ് ദെൽഗാഡോ, ഉദാന്ത സിങ് എന്നിവർ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥർ ആവേണ്ടിവരും. അല്ലാത്തപക്ഷം സ്വന്തം തട്ടകത്തിൽ ബെംഗളൂരു കയ്പുനീർ കുടിക്കും. ബെംഗളൂരുവിന്റെ മുന്നേറ്റക്കാരെ തടയാനുള്ള കരുത്തും തന്ത്രങ്ങളുമുണ്ട് ചെന്നൈ പ്രതിരോധത്തിന്. 

മറുവശത്ത് ചെന്നൈയുടെ ജേജെയുടെ കുതിപ്പുകൾക്കു കടിഞ്ഞാണിടാൻ ഛേത്രിയുടെ ടീം ശ്രമിക്കും. ജോൺ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന് അസാധ്യമായ കാര്യമല്ല. ജേജെ അടിച്ചില്ലെങ്കിൽ ധനപാൽ ഗണേശ്, റഫായേൽ അഗസ്റ്റോ, ഗ്രിഗറി നെൽസൺ എന്നിവർ പ്രഹരിച്ചേക്കാം. 11 പേരും ഗോളടിക്കുന്ന ടീം എന്നാണു ചെന്നൈയിൻ സ്വയം വിശേഷിപ്പിക്കുന്നത്. പോരാട്ടം പലവിധം: ഗോൾക്കണ്ണുകളുള്ള ബിഎഫ്സി മുൻനിര–കടുകട്ടിക്കാരായ ചെന്നൈ പ്രതിരോധം. ബെംഗളൂരു കോട്ട തകർക്കുന്ന ജേജെയുടെ പീരങ്കി. സാധ്യതകൾ ഏറെ. ഇന്ന് എന്തെല്ലാം കാണേണ്ടിവരും? 

∙ രണ്ടു ടീമിനും ഒരേശൈലി

ബിഎഫ്സി 4–2–31: മിക്കു മുൻനിരയിൽ. തൊട്ടുപിന്നിൽ ഛേത്രി, ദിമാസ്, പാർത്താലു, ഉദാന്ത. 

ചെന്നൈ 4–2–3–1: ഗോൾപോരാളി ജേജെ. പിന്നിൽ ഗ്രിഗറി നെൽസൺ, ഗണേശ്, അഗസ്റ്റോ, ഫ്രാൻസിസ്കോ ഫെർണാണ്ടസ്.കണ്ഠീരവയിൽ ഈ ടീമുകൾ മുൻപ് ഏറ്റുമുട്ടിയപ്പോൾ ചെന്നൈ ജയിച്ചു. ഇക്കുറി അവരെ ജയിക്കാൻ അനുവദിക്കില്ലെന്നു ഛേത്രി. ചെന്നൈയിൽച്ചെന്ന് അവരോടു പകവീട്ടിയതും ചരിത്രം. 

∙ 90 മിനിറ്റിൽ തീർക്കണം 

മലകയറ്റമാണിന്ന്. വേഗം കയറണം. രണ്ടു ടീമും ആദ്യമേ ആക്രമിക്കാൻ ശ്രമിക്കും. ഗോൾ നേടാനും. ഈ കളിക്കു രണ്ടാംപാദമില്ല. 90 മിനിറ്റിൽ കളി തീർക്കാനാവും രണ്ടുകൂട്ടരുടെയും ശ്രമം. അവിടംകൊണ്ടുനിന്നില്ലെങ്കിൽ ഷൂട്ടൗട്ട് ക്രൂരമാണെന്ന് എല്ലാവർക്കും അറിയാം.

സുനിൽ ഛേത്രി -ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൽസരമാണിത്. ടീമായി ഒത്തിണങ്ങുന്നു എന്നതാണു ഞങ്ങളുടെ കരുത്ത്. ദിമാസും മിക്കുവും മികച്ച കളിക്കാരാണ്. അവരുടെ മികവിൽ പ്രതീക്ഷ.

ജേജെ -ബെംഗളൂരുവിനെതിരെ കളിക്കുന്നതു ‘സ്പെഷൽ’. 11 പേരും പകരക്കാരും ഒന്നായി പൊരുതുന്ന ടീമാണിത്. ബെഞ്ചിൽനിന്നു വരുന്നവർക്കും ഗോളടിക്കാം. ഞങ്ങൾക്കു കപ്പടിക്കണം.