രണ്ടാം തവണയും ‘ഒടുക്കം’ പിഴച്ചു; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക് (1–1)

പന്തിനായി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ്– ഡൽഹി ഡൈനമോസ് താരങ്ങൾ. ചിത്രം: ഐഎസ്എല്‍ ട്വിറ്റർ

കൊച്ചി ∙ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താമെന്ന ആഗ്രഹം നിറവേറിയില്ല. വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ് വാണില്ല. ഐഎസ്എൽ അഞ്ചാം സീസണിലെ രണ്ടാം ഹോം മാച്ചിലും സമനില (1–1).

ഡൽഹി ഡൈനമോസിനെതിരെ ലീഡ് കളഞ്ഞു കുളിച്ച കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു കളിയിൽ 5 പോയിന്റ്. സി.കെ. വിനീത് (48’) സമ്മാനിച്ച ഗോളിൽ മുന്നിട്ടുനിന്ന കേരള ടീമിനെ ഡൽഹി തടുത്തിട്ടത് സെർബിയൻ താരം ആന്ദ്രിയ കാലുഡെറോവിച് (85’) നേടിയ ഗോളിൽ.

വിനീതിന്റെ തിരിച്ചുവരവ്

തുടരെ രണ്ടു കോർണർ കിക്ക്. രണ്ടാമത്തേതിൽനിന്നു വിനീതിന്റെ ഗോൾവന്നു. സ്റ്റൊയനോവിച് കോർണർ കിക്ക് തൊടുത്തത് പൊപ്ലാട്നിക്കിനുനേർക്ക്. ബോക്സിന്റെ വരാന്തയിൽനിന്നു സ്ലൊവേനിയൻ താരം പന്തുമറിച്ചതു മധ്യത്തിലേക്ക്. അവിടെയുണ്ടായിരുന്നു വിനീത്. പൂട്ടാൻ ശ്രമിച്ച ഡൽഹി ക്യാപ്റ്റൻ പ്രീതം കോട്ടാലിന്റെ പൂട്ടുപൊളിച്ചു വിനീത് വെട്ടിത്തിരിഞ്ഞു പ്രഹരമുതിർത്തു. മുന്നിൽ റാണാ ഘരാമിയും സ്പാനിഷ് ഗോളി ഫ്രാഞ്ചെസ്കോ സാഞ്ചെസും. വിനീതിന്റെ ഇടതുബൂട്ടിൽനിന്ന് ഉതിർന്ന മിസൈൽ രണ്ടുപേരെയും കീഴടക്കി. വല കുലുങ്ങി, കലൂർ സ്റ്റേഡിയവും (1–0). സീസണിൽ വിനീതിന്റെ ആദ്യഗോൾ.

ജിങ്കാൻ വീണു, ബ്ലാസ്റ്റേഴ്സും

ഇടതുവിങ്ങിൽനിന്ന് ഉയർന്നുവന്ന പന്തിൽ രക്ഷാപ്രവർത്തനം നടത്താനാവും മുൻപ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ വീണു. തൊട്ടുമുൻപത്തെ നിമിഷത്തിൽ കാലിലെ പേശിവലിവുമൂലം വീണ നായകൻ അതിന്റെ തുടർച്ചയായുണ്ടായ ആഘാതത്തിലാണു വീണത്. ബോക്സിന്റെ മറ്റേയറ്റത്തുനിന്നു പ്രീതം കോട്ടാൽ മറിച്ചുകൊടുത്ത പന്തിലേക്ക് സെർബിയൻ താരം കാലുഡെറോവിച് തലയും ബ്ലാസ്റ്റേഴ്സ് മിഡ്‌ഫീൽഡർ കിർച് മാരെവിച് കാലും തൊടുത്തെങ്കിലും തലയാണു പന്തിലേക്ക് എത്തിയത്.

ഹെഡ്ഡർ ഗോൾ. മഞ്ഞക്കടലിനെ നിശബ്ദതയിലാഴ്ത്തി ഡൽഹി ഒരു പോയിന്റ് പിടിച്ചുവാങ്ങി (1–1). ബ്ലാസ്റ്റേഴ്സ് പ്രാരംഭ നിരയിൽ രണ്ടു പുതുമകൾ. മത്തേയ് പൊപ്ലാട്നിക്കിനു പകരം സി.കെ. വിനീത്. ഗോളി ധീരജ് സിങ്ങിനു പകരം നവീൻ കുമാർ. കളത്തിൽ ഒരേസമയം അഞ്ചു വിദേശികൾ ആകാമെന്നിരിക്കെ കോച്ച് ഡേവിഡ് ജയിംസ് നിയോഗിച്ചതു മൂന്നു വിദേശികളെ മാത്രം, പ്രതിരോധത്തിൽ നെമാന്യ ലാസിച് പെസിച്, മധ്യത്തിൽ നിക്കോള കിർച്‌മാരെവിച്, ആക്രമണത്തിൽ സ്റ്റൊയനോവിച്.

ഈ സീസണിൽ തുടർച്ചയായ മൂന്നാം മൽസരത്തിലും മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ സ്ഥാനം നേടി എന്നതും ശ്രദ്ധേയം. രണ്ടാം പകുതിയിൽ മത്തേയ് പൊപ്ലാട്നിക്കും കിസിത്തോയും വന്നതോടെ കേരള നിരയിലും 5 വിദേശികളായി. 

ഗുണം ചെയ്ത ഗൃഹപാഠം

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ 3 വിദേശികളും എതിരാളികളുടെ 5 വിദേശികളും തമ്മിലുള്ള പോര് നേർക്കുനേർ ആയിരുന്നില്ല. പക്ഷേ അവരുടെ 5 വിദേശികളും 6 ഇന്ത്യൻ താരങ്ങളും ചേർന്നുള്ള കൂട്ടുകെട്ട് ആദ്യപകുതിയിൽ ഡൽഹിക്ക് ആധിപത്യം നേടിക്കൊടുത്തു. പ്രതിരോധനിര പതറാതെ നിന്നതു ബ്ലാസ്റ്റേഴ്സിനെ കാത്തു. ഡൽഹിയുടെ മുന്നേറ്റനിര മുൻമൽസരങ്ങളിലെപ്പോലെതന്നെ മൂർച്ചയില്ലാത്ത പ്രഹരവുമായി പിന്നാക്കംപോയതും മഞ്ഞപ്പടയ്ക്ക് ആശ്വാസമായി. പ്രത്യാക്രമണനീക്കങ്ങൾ മാത്രമായിരുന്നു മഞ്ഞപ്പടയ്ക്ക് ഓർമയിൽ വയ്ക്കാൻ ഉണ്ടായിരുന്നത്.

അവയിൽ ഏറെയും പിടിപ്പുകേടിന്റെ ഉദാഹരണങ്ങളായി മാറി. വലതുവിങ് ബാക്ക് മുഹമ്മദ് റാകിപ് ബ്ലാസ്റ്റേഴ്സ് നിരയിലെ ദുർബലമായ കണ്ണിയെന്നു തിരിച്ചറിഞ്ഞാണു ഡൽഹി തന്ത്രങ്ങൾ മെനഞ്ഞത്. ഗോളോളം എത്തിയില്ലെങ്കിലും ഡൽഹി കോച്ച് ജോസെപ് ഗൊമ്പാവുവിന്റെ ഗൃഹപാഠം ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു.