തണുപ്പിലും പോരാട്ടച്ചൂട്; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്സിക്കെതിരെ

ജംഷഡ്പുരിനെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിൽ പരിശീലനത്തിൽ. (ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

പറഞ്ഞു വരുമ്പോൾ നല്ല സുഖശീതളിമ... ഏറിയാൽ 23 ഡിഗ്രി ചൂട്. മുന്നിൽ ഒരു പന്തു കിട്ടിയാൽ ആരും പിന്നാലെ ഓടി ഒരു ഗോളെങ്കിലും അടിച്ചു പോകും. ടാറ്റാനഗർ, കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ വയ്ക്കുന്ന അവസരം ഇതാണ്.

ഒരു കാര്യം ഗാരന്റി... ജെആർഡി ടാറ്റാ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാൻ, ഈ നാട് മൊത്തമുണ്ടാകും. മൽസരത്തിന്റെ  ഒരു ടിക്കറ്റു പോലും ബാക്കിയില്ല. പിന്നെ എന്തിനു സംശയം ! കമോൺ ബ്ലാസ്റ്റേഴ്സ്! ലെറ്റ്സ് ഫുട്ബോൾ ! 

∙ സമനില തെറ്റിക്കുമോ?

കളിയുടെ ഫലം എന്തായാലും ആരുടെയെങ്കിലും സമനില തെറ്റും. ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞ രണ്ടു കളികളിൽ സമനില കരുക്കായെങ്കിൽ മൂന്നു കളികളായി ഇതേശാപം നേരിടുകയാണ് ജംഷഡ്പുർ. രണ്ടു ടീമിനും  ജയം അനിവാര്യമാണ്. 

∙ അനസിന്റെ മടങ്ങിവരവ്

ജംഷഡ്പുർ എഫ്സിയുടെ ചരിത്രത്തിലെ ആദ്യ താരം കൂടിയായ അനസ് എടത്തൊടിക ഇന്ന് പഴയ ഹോം ഗ്രൗണ്ടിൽ കളിക്കുമോ എന്നാണ് സകലരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ സന്ദേശ് ജിങ്കാനൊപ്പം നെമാന്യ പെസിച്ച്, മുഹമ്മദ് റാക്കിപ്, ലാൽറുവാത്താര എന്നിവർ കൂടിയടങ്ങുന്ന പ്രതിരോധനിര ആദ്യ 3 കളികളിലും അധ്വാനിച്ചു കളിച്ചതാണ്. 

∙ റൊട്ടേഷൻ സന്ദേഹം

 ഡൽഹിക്കെതിരെ മുന്നിലും പിന്നിലും മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആദ്യ ഇലവനിൽ മൂന്നു വിദേശതാരങ്ങളെ മാത്രം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതോടെ മാതേയ് പ്ലൊപ്ലാട്നിക്കിനെയാണ് കോച്ച് കരയ്ക്കിരുത്തിയത്. പൊപ്ലാട്നിക്കും സ്ലാവിസ സ്റ്റൊനയനോവചിച്ചു ചേർന്നൊരുക്കിയ ഉശിരൻ മുന്നേറ്റ മുന്നണിയെ എന്തിനാണ് ഡേവിഡ് ജയിംസ് പിരിച്ചതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. 

∙ തത്വശാസ്ത്രം

ജയിച്ചില്ലെങ്കിലും തോൽക്കാനില്ല എന്ന നിലപാടുകാരനാണ്. ജംഷഡ്പുർ പരിശീലകൻ സെസാർ ഫെറാൻഡോ. മാരിയോ ആർക്വെസ്, കാർലോസ് കാൽവോ, മെമോ എന്നിവരടങ്ങുന്ന മധ്യനിരയാണ് ജെഎഫ്സിയുടെ കരുത്ത്. ക്യാപ്റ്റൻ ടിരിയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും മോശമല്ല. മുൻ ബ്ലാസ്റ്റേഴ്സ് താരം ഫാറുഖ് ചൗധരി ഉൾപ്പെടുന്ന മുൻനിരയുടെ ഫിനിഷിങ് പിഴവാണ് നിലവിലെ പ്രശ്നം.