രണ്ടാംപകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സിന് സമനില; വിനീതിന് റെക്കോർ‍ഡ്

ജംഷഡ്പുരിനെതിരെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് താരം വിനീതിന്റെ ആഹ്ലാദപ്രകടനം ചിത്രം : സലിൽ ബേറ ∙ മനോരമ

ജയിച്ചില്ലെങ്കിലെന്താ...തോറ്റില്ലല്ലോ! പരാജയത്തിന്റെ പടിവാതിൽക്കൽനിന്ന് പിടിച്ചെടുത്ത ഈ സമനിലയ്ക്കു പൊന്നിന്റെ വിലയുണ്ട്. വിജയം ഉറപ്പിച്ച ജംഷഡ്പുർ എഫ്സിക്കെതിരെ 2 ഗോളിനു പിന്നിൽ നിന്ന ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഉജ്വലമായി തരിച്ചടിച്ചു (2–2). സൂപ്പർ താരം ടിം കാഹിൽ (3–ാം മിനിറ്റ്), മൈക്കൽ സൂസൈരാജ്(31') എന്നിവർ ജെഎഫ്സിക്കു വേണ്ടി സ്കോർ ചെയ്തപ്പോൾ, ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് സ്ലാവിസ സ്റ്റൊയനോവിച്ച്(71'), സി..കെ. വിനീത്(86') എന്നിവരിലൂടെ.

സ്റ്റൊയനോവിച്ച് പെനൽറ്റി കിക്ക് പാഴാക്കിയതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. 5 കളിയിൽ 7 പോയിന്റുമായി ജെഎഫ്സി നാലാമതും 4 കളിയിൽ 6 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്. വെള്ളിയാഴ്ച പുണെയ്ക്കെതിരെയാണ് ബ്ലാസ്റ്റഴ്സിന്റെ അടുത്ത കളി.

ദുഃസ്വപ്നം ആദ്യ പകുതി

ബ്ലാസ്റ്റഴ്സ് നിലയുറപ്പിക്കും മുൻപായിരുന്നു ജെഎഫ്സിയുടെ കന്നി ഗോൾ റ്വലതു മൂലയിൽനിന്ന് സെർജിയോ സിഡോഞ്ച എടുത്ത കോർണർ കിക്കിലേക്ക് കുതിച്ചു ചാടിയ സോക്കറൂസ് താരം ടീം കാഹിലിന്റെ മിന്നൽ ഹെഡർ വലയിൽ തുളച്ചുകയറുമ്പോൾ ബ്ലാസ്റ്റേഴ്സ് നിര നടുങ്ങി. ഹെഡർ ഗോളുകളടെ ആശാനായ കാഹിലിനെ മാർക്ക് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല(1–0).

മൽസരത്തിലേക്കു തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ് പാടുപെടുന്നതിനിടെ വീണ്ടും തിരിച്ചടി. ഇടതു പാർശ്വത്തിൽനിന്ന് ധനചന്ദ്ര സിങ്ങിന്റെ ത്രോ ക്ലിയർ ചെയ്യുന്നതിൽ റാക്കിപിനു പിഴച്ചു. റാക്കിപിന്റെ കാലുകൾക്കിടയിലടെ പോയ പന്തു തടയാൻ ബ്ലാസ്റ്റേഴ്സ് നിരയിൽ ആരുമുണ്ടായിരുന്നില്ല. ബോക്സിലേക്ക് ഓടിക്കയറിയ മൈക്കൽ സൂസൈരാജിന്റെ  ഷോട്ടിനു മുന്നിൽ ഗോളി നവീൻകുമാർ നിസ്സഹായനായി(2–0).

പകരക്കാരുടെ മിന്നലാട്ടം

ഇടവേളയ്ക്കു ശ‌േഷം ‌ഇറങ്ങിയ സെയ്മിൻലെൻ ദൂംഗലും മലാളി താരം സഹൽ അബ്ദുസ്സമദുമാണ് ബ്ലാസ്റ്റഴ്സിന്റെ മാനം കാത്തത്. ഇവർ സ്റ്റൊയനോവനിച്ചുമായി ഒത്തുചേർന്നതോടെയാണ്  ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. വലതു പാർശ്വത്തിൽനിന്ന് സഹലിന്റെ ക്രോസ് ഇടതു ഫ്ലാങ്കിൽ ദൂംഗലിലേക്ക്. ജെഎഫ്സി ഡിഫൻഡർമാരെ വെട്ടിച്ച് ദൂംഗൽ തൊടുത്ത ഷോട്ട് യുമ്നം രാജുവിന്റെ ദേഹത്തു തട്ടിത്തെറിച്ചപ്പോൾ സ്റ്റൊയനോവനിച്ചിനു ഗോൾപ്പാകം. മിന്നൽ ഷോട്ട് വലയിൽ(1–2. 

പിന്നാലെ,ഇടതു പാർശ്വത്തിലൂടെ വീണ്ടും ദൂംഗലിന്റെ ഒറ്റയാൻ കുതിപ്പ്. തടയാൻ എത്തിയ യുമ്നം രാജുവിനെ മറികടന്ന് ദൂംഗലിന്റെ സ്്ക്വയർ പാസ് ബോകസിലേക്ക്. ഓടിയെത്തിയ വിനീതിന്റെ ക്ലോസ് റേഞ്ചർ സുബ്രതാ പോളിനെ മറികടന്നു വലയിൽ(2–2).

പിഴവിന്റെ വില

കഴിഞ്ഞ മൽസരങ്ങളിൽ മിന്നിയ സഹലിനെയും ദൂംഗലിനെയും ആദ്യ ഇലവനിൽ പുറത്തിരുത്തിയതിന് ബ്ലാസ്റ്റേഴ്സ് നൽകിയതു വലിയ വിലയാണ്. ബാൾക്കൻ സഖ്യമായ മാതേയ് പൊപ്ലാട്നിക്ക്– സ്റ്റൊയനോവനിച്ച് കൂട്ടുകെട്ടടക്കം 5 വിദേശതാരങ്ങളെ ആദ്യ ഇലവനിൽ തിരികെക്കൊണ്ടുവന്നെങ്കിലും മധ്യനിരയിൽ സഹലിന്റെയും ദൂംഗലിന്റെയും അസാന്നിധ്യം പ്രകടമായിരുന്നു. പകരം ഇറങ്ങിയ കെസിറോൺ കിസിത്തോ തീർത്തും നിറം മങ്ങുകയും ചെയ്തു.സസ്‌‌പെൻഷൻ കഴിഞ്ഞെത്തിയ ഡിഫൻഡർ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിന്റെ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല.   പിൻനിരയിൽ ക്യാപ്റ്റൻ ടിരിയും മധ്യനിരയിൽ സെർജിയോ സിഡോഞ്ചയും മുൻനിരയിൽ ടിം കാഹിലും നടത്തിയ മികച്ച പ്രകടനമാണ് ജെഎഫ്സിക്ക് മൽസരത്തിൽ ഏറെ നേരം ആധിപത്യം നൽകിയത്.