ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ എതിരാളി എഫ്സി ഗോവ; ഇത്തവണയെങ്കിലും ജയിക്കില്ലേ?

കൊച്ചി∙ എഫ്സി ഗോവ: 6 കളി, 18 ഗോൾ. പോയിന്റ് പട്ടികയിൽ തലയെടുപ്പോടെ ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്സ്: 6 കളി, 8 ഗോൾ.  ആദ്യ അഞ്ച് സ്ഥാനത്തു പോലുമില്ല! കണക്കുകൾക്കു പക്ഷേ, കളിക്കളത്തിൽ  സ്ഥാനമില്ലെന്നു തെളിയിക്കേണ്ട ബാധ്യത ബ്ലാസ്റ്റേഴ്സിനാണ്. ഐഎസ്എൽ 5 –ാം സീസണിലെ ആദ്യ പോരിൽ കൊൽക്കത്തയെ വീഴ്ത്തിയശേഷം ജയം അറിഞ്ഞിട്ടില്ല, കേരളത്തിന്റെ കൊമ്പന്മാർ. നാലു തുടർ സമനിലകൾ. ഒടുവിൽ, തിങ്കളാഴ്ച ബെംഗളൂരു എഫ്സിയോടു തോൽവിയും.

എല്ലാം മറക്കണമെങ്കിൽ ഗോവയ്ക്കെതിരെ വിജയം കൂടിയേ തീരൂ. ഇന്നു രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്. 

അടിമുടി മാറണം

‘‘ഏതാനും വിജയങ്ങൾ മതി, ഞങ്ങൾക്കും പോയിന്റ് പട്ടികയിൽ മുന്നിലെത്താം’’ – ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ താങ്ബോയ് സിങ്തോ കളിത്തലേന്നു പറഞ്ഞ വാക്കുകൾ പൊന്നാകണമെങ്കിൽ ബ്ലാസ്റ്റേഴ്സ് അടിമുടി മാറണം. തുറന്ന അവസരങ്ങൾ പോലും പാഴാക്കുന്നതും അവസാന 10 മിനിറ്റുകളിൽ കളിയിലെ നിയന്ത്രണം കൈവിടുന്നതുമാണു ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ.  കോച്ച് ഡേവിഡ് ജയിംസും പരിശീലക സംഘവും അതിനു മറുമരുന്നു കണ്ടെത്തിയേ തീരൂ. ഇല്ലെങ്കിൽ, ഗോവൻ സൂപ്പർ സ്ട്രൈക്കർ ഫെറാൻ കോറോമിനാസും സംഘവും കലൂരിൽ ഗോവൻ കാർണിവലൊരുക്കും.  

ഊഴം കാത്ത് അനസ് 

ദേശീയ ടീമിന്റെ പ്രതിരോധ നിരയിലെ കരുത്തരാണു സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും. പക്ഷേ, ജിങ്കാനൊപ്പം ബ്ലാസ്റ്റേഴ്സിനായി ഇതുവരെ കളത്തിലിറങ്ങാൻ അനസിന് അവസരം കിട്ടിയിട്ടില്ല. ‘‘ ഇതൊരു പ്രഫഷനൽ ക്ലബല്ലേ. 25 കളിക്കാരുണ്ട്. പ്രതിരോധനിര താരങ്ങൾ തന്നെ 8 പേരുണ്ട്. മാത്രമല്ല, ടീം ഗോളുകൾ വഴങ്ങിയതു പ്രതിരോധ നിരയുടെ പിഴവുകൊണ്ടല്ല താനും. 

അതുകൊണ്ടു തന്നെ പ്രതിരോധത്തിൽ അഴിച്ചുപണി ആവശ്യമുണ്ടെന്നു കോച്ചിനു തോന്നിയിട്ടുണ്ടാകില്ല. ഞാൻ ടീമിനൊപ്പമാണ്, കോച്ചിനും’ – ഇന്നലെ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ അനസ് പറഞ്ഞു. എന്നാൽ, അനസിന്റെ അരങ്ങേറ്റം ഇന്നുണ്ടാകുമെന്നാണു സൂചന. പ്രതിരോധ നിരയിലെ ജിങ്കാൻ – പെസിച്ച് സഖ്യം പൊളിക്കാതെ അനസിനെക്കൂടി ഉൾപ്പെടുത്തണമെങ്കിൽ ടീം ഘടനയിൽ വ്യത്യാസം വരുത്തണമെന്നു മാത്രം.  

കൊൽക്കത്തയ്ക്ക് വിജയം

കൊൽക്കത്ത∙ ഐഎസ്എല്ലിൽ പുണെ സിറ്റി എഫ്സിയെ എടികെ ഒറ്റഗോളിനു വീഴ്ത്തി. 82–ാം മിനിറ്റിൽ ബ്രസീൽ താരം ഗെർസന്റെ ഹെഡർ ഗോളാണ് ഹോം മാച്ചിൽ കൊൽക്കത്തയ്ക്കു വിജയമൊരുക്കിയത്. 7 കളിയിൽ 2 സമനില മാത്രം സ്വന്തമായുള്ള പുണെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു തുടരുന്നു.