അവസരങ്ങൾ പാഴാക്കി ചെന്നൈയിൻ; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ് (0-0)

ചെന്നൈയിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ്–ചെന്നൈയിൻ എഫ്സി മൽസരത്തിൽനിന്ന്. ചിത്രം: വിബി ജോബ്

ചെന്നൈ∙സമനിലക്കെട്ടഴിക്കാൻ പോന്ന ചുഴലിയൊന്നും കളത്തിൽ വീശിയില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡാർബിക്കൊടുവിൽ  കേരള ബ്ലാസ്റ്റേഴ്സും ചെന്നൈ എഫ്സിയും സമനില തെറ്റാതെ തിരിച്ചു കയറി(0-0). ഗോൾ ആവേശം ഒഴിഞ്ഞു നിന്ന മൽസരത്തിന്റെ ഏറിയ പങ്കും വിരസമായിരുന്നു.

ഇതോടെ, ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ ജയമില്ലാതെ കേരളത്തിന് 8 മൽസരങ്ങളായി. ഈ വർഷം ഹോം മൽസരം ജയിച്ചിട്ടില്ലെന്ന നാണക്കേട് മായ്ക്കാൻ ചെന്നൈയ്ക്കുമായില്ല.  9 മൽസരങ്ങളിൽ നിന്ന് 8 പോയിന്റുമായി കേരളം ഏഴാം സ്ഥാനത്തു തുടരുന്നു. അത്രയും കളികളിൽ അഞ്ചു പോയിന്റോടെ ചെന്നൈ എട്ടാം സ്ഥാനത്ത്. 

ബ്ലാസ്റ്റേഴ്സിന്റെ മാതേയ് പൊപ്ലാട്നിക്കിന്റെ മുന്നേറ്റം തടയുന്ന ചെന്നൈയുടെ ജെജെ ലാൽപെഖുല. ചിത്രം വിബി ജോബ്∙ മനോരമ

∙മാറ്റമില്ലാതെ ഈ കളിയും

പ്രതിരോധത്തിൽ ജിങ്കാൻ പുറത്തായപ്പോൾ അനസ് അകത്തായി. മധ്യത്തിൽ സഹൽ അബ്ദുസമദിനൊപ്പം സക്കീർ മുണ്ടംപാറ.ഏക സ്ട്രൈക്കറായി മാതേയ് പൊപ്ലാട്നിക്. ആദ്യ പകുതിയിൽ സമനിലക്കെട്ടു പൊട്ടാതിരുന്നതിനു നന്ദി പറയേണ്ടതു ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ കൈക്കരുത്തിന്. പിന്നെ, പ്രതിരോധത്തിന്റെ ഇരട്ടച്ചങ്കിനും!

മറുവശത്ത്  ചെന്നൈ രണ്ടിലൊന്നറിയാൻ ഉറച്ചായിരുന്നു. മധ്യനിരയിൽ റഫേൽ അഗസ്റ്റോ ചാട്ടുളിയായി. മുന്നേറ്റത്തിൽ തോയ് സിങ് മിന്നൽ പിണരായി. പഴയ ഫോമിലല്ലെങ്കിലും ജെജെ ലാൽപെഖുല കട്ടയ്ക്കു കൂടെ നിന്നു. ഗോളല്ലാത്തതെല്ലാം ആദ്യ പകുതിയിൽ ചെന്നൈയുടെ കളിയിലുണ്ടായിരുന്നു.