ഒന്നു ജയിക്കൂ!; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്സിക്കെതിരെ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ.

കൊച്ചി ∙ സെപ്റ്റംബർ 29; ഐഎസ്എൽ അഞ്ചാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ ദിനം. സീസണിലെ ആദ്യ പോരിൽ തന്നെ ജയം അനുഗ്രഹിച്ച ദിവസം. കൊൽക്കത്തയ്ക്കെതിരെ അവരുടെ നാട്ടിൽ 2 ഗോൾ ജയം. ബ്ലാസ്റ്റേഴ്സ് മിന്നിക്കുമെന്നു മോഹിച്ച ആരാധകപ്പടയെ ആശങ്കയിലാഴ്ത്തി 65 ദിവസം കൂടി കടന്നുപോയി; ഒരു ജയം പോലുമില്ലാത്ത 8 കളികളും. 

ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും സ്വന്തം ഗ്രൗണ്ടിലിറങ്ങുകയാണ്; ശക്തരായ ജംഷെഡ്പുർ എഫ്സിക്കെതിരെ. ഒരു തോൽവി കൂടി പിണഞ്ഞാൽ ലീഗിലെ ഭാവി തന്നെ അപകടത്തിലാകും. ആരാധകരുടെ രോഷപ്രകടനങ്ങൾക്കു നടുവിലാണു ടീം ഇന്നിറങ്ങുന്നത്. കോച്ച് ഡേവിഡ് ജയിംസിനെതിരെയാണ് അവരുടെ രോഷം.

കണക്കുകളിൽ ജംഷഡ്പുർ

10 കളികളിൽ 15 പോയിന്റ് സമ്പാദ്യം. പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥാനം. ലീഗിൽ ഇതുവരെ 18 ഗോളുകളാണു ടീം എതിർവലകളിൽ നിക്ഷേപിച്ചത്. ഗോളടിയിൽ ഗോവയ്ക്കു മാത്രം പിന്നിൽ.
പക്ഷേ, ഗോൾ വഴങ്ങുന്നതിലും പിശുക്കില്ലെന്ന അപകടം പിന്നാലെയുണ്ട്. ബ്ലാസ്റ്റേഴ്സിന് 9 കളികളിൽ 8 പോയിന്റ് മാത്രം. പോയിന്റ് പട്ടികയിലാകട്ടെ ‘ അപകടകരമായ’ നിലയിലും.

കാഹിൽ ഇറങ്ങിയേക്കും

പരുക്കിൽ നിന്നു മോചിതരായ കറേജ് പെക്കുസനും സ്റ്റൊയനോവിച്ചും ഇന്നു തിരിച്ചെത്തിയേക്കുമെന്നതു ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകും.  ഉരുക്കു നഗര ടീമിന്റെ പ്രതിസന്ധി ഓസ്ട്രേലിയൻ സൂപ്പർതാരം ടിം കാഹിലിന്റെ പൂർണ സേവനം ലഭിക്കാത്തതാണ്.  ഇന്നു പക്ഷേ, അദ്ദേഹം കളത്തിലിറങ്ങുമെന്ന പ്രതീക്ഷയാണു കോച്ച് ഫെറാൻഡോ പങ്കുവയ്ക്കുന്നത്.  ഗോളടിക്കാനും ഗോളിനു വഴിയൊരുക്കാനും കഴിയുമായിരുന്ന മിഡ്ഫീൽഡർ സെർജിയോ സിഡോൻചയുടെ അഭാവം അവരെ വലയ്ക്കുന്നുണ്ട്.