ആരാധകർക്കു നൽകാൻ ‘കൂടുതലൊന്നുമില്ല’; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില (1–1)

ഐഎസ്എല്‍ ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ലെന്‍ ദുംഗല്‍ സമനില ഗോള്‍ നേടുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കൊച്ചി ∙ പതിവ് ‘പുകഴ്ത്തൽ ബാനറു’കൾക്കു പകരം ‘ഞങ്ങൾ ഇതിൽ കൂടുതൽ അർഹിക്കുന്നു’ എന്നെഴുതിയ പ്രതിഷേധ ബാനറുമായെത്തിയ മഞ്ഞപ്പടയ്ക്കു കൊടുക്കാനും ഡേവിഡ് ജയിംസിന്റെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ ഇതേയുള്ളൂ; സമനില, സമനില മാത്രം. സീസണിലെ പത്താം അങ്കത്തിൽ ജംഷഡ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം സമനിലയാണിത്. മഴപ്പെയ്ത്തോടെ തുടക്കമിട്ട ആവേശപ്പോരിനൊടുവിൽ പാഴാക്കിയ അവസരങ്ങളോർത്ത് നെടുവീർപ്പിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകർക്കും ഒരിക്കൽക്കൂടി കൊച്ചിയിൽനിന്നു മടക്കം. കളിയുടെ അവസാന നിമിഷത്തിൽ ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച കോർണറിൽനിന്ന് ഗോൾഭീഷണിയുമായെത്തിയ പന്തിനെ ഉന്തിപ്പുറത്താക്കി ‘സമനില’ തെറ്റാതെ കാത്ത ധീരജ് സിങ്ങിനും നന്ദി പറയാം. ഇനി വെള്ളിയാഴ്ച ഇതേ സ്റ്റേഡിയത്തിൽ പുണെ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 67–ാം മിനിറ്റിൽ സ്പാനിഷ് താരം കാർലോസ് കാർലോയുടെ പെനൽറ്റി ഗോളിൽ മുന്നിൽക്കയറിയ ജംഷഡ്പുരിനെ 77–ാം മിനിറ്റിൽ ലെൻ ഡുംഗൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയിൽ തളച്ചത്. ഇതോടെ 10 കളികളിൽനിന്ന് ആറാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനം നിലനിർത്തി. സീസണിലെ ഏഴാം സമനില വഴങ്ങിയ ജംഷഡ്പുർ എഫ്സിയാകട്ടെ, 11 മൽസരങ്ങളിൽനിന്ന് 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തും തുടരുന്നു. ഇരു ടീമുകളും ജംഷഡ്പുരിന്റെ മൈതാനത്ത് കണ്ടുമുട്ടിയപ്പോഴും ഫലം സമനിലയായിരുന്നു. അന്ന് രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണ് തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കിയത്.

∙ ഗോളുകൾ വന്ന വഴി

ജംഷഡ്പുരിന്റെ ആദ്യ ഗോൾ: അവസരങ്ങളേറെ പാഴാക്കിയ കേരളാ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊച്ചിയിലെ കളിമുറ്റത്ത് ലീഡു നേടിയത് ജംഷഡ്പുർ എഫ്സി. 67–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്പാനിഷ് താരം കാർലോസ് കാർലോയാണ് സന്ദർശകർക്കു ലീഡു സമ്മാനിച്ചത്. പ്രതിരോധം പൊളിഞ്ഞുനിൽക്കെ സോളോ മുന്നേറ്റത്തിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിനകത്തേക്കു കടക്കാനൊരുങ്ങിയ ഓസീസ് താരം ടിം കാഹിലിനെ ഗോൾകീപ്പർ ധീരജ് സിങ് ഫൗൾ ചെയ്തതാണ് പെനൽറ്റിയിലേക്കു നയിച്ചത്. കിക്കെടുത്ത കാർലോ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0

ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ: ഒരെണ്ണം കിട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സും ഉണർന്നു. ആദ്യപകുതി മുതൽ കാത്തുകാത്തുവച്ച ഗോൾ ഒടുവിൽ ബ്ലാസ്റ്റേഴ്സ് യാഥാർഥ്യമാക്കിയത് രണ്ടാം പകുതിയിൽ. ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തുമ്പോൾ മൽസരത്തിനു പ്രായം 77 മിനിറ്റ്. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു ഗോൾനീക്കത്തിന്റെ തുടക്കം. ജംഷഡ്പുർ പ്രതിരോധം ആദ്യം ക്ലിയർ ചെയ്ത പന്ത് വീണ്ടും അവരുടെ ബോക്സിനുള്ളിലേക്ക്. ബോക്സിനുള്ളിൽ വീണ പന്തിനായി ജയ്റുവും ഡുംഗലും തമ്മിൽ ഉഗ്രൻ പോരാട്ടം. ഇതിനിടെ പന്തു കയ്യിലൊതുക്കാൻ കയറിയെത്തിയ സുബ്രതോ പോളിനു പിഴച്ചു. ഡുംഗലിന്റെ കാൽസ്പർശത്തോടെ പന്തു വലയിൽ. സ്കോർ 1–1.

∙ ആരാധകരൊഴിഞ്ഞു, കളിക്കു മാറ്റമില്ല

ടീമിന് സർവ പിന്തുണയും വാഗ്ദാനം ചെയ്യുന്ന പതിവു പിന്തുണ പോസ്റ്ററുകൾക്കും ബാനറുകൾക്കും പകരം ‘സപ്പോർട്ടേഴ്സ്, നോട്ട് കസ്റ്റമേഴ്സ്’ (പിന്തുണയ്ക്കുന്നവരാണ്, ഉപഭോക്താക്കളല്ല), ‘വി ഡിസേർവ് ബെറ്റർ’ (ഞങ്ങൾ കൂടുതൽ അർഹിക്കുന്നു) തുടങ്ങിയ പ്രതിഷേധ ബാനറുകളുമായാണ് മഞ്ഞപ്പട സ്റ്റാൻഡിൽ ആരാധകരെത്തിയത്. വന്നവർ തന്നെ എണ്ണത്തിൽ തീരെ കുറവും. കളി തുടങ്ങുമ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായിരുന്നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറി. ബ്ലാസ്റ്റേഴ്സിന്റെ ഓരോ മൽസരത്തിനും മണിക്കൂറുകൾക്കു മുൻപ് ഗാലറിയിൽ കണ്ടിരുന്ന മഞ്ഞപ്പട അപ്രത്യക്ഷമായിരുന്നു. സ്റ്റേഡിയത്തിൽ ആകെയുണ്ടായിരുന്നത് അവിടിവിടെയായി ഏതാനും മഞ്ഞ ജഴ്സിയണിഞ്ഞ ആരാധകർ മാത്രം. പ്രതിഷേധ സൂചകമായിട്ടായിരിക്കണം, അവരിൽ ചിലർ കറുത്ത കവർ കൊണ്ട് മുഖം മൂടിയിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ ‘മഞ്ഞപ്പട’ തമ്പടിക്കാറുള്ള സ്റ്റാൻഡിലും ഇക്കുറി കൊടിതോരണങ്ങളൊന്നുമുണ്ടായില്ല. കൊട്ടും കുരവയും അവിടെനിന്ന് അകന്നു. പതിവു പുകഴ്ത്തൽ പോസ്റ്ററുകൾക്കു പകരം സ്റ്റേഡിയം നിറച്ചത് ചില പ്രതിഷേധ ബാനറുകളും. ചെന്നൈയിൻ എഫ്സിക്കെതിരെ സമനില വഴങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് പരിശീലകൻ ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തിയത്. പരുക്കേറ്റ നിക്കോള കിർമാരെവിച് പുറത്തുപോയപ്പോൾ മുഹമ്മദ് റാക്കിപ്, മാതേയ് പോപ്ലാട്നിക് എന്നിവർ പകരക്കാരുടെ ബെഞ്ചിലേക്കു മാറി. ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ ‍ആദ്യ ഇലവനിൽ തിരിച്ചെത്തി. ജിങ്കാനൊപ്പം ലെൻ ഡുംഗൽ, സ്ലാവിസ സ്റ്റോയനോവിച്ച് എന്നിവരും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ധീരജ് സിങ്ങ് തന്നെ ഗോൾവല കാത്ത ടീമിൽ മാറ്റങ്ങളുണ്ടായിരുന്നില്ല. ജംഷഡ്പുർ നിരയിൽ പരുക്കുമാറി സൂപ്പർതാരം ടിം കാഹിൽ തിരിച്ചെത്തി.

ഓങ്ങിയോങ്ങി ബ്ലാസ്റ്റേഴ്സ്, സമനില െതറ്റാതെ ജംഷഡ്പുർ

മഴപ്പെയ്ത്തിനും കെടുത്താനാകാതെ പോയ ആവേശപ്പകുതി! ഗോളുകളൊന്നും പിറന്നില്ലെങ്കിലും ‘ത്രില്ലിങ് നിമിഷങ്ങൾ’ കൊണ്ടു സമ്പന്നമായിരുന്നു ആദ്യ പകുതി. അൽപം കൂടി കൃത്യതയും കൂട്ടിനു ഭാഗ്യവുമുണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾക്കെങ്കിലും ലീഡു നേടേണ്ട ആദ്യപകുതിയാണ് ഗോൾരഹിതമായി അവസാനിച്ചത്. മഴമൂലം വഴുക്കിക്കിടക്കുന്ന സ്റ്റേഡിയത്തിൽ ജംഷഡ്പുർ താരം മൈക്കൽ സൂസൈരാജ് 11–ാം മിനിറ്റിൽത്തന്നെ പരുക്കേറ്റ് തിരിച്ചുകയറി. പകരമെത്തിയത് ഇരുപതുകാരൻ ജെറി മാൻതാങ്‌വി. ബ്ലാസ്റ്റേഴ്സ് നിരയിൽ സകല മുന്നേറ്റങ്ങളുടെയും സൂത്രധാരനായി നിന്ന യുഗാണ്ടൻ താരം കിസീറോൺ കിസീത്തോയും ആദ്യപകുതിയിൽ പരുക്കേറ്റ് മടങ്ങിയത് ആതിഥേയർക്കും ക്ഷീണമായി. പരുക്കുമാറിയെത്തിയ കറേജ് പെക്കൂസനാണ് പകരം മധ്യനിരയിൽ കളിച്ചത്.

ഏഴാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് സ്ലാവിസ സ്റ്റോയനോവിച്ച് പാഴാക്കിയ അവസരത്തിൽ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സിന്റെ ശനിദശ. ബോക്സിനുള്ളിൽ സഹൽ വീണുകിടന്നു നൽകിയ പാസ് ക്ലോസ് റേഞ്ചിൽ സുവർണാവസരമാണ് സ്റ്റോയനോവിച്ചിന് ഒരുക്കിയത്. രണ്ടു ചുവടു മുന്നോട്ടുവച്ച് സ്റ്റോയനോവിച്ച് തൊടുത്ത ഷോട്ട് പുറത്തുപോയി. 21–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു കിട്ടിയ ഏറ്റവും മികച്ച അവസരം. ജംഷഡ്പുർ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് സഹലിന്. പോസ്റ്റിന്റെ മുകൾഭാഗത്തുകൂടി ലക്ഷ്യം കാണാനുള്ള സഹലിന്റെ ശ്രമത്തിന് ക്രോസ് ബാർ വില്ലനായി. പന്ത് ബാറിലിടിച്ചു തെറിച്ചു!

30–ാം മിനിറ്റിൽ നർസാരിക്കും കിട്ടി സുവർണാവസരം. ബോക്സിനുള്ളിൽ പന്തു കിട്ടിയ നർസാരി തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 33–ാം മിനിറ്റിലാണ് ജംഷഡ്പുരിന് മൽസരത്തിലെ സുവർണാവസരം ലഭിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ജെറി മാൻതാങ്‌വിക്കു പന്തു ലഭിക്കുമ്പോൾ മുന്നിൽ ഗോൾകീപ്പർ മാത്രം. ഗോളിയെയും കബളിപ്പിച്ച് ജെറി ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്തു പായിച്ചെങ്കിലും ഇ‍ഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിനു കിട്ടി മികച്ചൊരു അവസരം. ഇക്കുറി ജംഷഡ്പുർ ബോക്സിനുള്ളിൽ പന്തു കിട്ടിയ നർസാരി അതു സ്റ്റോയനോവിച്ചിനു മറിച്ചു. ഇതിനിടെ ഉയർന്നുചാടി പന്തു കൈക്കലാക്കാനുള്ള ജംഷഡ്പുർ ഗോൾകീപ്പർ സുബ്രതോ പോളിന്റെ ശ്രമം പാളി. ഗോളി വീണുകിടക്കെ സ്റ്റോയനോവിച്ച് പന്ത് ബോക്സിന് ഒത്ത നടുവിൽ ലെൻ ഡുംഗലിനു നൽകി. ഒന്നു വട്ടം കറങ്ങി ഗോളിയില്ലാ പോസ്റ്റിലേക്ക് ഡുംഗൽ തൊടുത്ത ഷോട്ട് ഗോൾവരയ്ക്കരികിൽ മെമോ തടുത്തു. ഇതു ബ്ലാസ്റ്റേഴ്സിന്റെ ദിനമല്ലെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ച ഗോൾലൈൻ സേവ്!

രണ്ടാം പകുതിയും വ്യത്യസ്തമായില്ല. ഇക്കുറിയും മികച്ച അവസരങ്ങൾ ലഭിച്ചത് ബ്ലാസ്റ്റേഴ്സിനു തന്നെ. സ്റ്റോയനോവിച്ചും ഡുംഗലും സി.കെ. വിനീതുമെല്ലാം തരംപോലെ അവസരങ്ങൾ പാഴാക്കി. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിനുള്ള ഉണർത്തുപാട്ടു പോലെ പെനൽറ്റിയുടെ രൂപത്തിൽ ആദ്യ ഗോളെത്തിയത്. അപ്രതീക്ഷിതമായി വഴങ്ങേണ്ടിവന്ന ഗോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഉണർത്തി. അതിന്റെ ഫലമായിരുന്നു 10 മിനിറ്റിനുള്ളിൽ തിരിച്ചടിച്ച സമനില ഗോൾ. തുടർന്നും ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ കോർണറിൽനിന്ന് ഗോൾമണവുമായെത്തിയ പന്തിനെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിങ് കുത്തിപ്പുറത്താക്കിയതോടെ കൊച്ചിയിൽ മറ്റൊരു സമനിലപ്പോരിനും വിരാമം!