പോർച്ചുഗലിൽനിന്നുള്ള നെലോ വിൻഗഡ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

നെലോ വിൻഗഡ

പോർച്ചുഗീസുകാരൻ നിലോ വിൻഗാഡ (65) കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി നിയമിതനായി. ഐഎസ്എൽ 5–ാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ, തുടർന്നുള്ള സൂപ്പർ കപ്പ് എന്നിവയാണു കരാറിലുള്ളത്. പോർച്ചുഗൽ, സൗദി അറേബ്യ, ജോർദാൻ, മലേഷ്യ ദേശീയ ടീമുകളുടെ മുഖ്യപരിശീലകനായിരുന്ന വിൻഗാഡ പോർച്ചുഗൽ, ഇറാൻ ഒളിംപിക് ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2016–17 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ ആയിരുന്നു. 

കൊച്ചി ∙ പ്രഫസർ എന്നു വിളിപ്പേര്. അതു പാശ്ചാത്യലോകം ചാർത്തിയ പേര്. കേരള ബ്ലാസ്റ്റേഴ്സിൽ പോർച്ചുഗീസുകാരൻ നിലോ വിൻഗാഡയെ കാത്തിരിക്കുന്നതു വ്യത്യസ്തമായ ക്ലാസ് മുറി, തീർത്തും വേറിട്ട പരീക്ഷ. വിൻഗാഡ വേറിട്ട തലത്തിലെ ആഡംബര സൗകര്യങ്ങൾ ഉപയോഗിച്ച അധ്യാപകൻ. അദ്ദേഹത്തിന്റെ ഫുട്ബോൾ പരിശീലന ചരിത്രവുമായി തട്ടിച്ചു നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് നാട്ടുമ്പുറത്തെ സർക്കാർ സ്കൂൾ.  ഇതു കളരി വേറെ. അതുകൊണ്ടാവും വിൻഗാഡ ചാടിവീണ് ഐഎസ്എൽ ആറാം സീസണിലേക്കു കരാറിനു മുതിരാത്തത്. ഈ സീസണിലെ ശേഷിക്കുന്ന 6 മാച്ച്, പിന്നെ യോഗ്യത നേടുമെങ്കിൽ സൂപ്പർ കപ്പ് മൽസരങ്ങൾകൂടി. അത്രയുമാകട്ടെ, ബാക്കി പിന്നീട് എന്നതാണു വിൻഗാഡയുടെ നിലപാട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ചിന്തിക്കുന്നത് അതേ ലൈനിൽത്തന്നെ.

എഡ്വാഡോ മാനുവൽ മാർട്ടീഞ്ഞോ ബ്രഗാൻസ ഡെ വിൻഗാഡ എന്ന നിലോ വിൻഗാഡ പ്രശസ്തനാണ്. അദ്ദേഹം പരിശീലിപ്പിച്ച ടീമുകളുടെ പട്ടിക നീണ്ടതാണ്, അതിൽ പലതും ദേശീയ ടീമുകളുമാണ്. ചില നേട്ടങ്ങൾ: പോർച്ചുഗലിനെ യൂത്ത് ലോകകപ്പിൽ (1995) മൂന്നാം സ്ഥാനക്കാരാക്കി. സൗദി അറേബ്യയെ ഏഷ്യൻ ജേതാക്കളാക്കി (1996). സൗദിയെ 1998 ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിച്ചു. പോർച്ചുഗലിനെ അറ്റ്ലാന്റ് ഒളിംപിക്സിന്റെ സെമിയി‍ലേക്കു നയിച്ചു. എഫ്സി സോളിനെ ദക്ഷിണ കൊറിയയിലെ പല കിരീടങ്ങളിലേക്കും എത്തിച്ചു (2010).

‌നല്ല ടീമിനെ കിട്ടിയില്ലെങ്കിൽ പല പരിശീലകരുടെയും പ്രതിഛായ മോശമാകുന്നതു ഫുട്ബോളിലെ പഴകിയ കാഴ്ച. 2017ൽ മലേഷ്യൻ ദേശീയ ടീമിൽ ജോലി ചെയ്തപ്പോൾ വിൻഗാഡയ്ക്കു സംഭവിച്ചതും അതുതന്നെ. 7 കളിയിൽ 6 തോൽവി, ഒരു സമനില. 2016–17ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും വളർച്ചയ്ക്കുപകരം വരൾച്ചയായിരുന്നു. 14 കളി, 5 ജയം, 3 സമനില, 6 തോൽവി. പ്രതിഛായ മോശമാകുന്ന കോച്ചിനെ ആരാധകർ വലിച്ചുകീറി ഒട്ടിക്കുന്നത് കേരള ഫുട്ബോളിലെ പുതിയ കാഴ്ച. വിൻഗാഡയ്ക്ക് എന്തു സംഭവിക്കും?

ബ്ലാസ്റ്റേഴ്സിൽ വിൻഗാഡയ്ക്കു കിട്ടുന്നതു ലീഗിലെ ഏറ്റവും മികച്ച ടീമല്ല. പോരായ്മകൾ പലതുണ്ട്. സ്വന്തം ബോക്സിൽനിന്ന് എതിർ ബോക്സിലേക്കു പട നയിക്കാൻ ശേഷിയുള്ള മധ്യനിര ജനറൽ ഇല്ലാത്ത ടീമാണ്. ആത്മവിശ്വാസം ഉയർന്ന തലത്തിലല്ല. ഈ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. യുവാക്കളെ പരിശീലിപ്പിക്കുന്നതിൽ ഈ കോച്ചിനു പ്രത്യേക വൈദഗ്ധ്യമുണ്ട്. ബ്ലാസ്റ്റേഴ്സിന്റേതു യുവനിരയാണ്. വിൻഗാഡയുടെ കയ്യിൽ യുവാക്കൾ നന്നായി വഴങ്ങിയാൽ,  രൂപപ്പെട്ടാൽ ആരാധകർക്കു പ്രതീക്ഷ വയ്ക്കാം. ഈ സീസണിലേക്കല്ല, അടുത്തതിലേക്ക്. പ്രതീക്ഷയുടെ ഫ്രീകിക്ക് ഉതിർക്കാൻ വിൻഗാഡയ്ക്കു സമയമുണ്ടോ? ലീഗ് അവസാനഘട്ടത്തിലാണ്. ഫൈനൽ വിസിൽ അകലെയല്ല. ടീം പിന്നിലാണ്. പൊരുതിക്കയറാൻ സമയമില്ല. ചില ഞെട്ടിക്കലുകൾക്ക് സമയം കിട്ടിയാൽ അഭിമാനം തിരിച്ചുപിടിക്കാം.ഇവിടെ പരീക്ഷ വിദ്യാർഥികൾക്കു മാത്രമല്ല, പ്രഫസർക്കു കൂടിയാണ്. 

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ

ഐഎസ്എൽ സീസണിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. 12 കളികൾ പൂർത്തിയായപ്പോൾ ആകെ പോയിന്റ് 9 മാത്രം. ഇനി ആറു കളികളും ജയിച്ചാലും പ്ലേഓഫ് സാധ്യത അതിവിദൂരം.