പുതിയ കുതിപ്പിന് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ ഇന്ന് എടികെയ്ക്കെതിരെ

കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ പരിശീലനത്തിൽ.

ഐഎസ്എല്ലിൽ ഇടവേളയ്ക്കു ശേഷം വീണ്ടും കളി. കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്– എടികെ മൽസരം. ബ്ലാസ്റ്റേഴ്സിന് 12 കളികളിൽ ഒരു ജയം മാത്രം. 6 സമനില, 5 തോൽവി. ഒൻപതു പോയിന്റുമായി 8–ാം സ്ഥാനത്ത്. എടികെ 16 പോയിന്റോടെ ആറാം സ്ഥാനത്ത്. വൈകിട്ട് 7.30ന് കിക്കോഫ്.

കൊച്ചി ∙ വീണ്ടും പന്തുരുളുന്നു, 40 ദിവസത്തിനുശേഷം. 116 ദിവസത്തിനിടെ ഒരുവിജയംപോലും കാണാത്ത ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുന്നു, എടികെയ്ക്ക് എതിരെ. ഐഎസ്എൽ 5–ാം സീസൺ ഉദ്ഘാടന മൽസരത്തിൽ ഇതേ എടികെയെ അവരുടെ തട്ടകത്തിൽ 2–0നു വീഴ്ത്തിയശേഷം കേരള ബ്ലാസ്റ്റേഴ്സിനു മറ്റൊരു വിജയമില്ല. ആദ്യതോൽവിക്കുശേഷം എടികെ ഏറെ മാറിയിരിക്കുന്നു. അഥവാ കോച്ച് സ്റ്റീവ് കൊപ്പൽ ടീമിനെ മാറ്റിയെടുത്തു. 

പുതുവർഷത്തിലെ ആദ്യ മൽസരത്തിൽ ‘മാറ്റം’ തോന്നിക്കുന്ന ടീമാണു ബ്ലാസ്റ്റേഴ്സ്. മുഖ്യപരിശീലകനായി നെലോ വിൻഗാദ. ലീഗ് ഇടവേളയ്ക്കു പിരിയുമ്പോൾ ടീമിൽ ഉണ്ടായിരുന്ന സി.കെ. വിനീത്, ഹോളിചരൺ നർസാരി, ഗോളി നവീൻ കുമാർ എന്നിവർ ഇപ്പോഴില്ല. 6 മാസത്തെ സസ്പെൻഷൻമൂലം സക്കീർ മുണ്ടമ്പാറയും ഉണ്ടാവില്ല. മിനർവ പഞ്ചാബിൽനിന്നെത്തിയ നോങ്ദംബ നവോറെം (18), ചെന്നൈയിൻ എഫ്സിയിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ ഗോകുലം വഴി എത്തിയ ബൊവറിങ്ദാവോ ബോഡോ (19) എന്നീ വിങ്ങർമാർ മുൻനിരയിൽ അവസരം തേടുന്നു. തീരുമാനം പക്ഷേ കോച്ചിന്റെ കയ്യിലാണ്. മതേയ് പൊപ്ലാട്നിക്–സ്ലാവിസ സ്റ്റൊയനോവിച് വിദേശജോടിയെ ആക്രമണത്തിനു നിയോഗിക്കാനാണു സാധ്യത.

കോച്ച് വിൻഗാദ എന്തെല്ലാംചെയ്യും? ടീമിന്റെ ശൈലി മാറ്റാൻ സമയം കിട്ടിയില്ല എന്നുവേണമെങ്കിൽ പറയാം. പക്ഷേ ബ്ലാസ്റ്റേഴ്സിനു തീരെ സമയമില്ല എന്നതാണു യാഥാർഥ്യം. കളിശൈലിയിൽ തനതു വ്യക്തിത്വം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു ഡേവിഡ് ജയിംസിനെതിരായ ആരോപണം. അതു വിൻഗാദ തിരുത്തും. യുവാക്കളെ രൂപപ്പെടുത്തുന്നതിൽ ‘പ്രഫസർ’ വിദഗ്ധനാണ്. പക്ഷേ അതിനെത്ര സമയം?

ഇന്നത്തെ 3 പോയിന്റ് കൊൽക്കത്തക്കാർക്ക് ഏറെ നിർണായകമാണ്. അതവരുടെ വരുംദിനങ്ങൾക്കു കുതിപ്പേകും. ബ്ലാസ്റ്റേഴ്സിന് അഭിമാനത്തിന്റെ പ്രശ്നമാണിത്. എത്ര ഗോളടിക്കും, ആരു ജയിക്കും എന്നീ ചോദ്യങ്ങൾപോലെ ബ്ലാസ്റ്റേഴ്സിനു പ്രസക്തമായ ഒരു ചോദ്യംകൂടിയുണ്ട്: ‘‘കാണികൾ സ്റ്റേഡിയത്തിലേക്കു തിരിച്ചെത്തുമോ’’?

∙നെലോ വിൻഗാദ, ബ്ലാസ്റ്റേഴ്സ് കോച്ച്:

‘‘ഞാൻ എത്തിയശേഷമായിരുന്നെങ്കിൽ സി.കെ. വിനീതിനെയും നർസാരിയെയും വിട്ടുകൊടുക്കില്ലായിരുന്നു. എന്തായാലും കൈവശമുള്ള കളിക്കാരെ ആവുന്നത്ര ഫലപ്രദമായി ഉപയോഗിക്കും. കളത്തിൽ അവർതമ്മിൽ ഏറ്റവും മികച്ച ഏകോപനം, അതാണു ലക്ഷ്യം. തങ്ങൾ എത്രത്തോളം യോദ്ധാക്കളാണെന്ന് അവർ ആരാധകർക്കും എതിരാളികൾക്കും കാണിച്ചുകൊടുക്കട്ടെ. ഓരോരുത്തരും കഴിവിന്റെ 10% അധികം പുറത്തെടുത്താൽ കളി ജയിക്കാം.’’

∙സ്റ്റീവ് കൊപ്പൽ, എടികെ കോച്ച്:

‘‘മികച്ച കളിയിലൂടെ പുതിയ കോച്ചിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ ബ്ലാസ്റ്റേഴ്സ് കളിക്കാർ ശ്രമിക്കുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സ് പഴയ പ്രതാപത്തിലേക്കു തിരിച്ചുവരട്ടെ, പക്ഷേ ഈ കളി കഴിഞ്ഞിട്ടുമതി. ലാൻസറോട്ടിയുടെ അഭാവത്തിൽ കാലു ഉച്ചെ, എഡു ഗാർഷ്യ, എവർട്ടൻ സാന്റോസ് എന്നിവരിലൂടെ മികച്ച ആക്രമണം മാത്രമല്ല, മികച്ച സ്കോറിങ്ങും ഞങ്ങൾ ലക്ഷ്യമിടുന്നു.’’

ടിക്കറ്റുകൾ ഇന്നും

ഇന്നത്തെ ബ്ലാസ്റ്റേഴ്സ്–എടികെ മൽസരത്തിന്റെ ടിക്കറ്റുകൾ കലൂർ സ്റ്റേഡിയത്തിലും മൈജി ഷോറൂമുകളിലും കിട്ടും. ഇൻസൈഡർ, പേയ്ടിഎം വെബ്സൈറ്റുകളിലും ടിക്കറ്റ് വിൽപനയുണ്ട്.