ഒരു പുരോഗതിയുമില്ലാതെ ബ്ലാസ്റ്റേഴ്സ്; മിഡ്ഫീൽഡ് തികച്ചും ശോകം! ഐ.എം. വിജയൻ എഴുതുന്നു

മഞ്ഞപ്പട സാക്ഷി: കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ബെംഗളൂരു എഫ്സിയുമായുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കുന്ന സ്ലാവിസ സ്റ്റൊയനോവിച്ച്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

വീണ്ടും കൊച്ചി. വീണ്ടും നിരാശ. ഇക്കുറി ബ്ലാസ്റ്റേഴ്സിനു സമനില കൊണ്ടു പോലും രക്ഷപ്പെടാനായില്ലെന്നതാണ് ഏക വ്യത്യാസം. കളിയിലും ഗെയിം പ്ലാനിലുമൊന്നും ഒരു പുരോഗതിയും ബ്ലാസ്റ്റേഴ്സ് കാണിക്കുന്നില്ല. മിഡ്ഫീൽഡാണ് ശോകം. കളി ജയിച്ചു കേറാൻ പോന്നൊരു കളി മധ്യനിരയിൽ ആരും പുറത്തെടുക്കുന്നേയില്ല.

കരുത്തുറ്റ ഏതു ടീമിലും കാണും കളം നിയന്ത്രിക്കുന്നൊരു മിഡ്ഫീൽഡ് എൻജിൻ. ബ്ലാസ്റ്റേഴ്സിൽ ഈ റോൾഏറ്റെടുക്കാനാരുമില്ല. പ്രതിരോധവും പറയത്തക്ക മികവു പുലർത്തുന്നില്ല. എല്ലാ കളിയിലും ഗോൾ വഴങ്ങുന്ന ഡിഫൻസ് എങ്ങനെ നല്ലതെന്നു പറയാനാകും?

അനസ് എടത്തൊടികയെന്ന പ്രതിരോധ നിര താരത്തെ ബഞ്ചിൽ ഇരുത്തുന്നത് അനീതിയാണ്. മികച്ച ഫോമിൽ അനസ് കളിക്കുന്ന നാളുകളാണിത്. ടീം മാനേജ്മെന്റ്  ഇക്കാര്യം മനസിലാക്കാത്തതു അദ്ഭുതപ്പെടുത്തുന്നു. ബെംഗളൂരു എഫ്സിയുടെ ഏറ്റവും മോശം കളികളിലൊന്നാണ് കൊച്ചി കണ്ടത്. എന്നിട്ടും മൂന്നു പോയിന്റോടെ മൽസരം പൂർത്തിയാക്കാൻ അവർക്കു സാധിച്ചു. ഇതിൽത്തന്നെ തെളിയുന്നുണ്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന്റെ നിലവാരം.

ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.