തന്ത്രം മാറി, ശൈലി മാറി, ടീമും; ഇത് സീസണിലെ മികച്ച പ്രകടനം: ഐ.എം. വിജയൻ

ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികച്ച പ്രകടനം – വിജയം വന്നില്ലെങ്കിലും ഹോം ഗ്രൗണ്ടിൽ ഇത്ര ഒത്തിണക്കത്തോടെ ടീം കളിക്കുന്ന കാഴ്ച ഏറെ നാളുകൾക്കു ശേഷമാണു കാണാനായത്. പതിവുപോലെ ഗാലറി നിറഞ്ഞു കാണികൾ നിരന്നില്ല. പക്ഷേ കളി കണ്ട ആരാധകരാരും നിരാശയോടെയായിരിക്കില്ല മടങ്ങിയത്. അവർ ഇതുവരെ കണ്ട ബ്ലാസ്റ്റേഴ്സ് അല്ല ഇന്നലെ കരുത്തരായ എടികെയ്ക്കെതിരെ കളത്തിലിറങ്ങിയത്.

മാറ്റത്തിന്റെ ക്രെഡിറ്റ് കോച്ച് നെലോ വിൻഗാദയ്ക്കു നൽകണം. പ്രതീക്ഷകൾ തകർന്നു ലീഗിൽ തല താഴ്ത്തിനിന്ന ടീമിനെയാണു ചുമതലയേറ്റ് ഒരാഴ്ച പോലും തികയും മുൻപേ വിൻഗാദ നേർദിശയിലെത്തിച്ചത്. ഒട്ടേറെ അവസരം തുറന്നെടുത്തിട്ടും വിജയം ഉറപ്പിക്കുന്ന ഗോൾ അടിക്കാനായില്ല എന്നതു മാത്രമാണു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള പിഴവ്. മധ്യനിരയിൽ ആദ്യമായി ആളനക്കം വന്നു. ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങൾ വന്നു. ടീം എന്ന നിലയിൽ ഒത്തിണക്കം വന്നു. എല്ലാറ്റിനുമുപരി ജയിക്കാൻ വേണ്ടി കളിക്കുന്ന ടീമിനെ കണ്ടു – ഇതൊക്കെ തന്നെയാണ് ആരാധകർ ആഗ്രഹിച്ചതും.

വൈകി വന്ന മികവ് കൊണ്ട് ഇനി ഈ സീസണിൽ ഒരു കാര്യവുമില്ല. പക്ഷേ ഐഎസ്എൽ ആറാം പതിപ്പിൽ തിളങ്ങുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പ് ആകും ഇനിയുള്ള മൽസരങ്ങൾ.ദീർഘകാല പരിചയം കൈമുതലായുള്ള ഒരു പ്രഫഷനൽ കോച്ച് തെളിക്കുന്ന പാതയിലൂടെ സഹലും ദുംഗലും ബോഡോയും പോലുള്ള യുവതാരങ്ങൾ കരുത്ത് ആർജിക്കട്ടെ. ഇനിയുള്ള 5 മൽസരങ്ങളിലൂടെ വിൻഗാദയും ടീം മാനേജ്മെന്റും ലക്ഷ്യമിടുന്നതും അതുതന്നെയാകും.