മോശമല്ല, ബ്ലാസ്റ്റേഴ്സ് ടീം; ഓർത്തുവയ്ക്കേണ്ടത് പാഴാക്കിയ അവസരങ്ങൾ

കൊച്ചി∙ ‘‘കേരള ബ്ലാസ്റ്റേഴ്സ് മോശം ടീമല്ല.’’ പറയുന്നതു മറ്റാരുമല്ല, എടികെയുടെ കോച്ച് സ്റ്റീവ് കൊപ്പൽ.  പുതിയ കോച്ചിനുകീഴിൽ ബ്ലാസ്റ്റേഴ്സ് കളിക്കാർക്ക് ഉണർവുണ്ടായി എന്നാണു  ടീമിനെ 3–ാം സീസണിൽ പരിശീലിപ്പിച്ച സ്റ്റീവ് കൊപ്പൽ പറയുന്നത്. എടികെയ്ക്ക് എതിരായ കളി 1–1  സമനിലയിൽ പിരിഞ്ഞെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഒഴുക്കുള്ള കളിക്ക് എതിരാളികളെ അനുവദിച്ചുകൊടുത്തില്ല.എടികെയുടെ സ്ട്രൈക്കർ കാലു ഉച്ചെയെ ബ്ലാസ്റ്റേഴ്സ് പൂട്ടിക്കളഞ്ഞു. എഡു ഗാർഷ്യയ്ക്കും കാര്യമായ ഇടം അനുവദിച്ചുകൊടുത്തില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയ്ക്കു കരുത്തുപകരാൻ സ്ട്രൈക്കർമാരായ മതേയ് പൊപ്ലാട്നിക്കും സ്ലാവിസ സ്റ്റൊയനോവിച്ചും പിന്നിലേക്ക് ഇറങ്ങിക്കളിക്കുന്നതു കണ്ടു. സഹൽ അബ്ദുൽ സമദും തിളങ്ങി. പക്ഷേ, പാഴാക്കിയ അവസരങ്ങളാണ് വെള്ളിയാഴ്ചത്തെ കളിയുടെ കഥയായി ഓ‍ർത്തുവയ്ക്കാനുള്ളത്.  അതുതന്നെയാണ് ഈ ബ്ലാസ്റ്റേഴ്സ് ടീമിന്റെ രോഗാവസ്ഥ എന്നും പറയാം.

ആന്ദ്രെ ബിക്കെ–ജോൺ ജോൺസൺ–ജേഴ്സൺ വിയേര–പ്രീതം കോട്ടാൽ പ്രതിരോധത്തെ പിളർത്താനൊക്കെ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. പക്ഷേ ആ അവസരങ്ങളൊന്നും വലയിലേക്ക് എത്തിക്കാനായില്ല. പുതിയ കോച്ച് വിൻഗാദയ്ക്ക് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ പിടികിട്ടിക്കാണും. ഗോളടിയിൽ മൂന്നാം കണ്ണും മിന്നൽക്കാലുകളുമുള്ള ആരെങ്കിലും വേണം. പൊപ്ലാട്നിക്കും സ്റ്റൊയനോവിച്ചും കർശനമായി സ്ട്രൈക്കർമാരുടെ റോളിൽത്തന്നെ തുടരണം എന്നു നിർബന്ധം പിടിച്ചാലോ? അപ്പോൾ മധ്യനിര ദുർബലമാവില്ലേ? മുൻനിരയിലേക്ക് ആരു പന്തെത്തിക്കും? വിൻഗാദയുടെ പരിചയസമ്പത്തിൽ ഈ രണ്ടു പ്രശ്നത്തിനുമുള്ള മറുമരുന്നുണ്ടെങ്കി‍ൽ നല്ലത്.

 മറ്റൊന്നുകൂടി: 75 മിനിറ്റിനുശേഷം നിസ്സാരപിഴവുകളിലൂടെ ഗോൾ വഴങ്ങുന്ന പ്രതിരോധത്തോട് കോച്ച് എന്തുപറയും? സമനിലയിൽ നിരാശനാണെങ്കിലും സ്റ്റീവ് കൊപ്പൽ മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്നാണ്.

 കളി മെച്ചപ്പെടും, കാണികൾ വീണ്ടും സ്റ്റേഡിയത്തിൽ നിറയും എന്നദ്ദേഹം പ്രവചിക്കുന്നു.