Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്യവട്ടത്ത് ഇന്ന് കേരളപ്പിറവി വെടിക്കെട്ട്

holder-beach വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങൾ കോവളം ബീച്ചിൽ വോളിബോൾ കളിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരം ∙ കേരളത്തിന്റെ പിറന്നാൾ, വെടിക്കെട്ടോടെ ആഘോഷിക്കാൻ  ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും  ക്രിക്കറ്റ് ടീമുകൾ തയാർ. ഏകദിനപരമ്പരയിലെ വിജയികളെ നിർണയിക്കുന്ന ‘ഫൈനൽ’ ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. മൽസരം ഉച്ചയ്ക്ക് 1.30നു തുടങ്ങും. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും സമനില മോഹവുമായി  വിൻഡീസും ഇറങ്ങുമ്പോൾ മൈതാനത്ത് ആവേശത്തിന്റെ തീപടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

പരമ്പര തുടങ്ങും മുൻപ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാൽ വിൻഡീസ്, ടെസ്റ്റ് പരമ്പരയിലെ വിൻഡീസ് അല്ലെന്നു രണ്ടാമത്തെ കളിയിൽ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണർന്നത്. നാലാം ഏകദിനത്തിലെ വമ്പൻ വിജയം നൽകുന്ന ആത്മവിശ്വാസം  ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാൽപ്പോലും വിൻഡീസിനു ലോട്ടറിയാണ്. ‘ഭാവിയുടെ ടീം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൂട്ടത്തിന്റെ കരുത്ത് കൂടും. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ 300 പോലും സുരക്ഷിതമായ സ്കോർ ആയിരിക്കില്ലെന്നാണു വിദഗ്ധർ നൽകുന്ന സൂചന. പക്ഷേ, മഴ പെയ്താൽ സ്വഭാവം മാറിമറിയും. കഴിഞ്ഞ വർഷം ഇതേ മൈതാനത്തു നടന്ന മഴയിൽക്കുതിർന്ന ട്വന്റി20 മൽസരത്തിൽ എട്ട് ഓവറിൽ അഞ്ചുവിക്കറ്റിന് 67 റൺസാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലൻഡിന് ആറു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 

ഉച്ചമുതൽ മൂടിക്കെട്ടിയ അന്തരീക്ഷമാകുമെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നാണു കാലാവസ്ഥ പ്രവചനം. വൈകിട്ട് 5 മണിയോടെ മഴ പെയ്തേക്കാം. പക്ഷേ, ഏറെ നേരം നീണ്ടുനിൽക്കില്ല. ഏതു മഴയിലും കേരളത്തിന്റെ ക്രിക്കറ്റ് ആവേശം തണുക്കില്ലെന്ന് കഴിഞ്ഞ മൽസരത്തിൽ കാണികൾ തെളിയിച്ചതാണ്. രാവിലെ 11 മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും നിർബന്ധം. 

∙ പരിശീലനം പേരിന്

ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും കോവളത്തെ റാവിസ് ലീല ഹോട്ടലിൽ വിശ്രമിച്ചു. അമ്പാട്ടി റായുഡു, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹാൽ, ഉമേഷ് യാദവ് എന്നിവർ മാത്രമാണു പരിശീലനത്തിനെത്തിയത്. അതിൽത്തന്നെ കഴിഞ്ഞ കളിയിലുണ്ടായിരുന്ന ഏകതാരം അമ്പാട്ടി റായുഡു മാത്രം. അതേസമയം വിൻഡീസ് ടീമിലെ ആരും പരിശീലനത്തിനെത്തിയില്ല. ഹോട്ടലിന്റെ സമീപമുള്ള ബീച്ചിൽ വോളിബോൾ കളിയിലായിരുന്നു അവരുടെ ശ്രദ്ധ. പാട്ടുപാടിയും നൃത്തം ചെയ്തും അവധി ആഘോഷിക്കുന്ന മൂഡിലായിരുന്നു  സാമുവൽസ് ഉൾപ്പെടെയുള്ള താരങ്ങൾ. 

ഇന്ത്യൻ ടീമംഗങ്ങൾ മിക്ക സമയവും മുറിയിൽ തന്നെ വിശ്രമത്തിലായിരുന്നു. ശല്യപ്പെടുത്തരുതെന്ന ബോർഡും വച്ച് പലരും മയങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി വൈകിട്ട് പതിവു തെറ്റിക്കാതെ ജിമ്മിൽ ഏറെ നേരം ചെലവിട്ടു. 

related stories