Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിന ഉൽസവം കൊടിയിറങ്ങി; വെടിക്കെട്ടില്ലാതെ !

india-cricket-tvm-odi ഇനി ചിരിക്കാം: വിൻഡീസ് ബാറ്റ്സ്മാൻ ഹെറ്റ്മിയറിനെ ജഡേജ പുറത്താക്കിയപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

തിരുവനന്തപുരം∙ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു ഔട്ട്സ്വിങ്ങർ. ജസ്പ്രിത് ബുമ്ര എറിഞ്ഞ രണ്ടാമത്തെ ഓവറിൽ ഒരു ഇൻസ്വിങർ. ഈ രണ്ടു പന്തുകളിൽ വീണ 2  വിക്കറ്റുകളിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ ഭാവി നിർണയിക്കപ്പെട്ടിരുന്നു. പക്ഷേ, അതിത്രത്തോളം പരിതാപകരമാകുമെന്ന് ഇന്ത്യൻ ടീം പോലും പ്രതീക്ഷിച്ചു കാണില്ല. പരമ്പരയുടെ ആദ്യ മൽസരങ്ങളിൽ കാണിച്ച പോരാട്ടവീര്യം മറന്നുപോയ വിൻഡീസ് ഒരിക്കൽക്കൂടി പൊരുതാതെ കീഴടങ്ങി. 

സ്കോർ: വിൻഡീസ് – 31.5 ഓവറിൽ 104 ന് ഓൾഔട്ട്; ഇന്ത്യ–  14.2 ഓവറിൽ ഒന്നിന് 105

വൈകിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് വിൻഡീസ് ക്യാപ്റ്റൻ ജയ്സൻ ഹോൾഡർ ടോസ് നേടിയപ്പോൾ ബാറ്റിങ് തിരഞ്ഞെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലും ഈ തീരുമാനം അത്ഭുതപ്പെടുത്തി. മൽസരശേഷം കോഹ്‌ലി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ടോസ് കിട്ടിയാലും ബോളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. 

∙ കരുത്തോടെ രോ-വി സഖ്യം 

വിൻഡീസിനെ 104 റൺസിൽ ഒതുക്കിയപ്പോൾ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചു. ജയം എത്ര ഓവറിൽ എന്നതു മാത്രമായിരുന്നു സംശയം. വെറും 4 റൺസുമായി ശിഖർ ധവാൻ ഒരിക്കൽക്കൂടി വിൻഡീസ് പേസർ ഒഷെയ്ൻ തോമസിനു മുന്നിൽ കീഴടങ്ങിയപ്പോൾ സ്പോർട്സ് ഹബ് സ്റ്റേഡിയം നിശ്ശബ്ദമായി. എന്നാൽ, വിരാട് കോഹ്‌ലി– രോഹിത് ശർമ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്കോർ 18ൽ നിൽക്കെ തോമസിന്റെ പന്തിൽ കീപ്പർക്കു രോഹിത് ക്യാച്ച് നൽകിയെങ്കിലും അംപയർ നോ ബോൾ വിളിച്ചതോടെ ജീവൻ തിരിച്ചുകിട്ടി. നാലു പടുകൂറ്റൻ സിക്സറുകൾ ഉൾപ്പെടെയാണ് രോഹിത് 63 റൺസ് നേടിയത്. ഈ കളിയിലൂടെ ഈ വർഷം 1000 റൺസ് സ്വന്തമാക്കിയവരുടെ പട്ടികയിലും രോഹിത് ഇടം നേടി. അതേസമയം, ആവേശത്തിനു മുതിരാതെ പതിഞ്ഞ താളത്തിലായിരുന്നു കോഹ്‌ലിയുടെ കളി. 15 ഓവറിനുള്ളിൽ വിജയം നേടാനുറപ്പിച്ച മട്ടിലായിരുന്നു ബാറ്റിങ്. ഇടയ്ക്ക് കോഹ്‌ലിയെ സ്‌ലിപ്പിൽ  ഹോൾഡർ വിട്ടുകളയുകയും ചെയ്തു.  

∙ സൂപ്പർ ബോളിങ് 

പേസർമാർ വിൻഡീസിന്റെ തലയറുത്തപ്പോൾ സ്പിന്നർമാർ ബാക്കി ചുമതലയേറ്റെടുത്തു. ഓപ്പണർ കീറോൺ പവലും മൂന്നാം നമ്പരിലിറങ്ങിയ ഷായ് ഹോപ്പും ‘സംപൂജ്യ’രായി മടങ്ങി. പിന്നീട് സാമുവൽസും റോവ്മാൻ പവലും ചേർന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോഴാണു ജഡേജ അവതരിച്ചത്. ആദ്യ ഓവറിൽത്തന്നെ അപകടകാരിയായ സാമുവൽസിനെ മടക്കിയ ജഡേജ പിന്നാലെ പുത്തൻ താരോദയമായ ഹെറ്റ്മിയറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. പതിവുപോലെ പിടിച്ചുനിൽക്കാൻ ക്യാപ്റ്റൻ ജയ്സൻ ഹോൾഡർ ശ്രമിച്ചെങ്കിലും ഖലീൽ അഹമ്മദ് ആ പ്രതീക്ഷയും തകർത്തു. വാലറ്റത്തെക്കൂടി തകർത്ത് ജഡേജ 4  വിക്കറ്റ് തികച്ചപ്പോൾ ബുമ്രയും ഖലീൽ അഹമ്മദും 2 വിക്കറ്റു വീതം വീഴ്ത്തി. 

സ്കോർബോർഡ്

വെസ്റ്റ് ഇൻഡീസ്– കീറോൺ പവൽ സി ധോണി ബി ഭുവനേശ്വർ– 0, റോവ്മാൻ പവൽ സി ധവാൻ ബി ഖലീൽ അഹമ്മദ്– 16, ഷായ് ഹോപ് ബി ബുമ്ര– പൂജ്യം, മാർലോൺ സാമുവൽസ് സി കോഹ്‌ലി ജഡേജ– 24, ഷിമ്രോൺ ഹെറ്റ്മിയർ എൽബി ബി ജഡേജ– 9, ജയ്സൻ ഹോൾഡർ സി കേദാർ ജാദവ് ബി ഖലീൽ അഹമ്മദ്– 25, ഫാബിയൻ അലൻ സി കേദാർ ജാദബ് ബി ബുമ്ര– 4, കീമോ പോൾ സി റായുഡു ബി കുൽദീപ് യാദവ്– 5, ദേവേന്ദ്ര ബിഷൂ നോട്ടൗട്ട്– 8, കെമർ റോച്ച് സി കേദാർ ജാദവ് ബി ജഡേജ– 5, ഒഷെയ്ൻ തോമസ് എൽബി ബി ജഡേജ– 0

എക്സ്ട്രാസ്– 8

വിക്കറ്റ് വീഴ്ച: 1–1, 2–2, 3–36, 4–53, 5–57, 6–66, 7–87, 8–94, 9–103, 10–104

ആകെ: 10 വിക്കറ്റിന് 31.5 ഓവറിൽ 104

ബോളർ: ഭുവനേശ്വർ കുമാർ 4–1–11–1, ബുമ്ര 6–1–11–2, ഖലീൽ അഹമ്മദ് 7–1–29–2, ജഡേജ 9.5–1–34–4, കേദാർ ജാദവ് 5–1–18–1

ഇന്ത്യ– രോഹിത് ശർമ നോട്ടൗട്ട്– 63, ശിഖർ ധവാൻ ബി ഒഷെയ്ൻ തോമസ്– 6, വിരാട് കോഹ്‌ലി നോട്ടൗട്ട്– 33.

എക്സ്ട്രാസ്– 3

ആകെ 14.5 ഓവറിൽ ഒരു വിക്കറ്റിന് 105

ബോളിങ്: കെമർ റോച്ച്: 5–2–13–0, ഒഷെയ്ൻ തോമസ്: 4–0–33–1, കീമോ പോൾ: 2–0–22–0, ജയ്സൻ ഹോൾഡർ: 1–0–15–0, ബിഷൂ: 1.5–0–16–0, അലൻ: 1–0–5–0

LIVE UPDATES
related stories