Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഞ്ചുറിയുമായി ഹർമന്‍പ്രീത്; ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

indian-women-t20-team-celebration ന്യൂസീലൻഡിനെതിരായ മൽസരത്തിനിടെ ഇന്ത്യൻ താരങ്ങൾ.

ഗയാന ∙ ഹർമൻപ്രീത് കൗർ വിശ്വരൂപം പൂണ്ട ലോക വനിതാ ട്വന്റി20യിലെ ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്കു 34 റൺസ് വിജയം. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ സെഞ്ചുറിക്കരുത്തിൽ (103) മികച്ച സ്കോർ കണ്ടെത്തിയ ഇന്ത്യ എതിരാളികളെ അനായാസം കീഴടക്കി. വെറും 51 പന്തിൽ ഏഴു ഫോറും എട്ടു സിക്സും സഹിതം തട്ടിപ്പൊളിപ്പൻ ഇന്നിങ്സായിരുന്നു ഹർമന്റേത്. വനിതാ ട്വന്റി20യിൽ ആദ്യമായി സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും ഇരുപത്തൊൻപതുകാരി ഹർമൻ സ്വന്തമാക്കി. വുമൺ ഓഫ് ദ് മാച്ചും ഹർമൻ തന്നെ.

സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 194 റൺസ്. ന്യൂസീലൻഡ്– 20 ഓവറിൽ 9ന് 160.

ഓവറിൽ ശരാശരി 10 റൺസിനടുത്ത് സ്കോർ ചെയ്യുകയെന്ന വലിയ ലക്ഷ്യത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ വിക്കറ്റ് ചോർന്നുകൊണ്ടിരുന്നു. ഓപ്പണർ ബേറ്റ്സ് 50 പന്തിൽ 67 റൺസുമായി ഒരറ്റത്തു പിടിച്ചുനിന്നതൊഴിച്ചാൽ ഭേദപ്പെട്ട ഇന്നിങ്സുകളുണ്ടായില്ല. വിക്കറ്റ് കീപ്പർ മാർടിൻ (25 പന്തിൽ 39) ആണ് അൽപമെങ്കിലും ഭേദപ്പെട്ട പിന്തുണ നൽകിയത്. ഇന്ത്യയ്ക്കായി ഹേമലതയും (26ന് 3 വിക്കറ്റ്), പൂനം യാദവും (33ന് 3 വിക്കറ്റ്) തകർപ്പൻ പന്തുകളെറിഞ്ഞതോടെ, ആവശ്യമായ സ്കോർ നേടാൻ കഴിയാതെ ന്യൂസീലൻഡ് വനിതകൾ തോൽവി സമ്മതിച്ചു.

നേരത്തെ, ജെമിമ റോഡ്രിഗസ് അർധ സെഞ്ചുറിയുമായി (59) ഹർമനു മികച്ച പിന്തുണ നൽകിയതാണ് ഇന്ത്യൻ ഇന്നിങ്സിൽ വഴിത്തിരിവായത്. മൂന്നിന് 40 എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടി 134 റൺസാണ് മികച്ച സ്കോറിലേക്കു നയിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ നിർത്തിയിടത്തു നിന്നു തുടങ്ങിയ ഇന്നിങ്സായിരുന്നു ഹർമൻപ്രീതിന്റേത്. അന്ന് ഓസ്ട്രേലിയക്കെതിരെ 115 പന്തിൽ 171 റൺസുമായി പിടിച്ചുയർത്തിയ പഞ്ചാബുകാരി ഇന്നലെ ക്യാപ്റ്റനെന്ന നിലയിൽ അതേ റോൾ ഭംഗിയാക്കി.

harman-preet-kaur

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഒട്ടും നല്ലതായിരുന്നില്ല. വീര്യത്തോടെ പന്തെറിഞ്ഞ കിവീസ് ബോളർമാർക്കു മുന്നിൽ വീണ് ഓപ്പണർമാർ ഇരുവരും നാല് ഓവറായപ്പോഴേക്കും പവിലിയനിൽ മടങ്ങിയെത്തി. താനിയ ഭാട്ടിയ ഒൻപതു റൺസിനു പുറത്തായപ്പോൾ സ്മൃതി മന്ഥന രണ്ടു റൺസെടുത്തു മടങ്ങി. ജെമിമയും ഹേമലതയും രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടെങ്കിലും ആറാം ഓവറിൽ ഹേമലതയും (15) മടങ്ങി. ഇന്ത്യൻ സ്കോർ അപ്പോൾ 40 റൺസ്. എന്നാൽ ക്രീസിലെത്തിയ ഹർമൻ പകപ്പില്ലാതെ ബാറ്റു വീശി. സിംഗിളുകളെടുത്തു തുടങ്ങിയ ഹർമൻ ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ നേടിയത് 12 പന്തിൽ അഞ്ചു റൺസ്. എന്നാൽ വാട്കിന്റെ ആ ഓവർ പൂർത്തിയായപ്പോൾ 18 പന്തിൽ 20!

കാസ്പറെകിന്റെ അടുത്ത ഓവറിൽ ഹർമൻ പരുക്കേറ്റു വീണെങ്കിലും കിവീസിന്റെ ആശ്വാസം ഹ്രസ്വമായിരുന്നു. ഉയിർത്തെഴുന്നേറ്റ ഹർമൻ കിവീസ് ക്യാപ്റ്റൻ സാറ്റെർത് വെയ്‌റ്റിന്റെ 18–ാം ഓവറിൽ നേടിയത് 18 റൺസ്. 15 ഓവറിൽ 124 രൺസ് എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് ഇന്ത്യൻ സ്കോർ പിന്നീട് റോക്കറ്റ് പോലെ കുതിച്ചു. പിന്നീടുള്ള ഓവറുകളിൽ പിറന്ന റൺസിങ്ങനെ: 16,15,17,15,7. അവസാന ഓവറിന്റെ മൂന്നാം പന്തിൽ ഹർമൻ സെഞ്ചുറി തികച്ചു. അഞ്ചാം പന്തിൽ ഔട്ടാവുകയും ചെയ്തു.

related stories