Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിൽ വീണ്ടും ഇന്ത്യ–പാക്ക് പോരാട്ടം; കണ്ണുകൾ വനിതാ ടീമിലേക്ക്

india-pakistan-women-cricket ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിൽനിന്ന്. (ഫയൽ ചിത്രം)

പ്രൊവിഡൻസ് (ഗയാന) ∙ ന്യൂസീലൻഡിനെ 34 റൺസിനു തോൽപിച്ചു തുടക്കം ഗംഭീരമാക്കിയ ഇന്ത്യ ഇന്ന് ലോകവനിതാ ട്വന്റി20യിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. 2016ൽ ഇന്ത്യയിൽ നടന്ന ലോകട്വന്റി20യിൽ പാക്കിസ്ഥാനോടു തോറ്റതിന്റെ ഓർമകളിലാണ് ഇന്നത്തെ മൽസരം. അതിനു ശേഷം 3 വേദികളിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി, മൂന്നിലും ഇന്ത്യ ജയിച്ചെങ്കിലും പഴയ തോൽവിയുടെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ല.

പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ സഹായിക്കുമെന്നാണു വിലയിരുത്തൽ. ഓഫ് സ്പിന്നർമാരായ ദീപ്തി ശർമ, ദയാലൻ ഹേമലത, ലെഗ് സ്പിന്നർ പൂനം യാദവ്, ഇടംകൈ ഓർത്തഡോക്സ് ബോളർ രാധാ യാദവ് തുടങ്ങിയവർക്കു തിളങ്ങാൻ ഇതുവഴിയൊരുക്കും. ന്യൂസീലൻഡിനെതിരെ ആകെ വീണ 9 വിക്കറ്റുകളിൽ എട്ടും നേടിയത് ഇന്ത്യൻ സ്പിന്നർമാരായിരുന്നു. ഒരെണ്ണം സീമർ അരുന്ധതി റെഡ്ഡിയും സ്വന്തമാക്കി. പാക്കിസ്ഥാനെതിരെ മൻസി ജോഷി, പൂജ വസ്ത്രാകർ എന്നീ സീമർമാരിൽ ഒരാളെക്കൂടി ടീമിലെടുക്കാനാണ് സാധ്യത.

അതേസമയം, ആദ്യ മൽസരം ഓസ്ട്രേലിയയോടു തോറ്റതിന്റെ വിഷാദത്തിലാണ് പാക്കിസ്ഥാൻ വരുന്നത്. ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യമായ 165 റൺസ് ചേസ് ചെയ്തെങ്കിലും 52 റൺസ് അകലെ, 20 ഓവറിൽ എട്ടിനു 113ൽ കളി അവസാനിച്ചു. എങ്കിലും മികച്ച കളിക്കാരുടെ നീണ്ട നിര പാക്കിസ്ഥാനുണ്ട്. ക്യാപ്റ്റൻ ജാവേരിയ ഖാൻ, വെറ്ററൻ സ്പിന്നർ സനാ മിർ, ഓൾറൗണ്ടർ ബിസ്മാ മറൂഫ് എന്നിവർക്ക് ആദ്യകളിയിൽ തിളങ്ങാനായില്ലെങ്ങിലും ഇന്ത്യയ്ക്കെതിരെ ഇവരുടെ പോരാട്ടവീര്യം സട കുടഞ്ഞെണീറ്റേക്കാം.