Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ട്വന്റി20 ഇന്ന്; രോഹിത് കരുത്തിൽ പരമ്പര തൂത്തുവാരാൻ ഇന്ത്യ

Rohit Sharma

രോഹിത് ശർമയാണു വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ മിന്നും താരം. തന്റെ മുൻഗാമിയായിരുന്ന വീരേന്ദർ സേവാഗിന്റെ പാതയിലാണു രോഹിത്. നിലയുറപ്പിച്ചാൽപ്പിന്നെ രോഹിതിനെയും തടുക്കാനാകില്ലല്ലോ! വമ്പൻ സെഞ്ചുറികളിലാണു സേവാഗിനെപ്പോലെ രോഹിതിന്റെയും കണ്ണ്. ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തു പറത്തിവിടാനുള്ള ശ്രമത്തിനിടെ ക്യാച്ച് നൽകി സേവാഗ് പുറത്താകുമ്പോൾ അനുഭവപ്പെട്ടിരുന്ന അതേ നിരാശയാണ് സമാനമായ രീതിയിൽ രോഹിത് പുറത്താകുമ്പോഴും ആരാധകർക്ക് അനുഭവപ്പെടുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന നിരാശയുടെ കാരണം നമ്മുടെ സ്വാർഥതയാണെന്നു ഞാൻ പറയും. കാരണം രണ്ടു താരങ്ങളും തകർത്തടിച്ചു മുന്നേറാനാണു കാണികളെന്ന നിലയിൽ നമ്മുടെ ആഗ്രഹം. പുറത്താകലിനു വഴിവച്ചത് അലസമായ ഷോട്ട് കളിച്ചതാണ് എന്ന വസ്തുത പോലും ഇവിടെ നമ്മൾ മറക്കും.

‘വൈറ്റ് ബോൾ’ ഉപയോഗിച്ചുള്ള മൽസരങ്ങളിൽ കാട്ടുന്ന മികവ് ‘റെഡ് ബോൾ’ മൽസരങ്ങളിലും ആവർത്തിക്കാനായാൽ വിവ‌്‌യൻ റിച്ചഡ്സിനും സേവാഗിനും ശേഷം ലോകം കണ്ട ഏറ്റവും മികച്ച ആക്രമണോൽസുക ബാറ്റ്സ്മാൻ എന്ന നേട്ടമാണു രോഹിതിനെ കാത്തിരിക്കുന്നത്. ട്വന്റി20 ലോകചാംപ്യൻമാരുടെ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ വിൻഡീസ് മറന്നപ്പോ‍ൾ പരീശീലന മൽസരത്തിന്റെ ലാഘവത്തോടെയാണ് ആദ്യ രണ്ടു മൽസരങ്ങളും ഇന്ത്യ ജയിച്ചത്. കിട്ടിയ അവസരം ശരിക്കു മുതലാക്കിയ ചില താരങ്ങളാകട്ടെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ചെന്നൈയിൽ ഇന്നത്തെ കളിയും ജയിച്ചു പരമ്പര തൂത്തുവാരാനിറങ്ങുന്ന ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയം നേടുക എന്നതുപോലും വിൻഡീസിനു കഠിനമാണ്. കുൽദീപ് യാദവിനു വിശ്രമം അനുവദിച്ചതോടെ ഇന്ന് ചാഹൽ ടീമിലെത്തും. വിൻഡീസ് ബാറ്റ്സ്മാൻമാരെ ലെഗ് സ്പിൻ കെണിയിൽ കുടുക്കാൻ ചാഹലും എറിഞ്ഞൊതുക്കാൻ ഭുവനേശ്വർ കുമാറും കോപ്പുകൂട്ടും. ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവരും പരമ്പരയിലെ അവസാനത്തെ കളിയിലും തിളക്കമാർന്ന പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചെന്നൈയിലെ മൽസരഫലം എന്തായാലും സ്വന്തം മണ്ണിലെ വിജയകാഹളത്തോടെ, അഭിമാനത്തോടെ ഇന്ത്യയ്ക്കു പരമ്പര അവസാനിപ്പിക്കാം.

related stories