Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിന് ഇറങ്ങാതെ ഇന്ത്യ 10/0; ‘ദീപാവലി ബോണസ്’ എന്ന് സേവാഗ്

india-vs-pakistan-wt20 പാക്ക് താരത്തെ പുറത്താക്കിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

ഗയാന∙ വെസ്റ്റ് ഇന്‍ഡീസിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിനിടെ നാടകീയ സംഭവങ്ങൾ. മൽസരത്തിനിടെ പാക് താരങ്ങൾ തുടർച്ചയായി നിയമലംഘനം നടത്തിയതോടെ ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിയത് 10 റൺസ്. രണ്ടു തവണയായി അഞ്ചു റൺസ് വീതം പിഴ ചുമത്തിയതോടെയാണ് ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യയ്ക്ക് 10 റൺസ് ലഭിച്ചത്. ഇതോടെ, പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആകെ 124 റൺസേ എടുക്കേണ്ടി വന്നുള്ളൂ. ഇന്ത്യയ്ക്ക് ലഭിച്ച 10 റൺസ് ‘ദീപാവലി ബോണസാ’ണെന്ന വീരേന്ദർ സേവാഗിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തതിനു പിന്നാലെ പാക്കിസ്ഥാൻ ബാറ്റു ചെയ്യുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാറ്റു ചെയ്യുന്നതിനിടെ പാക് താരങ്ങൾ അനുവദനീയമല്ലാത്ത മേഖലയിലൂടെ റണ്ണിനായി ഓടുന്നത് ശ്രദ്ധിയൽപ്പെട്ട അംപയർമാർ 13–ാം ഓവറിന്റെ അവസാനം ഇക്കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തി. 

എന്നാൽ, മൽസരം അവസാന ഓവറുകളിലേക്ക് കടന്നതോടെ പാക് താരങ്ങൾ സമാനമായ കുറ്റം ആവർത്തിച്ചു. 18–ാം ഓവറിന്റെ ആദ്യ പന്തിൽ സിംഗിളിനു ശ്രമിക്കുമ്പോഴാണ് മുന്നറിയിപ്പു ലഭിച്ചിട്ടും പാക്ക് താരങ്ങളായ ബിസ്മ മറൂഫും നിദ ദാറും തെറ്റ് ആവർത്തിച്ചത്. ഇതേക്കുറിച്ച് ചർച്ച നടത്തിയ അംപയർമാരായ സ്യൂ റെഡ്ഫേൺ, ഗ്രിഗറി ബ്രാത്‌വയ്റ്റ് എന്നിവർ പാക്കിസ്ഥാന് അഞ്ചു റൺസ് പിഴ ചുമത്താൻ തീരുമാനിച്ചു. നിയമം ലംഘിച്ച് നേടിയ റൺസ് അനുവദിച്ചുമില്ല. ഇക്കാര്യം അംപയർമാർ പാക്ക് ടീമിനെ അറിയിച്ചു. സിംഗിൾ നിഷേധിച്ച സാഹചര്യത്തിൽ ആ പന്തു നേരിട്ട ദാർ തന്നെയാണ് ക്രീസിൽ നിൽക്കേണ്ടിയിരുന്നതെങ്കിലും അക്കാര്യം ശ്രദ്ധിക്കുന്നതിൽ അംപയർമാർക്കും വീഴ്ച പറ്റി.

പാക്ക് ഇന്നിങ്സ് അവസാന ഓവറിലേക്കു കടന്നതോടെ താരങ്ങൾക്കു വീണ്ടും പിഴച്ചു. പൂനം യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നേരിടാൻ ക്രീസിൽ ഉണ്ടായിരുന്നത് സിദ്ര നവാസ്. സനാ മിർ നോൺ സ്ട്രൈക്കേഴ്സ് എൻഡിലും. സനാ മിർ ക്രീസിൽ എത്തുന്നതിനു മുൻപ് വിക്കറ്റ് കീപ്പർ ടാനിയ ഭാട്യ ബെയിൽസ് തെറിപ്പിച്ചെങ്കിലും റീപ്ലേകളിൽ അവർ ഔട്ടല്ലെന്നു വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇരുവരും വീണ്ടും അനുവദനീയമല്ലാത്ത മേഖലയിലൂടെ ഓടിയതായി കണ്ടെത്തിയ അംപയർ റെഡ്ഫേൺ അടുത്ത അഞ്ചു റൺസ് കൂടി ഇന്ത്യയ്ക്ക് അനുകൂലമായി അനുവദിച്ചത്. അവസാന പന്തിലെ സിംഗിളും പാക്കിസ്ഥാന് നിഷേധിക്കുകയും ചെയ്തു.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടിയ പാക്കിസ്ഥാൻ ട്വന്റി20യിൽ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചതെങ്കിലും, ഇന്ത്യ വിജയലക്ഷ്യം അനായാസം മറികടന്നു. ബാറ്റു ചെയ്യാനിറങ്ങുമ്പോൾ തന്നെ സ്കോർബോർഡിൽ 10 റൺസ് ഉണ്ടായിരുന്ന ഇന്ത്യ, സൂപ്പർതാരം മിതാലി രാജിന്റെ അർധസെഞ്ചുറിക്കരുത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ വിജയത്തിലെത്തി. മിതാലി 47 പന്തിൽ ഏഴു ബൗണ്ടറികളോടെ 56 റൺസെടുത്തു. പാക്കിസ്ഥാനായി ബിസ്മ മറൂഫ് (53), നിദ ദാർ (52) എന്നിവർ നേടിയ അർധസെഞ്ചുറികൾ പാഴാവുകയും ചെയ്തു.

അതേസമയം, അംപയർമാർ മുന്നറിയിപ്പു നൽകിയിട്ടും ഒരേ തെറ്റ് ആവർത്തിച്ചത് തന്റെ ടീമിന്റെ ഭാഗത്തുനിന്നു സംഭവിച്ച വലിയ പിഴവാണെന്ന് പാക്ക് ക്യാപ്റ്റൻ ജാവേരിയ ഖാൻ സമ്മതിച്ചു. ‘അംപയർമാരുമായി ‍ഞാൻ സംസാരിച്ചിരുന്നു. മുന്നറിയിപ്പു നൽകിയിട്ടും താരങ്ങൾ മൂന്നു തവണ അതേ തെറ്റ് ആവർത്തിച്ചതായും അതിനാണ് പിഴ വിധിച്ചതെന്നും അവർ പറഞ്ഞു. പ്രഫഷണലിസത്തിന്റെ കുറവുകൊണ്ടാണ് പിഴവ് വരുത്തിയത്. ഇതു സംഭവിക്കുന്നത് ആദ്യമല്ല. മുൻപ് ശ്രീലങ്കൻ പര്യടനത്തിലും ഞങ്ങൾക്ക് ഇതേ പിഴവു സംഭവിച്ചിരുന്നു’ – ജാവേരിയ ഖാൻ വ്യക്തമാക്കി.

related stories