Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബധിര ഒളിംപിക്സിൽ മെഡൽ നേടിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് അവഗണന

paralympics മെഡൽ ജേതാക്കൾ: വിരേന്ദർ സിങ് (സ്വർണം) ദീക്ഷ ദഗർ (വെള്ളി), അജയ് കുമാർ, സുമിത് ദഹിയ, പൃഥ്വി ശേഖർ, ജഫ്രീൻ ഷെയ്ഖ് (വെങ്കലം)

ന്യൂഡൽഹി ∙ ബധിര ഒളിംപിക്സിൽ ഒരു സ്വർണമുൾപ്പെടെ അഞ്ചു മെഡലുകൾ സ്വന്തമാക്കിയ താരങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ അവഗണന. ഇന്നലെ രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ, തങ്ങൾക്കു ലഭിക്കാനിരിക്കുന്ന വൻ വരവേൽപായിരുന്നു താരങ്ങളുടെ മനസ്സു നിറയെ. പക്ഷേ, കായിക മന്ത്രാലയത്തിൽ നിന്ന് ഒരാൾ പോലും താരങ്ങളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയില്ല. 

ലോക കായികമേളയിൽ രാജ്യത്തിന്റെ യശസ്സുയർത്തി തിരികെയെത്തിയ താരങ്ങൾ അനാഥരായി വിമാനത്താവളത്തിൽ നിന്നു. കേന്ദ്ര സർക്കാരിനെതിരായ രോഷം പ്രകടിപ്പിച്ചു വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ വിസമ്മതിച്ച് അവർ മണിക്കൂറുകൾ പ്രതിഷേധിച്ചു. 

ഇന്ത്യയിൽ മടങ്ങിയെത്തുന്ന തീയതിയും സമയവും കേന്ദ്ര കായിക മന്ത്രിയെയും മന്ത്രാലയത്തെയും മുൻകൂട്ടി അറിയിച്ചിട്ടും ഒരാൾ പോലും എത്താതിരുന്നത് നിരാശാജനകമാണെന്നു ടീമിനൊപ്പമുള്ള പ്രോജക്ട് ഓഫിസർ കേതൻ ഷാ പറഞ്ഞു.

ബധിര താരങ്ങളും രാജ്യത്തിനു വേണ്ടി മെഡൽ നേടിയവരാണ്. ഒളിംപികിസ്, പാരാലിംപിക്സ് താരങ്ങൾക്കു നൽകുന്ന പരിഗണന അവർക്കും നൽകണം. മന്ത്രാലയത്തിൽ വിളിച്ചപ്പോൾ മന്ത്രിക്കു തിരക്കാണെന്ന മറുപടിയാണു ലഭിച്ചത് – കേതൻ കൂട്ടിച്ചേർത്തു.

പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവിന് 75 ലക്ഷം രൂപ നൽകുമ്പോൾ ബധിര ഒളിംപിക്സിൽ അതേ നേട്ടം കൈവരിച്ച താരത്തിന് 15 ലക്ഷം നൽകുന്നത് അനീതിയാണെന്ന് അഖിലേന്ത്യാ ബധിര കായിക കൗൺസിൽ ആരോപിച്ചു. 

ബധിര ഒളിംപിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്തവണ. തുർക്കിയിലെ സാംസണിൽ കഴിഞ്ഞ 18 മുതൽ 30 വരെ നടന്ന ടൂർണമെന്റിൽ ഒരു സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്നിവ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. 48 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ പങ്കെടുത്തത്.

74 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വിരേന്ദർ സിങ് സ്വർണം നേടി. ബധിര ഒളിംപിക്സിൽ വിരേന്ദറിന്റെ ഹാട്രിക് സ്വർണ നേട്ടമാണിത്. 2005, 2013 ബധിര ഒളിംപിക്സുകളിലും വിരേന്ദർ സ്വർണം സ്വന്തമാക്കിയിരുന്നു. 

ഗോൾഫിൽ പതിനാറുകാരി ദീക്ഷ ദഗർ വെള്ളി നേടി. 65 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അജയ് കുമാർ, 97 കിലോയിൽ സുമിത് ദഹിയ, ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ പൃഥ്വി ശേഖർ – ജഫ്രീൻ ഷെയ്ഖ് കൂട്ടുകെട്ട് എന്നിവർ വെങ്കലം നേടി.