Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക്സ്: പാരിസ്, ലൊസാഞ്ചലസ് വേദികൾ

OLY-PARK-VILLAGE-ADV7/

ലൊസാഞ്ചലസ് ∙ അമേരിക്കൻ നഗരമായ ലൊസാഞ്ചലസും ഫ്രഞ്ച് തലസ്ഥാനമായ പാരിസും വീണ്ടും ഒളിംപിക്സ് വേദികളാകുന്നു. 2028 ഒളിംപിക്സിന് ലൊസാഞ്ചലസ് ആതിഥ്യം വഹിക്കുമ്പോൾ പാരിസ് 2024ന്റെ വേദിയാകും. ലൊസാഞ്ചലസ് മേയർ എറിക് ഗർസേറ്റി സ്റ്റബ്ഹബ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപനം നടത്തി. 

ഒളിംപിക്സ് മുന്നേറ്റങ്ങളുടെ മഹത്തായ നഗരത്തിലേക്ക് കായികമാമാങ്കത്തെ സ്വാഗതം ചെയ്യുന്നതായി മേയർ പ്രഖ്യാപിച്ചു. 1932നും 1984നും ശേഷം മൂന്നാംവട്ടമാണ് ലൊസാഞ്ചലസ് ഒളിംപിക്സിനു വേദിയാകുന്നത്. പാരിസിനും ഇതു മൂന്നാമത്തെ ഒളിംപിക്സാണ്. ടോക്കിയോയിൽ 2020ൽ നടക്കുന്ന ഒളിംപിക്സിനു ശേഷം 2024ലെ മൽസരവേദിക്കായി രണ്ടു നഗരങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു.

ഏതു നഗരമാണെന്ന അന്തിമ പ്രഖ്യാപനം രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) സെപ്റ്റംബർ 13ന് പെറുവിലെ ലിമയിൽ നടത്താനിരിക്കുന്നേയുള്ളൂ. 2024ലെ വേദി തങ്ങൾക്ക് കിട്ടണമെന്ന നിലപാടിൽ പാരിസ് ഉറച്ചു നിന്നു. 1924 ഒളിംപിക്സിന്റെ നൂറാംവാർഷികം എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പാരിസിന്റെ ആവശ്യം. 

ഈ ഘട്ടത്തിലാണ് 2024 വർഷത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയാകാമെന്ന് ലൊസാഞ്ചലസ് വ്യക്തമാക്കിയത്. 2024 ഒളിംപിക്സിനായി 500 കോടി ഡോളറിന്റെ സാമ്പത്തിക കരാർ ലൊസാഞ്ചലസ് ഉറപ്പിച്ചിരുന്നു. നാലു വർഷം കൂടി കാത്തിരിക്കേണ്ടി വരുമ്പോൾ അവർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഐഒസി നികത്തും.