Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ ‘ബ്ലാക്ക് പവർ സല്യൂട്ട്’; വിക്ടറി സ്റ്റാൻഡ‍ിലെ വിപ്ലവത്തിന് അരനൂറ്റാണ്ട്

black-power-salute അമേരിക്കൻ ദേശീയഗാനം തുടങ്ങിയപ്പോൾ, വീജയപീഠത്തിൽ നിന്ന സ്മിത്തും കാർലോസും തലകുനിച്ച്, കൈയുറ ധരിച്ച കൈകൾ മുഷ്ട്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി.

കായിക ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രതിഷേധത്തിന് നാളെ 50 വയസ്. 1968 ഒക്ടോബർ 16ന് മെക്സിക്കോ ഒളിംപിക്സിൽ, യുഎസ് അത്‍ലിറ്റുകളായ ടോമി സ്മിത്തും യുവാൻ കാർലോസുമാണു വിക്‌ടറി സ്‌റ്റാൻഡിൽ വിപ്ലവത്തിനു തിരികൊളുത്തിയ ‘ബ്ലാക്ക് പവർ സല്യൂട്ട്’ നടത്തിയത്.

അക്കാലത്ത് അമേരിക്കയിൽ കറുത്ത വർഗക്കാരോടുണ്ടായിരുന്ന തെറ്റായ സമീപനങ്ങള‍‍‍‍‍‍ും പൗരാവകാശലംഘനങ്ങളുമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പുരുഷൻമാരുടെ 200 മീറ്ററിൽ 19.83 സെക്കൻഡ് എന്ന ലോകറെക്കോർഡോടെയാണ് സ്മിത്ത് ജേതാവായത്. കാർലോസിന് 20.10 സെക്കൻഡിൽ മൂന്നാം സ്ഥാനം. ഓസ്ട്രേലിൻ അത്‌ലിറ്റ് പീറ്റർ നോർമന് രണ്ടാം സ്ഥാനം. കാർലോസും സ്മിത്തും തങ്ങളുടെ പദ്ധതിയെപ്പറ്റി രണ്ടാം സ്ഥാനക്കാനായ നോർമനോടു ചർച്ച ചെയ്തു. ‘നിങ്ങൾക്കൊപ്പം ഞാനും’ എന്നതായിരുന്നു നോർമന്റെ നിലപാട്. കറുത്ത കൈയുറ ധരിച്ച് വിക്ടറി സ്റ്റാൻഡിൽ നിൽക്കാനായിരുന്നു ആലോചന. എന്നാൽ കൈയുറ എടുക്കാൻ കാർലോസ് മറന്നുപോയി. പോംവഴി നിർദേശിച്ചതും നോർമനാണ്: സ്മിത്ത് വലതുകൈയിലും കാർലലോസ് ഇടതുകൈയിലും കൈയുറ ധരിച്ചു. അമേരിക്കൻ ദേശീയഗാനം തുടങ്ങിയപ്പോൾ, വിജയപീഠത്തിൽ നിന്ന സ്മിത്തും കാർലോസും തല കുനിച്ച്, കൈയുറ ധരിച്ച കൈകൾ മുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി. നോർമനും ഇവരോട് അനുഭാവം പ്രകടിപ്പിച്ചു.

മനുഷ്യാവകാശ ബാഡ്‌ജ് ധരിച്ചാണ് മൂവരും എത്തിയത്. ദാരിദ്യത്തെ സൂചിപ്പിക്കാൻ ഷൂസില്ലാതെ കറുത്ത സോക്സ് ധരിച്ചാണ് കാർലോസും സ്മിത്തും നിന്നത്. കറുത്തവരുടെ അഭിമാനത്തെ പ്രതിനിധീകരിച്ച് സ്മിത്ത് കറുത്ത സ്കാർഫ് കഴുത്തിൽ ചുറ്റി. കാർലോസ് ട്രാക്ക് സ്യൂട്ടിന്റെ മുകൾവശം തുറന്നിട്ടിരുന്നു. അധ്വാനിക്കുന്ന കറുത്ത വർഗത്തെ സൂചിപ്പിക്കാനായിരുന്നു അത്. കൂട്ടക്കൊലയിലും മറ്റും ജീവൻ നഷ്ടപ്പെട്ട സ്വന്തം വർഗത്തെ സൂചിപ്പിക്കാനായി ഈ ട്രാക്ക്സ്യൂട്ടിൽ മുത്തുകൾ കോർത്തിരുന്നു. ദേശീയ ഗാനം പാടിത്തീരും ഇരുവരും പ്രതിഷേധം തുടർന്നു.
സംഭവം വിവാദമായി. സ്‌മിത്തിനെയും കാർലോസിനെയും ഉടൻ യുഎസ് സംഘത്തിൽനിന്ന് പുറത്താക്കണെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു. പിറ്റേ ദിവസം തന്നെ ഇരുവരെയും മടക്കി അയച്ചു. നോർമനും കിട്ടി ഓസ്‌ട്രേലിയയുടെ താക്കീത്.

രാഷ്‌ട്രതാൽപ്പര്യത്തിനെതിരെ പ്രവർത്തിച്ച ഇവരെ രണ്ടുപേരെയും ദ്രോഹിക്കാൻ അമേരിക്ക ആവുന്നതെല്ലാം ചെയ്‌തു. ജോലിയൊന്നുമില്ലാതെയായി. എങ്കിലും ഇരുവരും പൗരാവകാശപ്രവർത്തനങ്ങളിൽ സജീവമായി. കാർലോസിനെ ഒറ്റപ്പെടുത്തുന്നത് സഹക്കിക്കാനാവാതെ ഭാര്യ ജീവനൊടുക്കി. കാനഡയിലേക്ക് രക്ഷപ്പെട്ട കാർലോസ് അവിടെ ഫുട്ബോൾ ലീഗ് കളിച്ച് ജീവിതം കഴിച്ചുകൂട്ടി. ഇരുവരെയും യുഎസ് പിന്നീട് സ്വീകരിച്ചെങ്കിലും 1968ലെ വിവാദമായ സല്യൂട്ടിനെ തള്ളിപ്പറയാൻ ഇരുവരും ഒരുക്കമല്ല.

ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ നോർമനെ കാത്തിരുന്നത് ദുരിതങ്ങളാണ്. യോഗ്യത നേടിയെങ്കിലും തൊട്ടടുത്ത 72ലെ മ്യൂണിക്ക് മേളയ്ക്ക് അയച്ചില്ല. വിവാഹബന്ധം തകർന്നു. വിഷാദരോഗത്തിന് അടിമയായി. 2000ൽ സ്വന്തംനാട്ടിൽ ഒളിംപിക്സ് നടന്നപ്പോഴും നോർമനെ അവഗണിച്ചു. 2006 ഒക്‌ടോബറിൽ നോർമൻ മരിച്ചു. ആറു വർഷത്തിനു ശേഷം അന്നത്തെ സംഭവത്തിൽ ഓസ്ട്രേലിയൻ പാർലമെന്റ് മാപ്പുപറഞ്ഞു. നോർമന്റെ സംസ്കാരം മെൽബണിൽ‍ നടന്നപ്പോൾ ശവമഞ്ചത്തിന്റെ മുന്നിൽനിന്ന് രണ്ടു വശങ്ങളിൽ പിടിച്ചത് ടോമി സ്മിത്തും യുവാൻ കാർലോസുമായിരുന്നു. മനുഷ്യത്വത്തിന്റെയും നിർമല സ്നേഹത്തിന്റെയും പ്രതീകമായി കായികലോകം അതിനെ വാഴ്ത്തി.

swiss-footballer

പരുന്താഘോഷം

2018 റഷ്യ ലോകകപ്പിൽ സെർബിയയുമായുള്ള മൽസരത്തിനിടെ സ്വിസ് താരങ്ങളായ സെർദാൻ ഷാക്കീരിയയും ഗ്രനിറ്റ് ജാക്കയും നടത്തിയ പരുന്താഘോഷംവിവാദമായി. കൊസോവ വംശജരായ താരങ്ങൾ ഗോൾ ആഘോഷവേളയിൽ ദേശീയ മുദ്രയോടു സാമ്യമുള്ള ആംഗ്യം പ്രദർശിപ്പിച്ചതാണ് വിവാദമായത്.

കറുത്ത ബാൻഡ്

ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലുമായി നടന്ന 2003ലെ ക്രിക്കറ്റ് ലോകകപ്പിനിടയിൽ സിംബാബ്‍വെയുടെ ഹെൻറി ഒലോങ്ക കയ്യിൽ കറുത്ത ബാൻഡ് കെട്ടി കളിക്കാനിറങ്ങി. പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു നടപടി.

ഹോക്കി പ്രതിഷേധം

1936 ഒളിംപിക്‌സ് ജർമനിയിലെ ബർലിനിൽ. ഉദ്ഘാടന ചടങ്ങിൽ എല്ലാ രാജ്യക്കാരും ഹിറ്റ്ലറുടെ മേൽക്കോയ്മ അംഗീകരിക്കുന്ന മട്ടിൽ അദ്ദേഹത്തെ വണങ്ങി നീങ്ങിയപ്പോൾ, അദ്ദേഹത്തെ ഗൗനിക്കാതെ നടന്നു നീങ്ങിയത് രണ്ടു കൂട്ടർമാത്രമാണ്– അമേരിക്കൻ ഒളിംപിക് സംഘവും ഇന്ത്യൻ ഹോക്കി ടീമും. അമേരിക്കയുടെ നടപടി ജർമനി നേരത്തെ ഊഹിച്ചതാണ്. ഇന്ത്യൻ ടീമിന്റെ ‘ധിക്കാരം’ കണ്ട് കാണികളും ഹിറ്റ്ലറും ഞെട്ടി.

hitler-olympics