ഐടിഎഫ് ഫ്യൂച്ചർ ടെന്നിസ് തുടങ്ങി

ഐടിഎഫ് ഫ്യൂച്ചർ പുരുഷ ടെന്നീസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെത്തിയ എയർ വൈസ് മാർഷൽ ചന്ദ്രശേഖരൻ പ്രദർശന മൽസരത്തിനിറങ്ങിയപ്പോൾ.

തിരുവനന്തപുരം ∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐടിഎഫ് ഫ്യൂച്ചർ മെൻസ് ടെന്നിസ് ടൂർണമെന്റ് തിരുവനന്തപുരം ടെന്നിസ് ക്ലബിൽ തുടങ്ങി. ഡബിൾ‍സ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ കുനാൽ ആനന്ദ്-അൻവിത്, അർജുൻ കഥേ-എൻ.പ്രശാന്ത്, എ.ഷൺമുഖം-നിതിൻകുമാർ സിൻഹ, ധ്രുവ് സുനീഷ്-കുന്നർ വസീറാനി ജോടികൾ വിജയിച്ചു. ബ്രസീലിന്റെ കാലോ സിൽവ-തലേസ് ട്യൂറിനി, സെർബിയയുടെ ഗൊരാൻ മാർകോവിക്-മാനുവൽ പെന്ന ലോപസ്, ഫ്രാൻസിലെ പാവ്ലോവിക് ലൂക്ക-ഇന്ത്യയുടെ ദാൽവിന്ദർ സിങ് ടീമുകളും രണ്ടാം റൗണ്ടിലെത്തി.

സിംഗിൾസിൽ ലൂക്ക പാവ്ലോവിക്, പോപ്ലാവിസ്കി, ഡാനിയേൽ സരിച്ചാൻസ്കി, കർസൺ ശ്രീവാസ്തവ, സാമി റീഇൻവെയ്ൻ, വസിഷ്ട ചെറുക്കു, ജയേഷ് പുങ്ഗ്ലീയ, എ.ചന്ദ്രശേഖർ, ആര്യൻ ഗോവെയാസ്, മനീഷ് സുരേഷ്‌കുമാർ, എം.ജയപ്രകാശ്, സഞ്ജയ് ജി.എസ്, പ്രശാന്ത് എൻ, കയോ സിൽവ, താലിസ് ട്യൂറിനി, ദാൽവിന്ദർ സിങ്, ഹൊഅങ് നാം ലി എന്നിവർ രണ്ടാം റൗണ്ടിലേക്കു യോഗ്യത നേടി.

എയർ വൈസ് മാർഷൽ എവിഎം ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. വൈസ് മാർഷൽ ഡക്വാർത്ത്, കേരള ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് സി.കള്ളിവയലിൽ, കെടിഎ സെക്രട്ടറി തോമസ് പോൾ, തിരുവനന്തപുരം ടെന്നിസ് ക്ലബ് പ്രസിഡന്റ് സതീഷ്‌കുമാർ, സെക്രട്ടറി എച്ച്. കൃഷ്ണമൂർത്തി, തിരുവനന്തപുരം ജില്ലാ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി കെ.തോമസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. രണ്ടാം റൗണ്ട് മൽസരങ്ങൾ ഇന്നു നടക്കും.