ഫ്യൂച്ചർ ടെന്നിസ്: അഭിനവിന് അട്ടിമറി വിജയം

തിരുവനന്തപുരം∙ ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ മെൻസ് ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യയുടെ അഭിനവ് സഞ്ജീവ് ഷൺമുഖത്തിന് അട്ടിമറി ജയം. രണ്ടാം സീഡ് വിയറ്റ്നാമിന്റെ ഹുയാങ് നാം ലീയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിൽ (6–2, 2–6, 6–3) എന്ന സ്കോറിനു തകർത്താണ് അഭിനവ് ക്വാർട്ടറിലേക്കു കുതിച്ചത്.

ഇന്ത്യൻ താരങ്ങളായ അർജുൻ കാഥെ, മനീഷ് സുരേഷ് കുമാർ, വിജയ് സുന്ദർ പ്രശാന്ത്, സൂരജ് ആർ. പ്രബോധ് എന്നിവരും സിംഗിൾസിൽ വിജയം നേടി. ഡബിൾസിൽ അർജുൻ കാഥെ–വിജയ് സുന്ദർ പ്രശാന്ത് സഖ്യവും മനീഷ് സുരേഷ് കുമാർ–മോഹിത് മയൂർ സഖ്യവും അടുത്ത റൗണ്ടിലേക്കു കടന്നിട്ടുണ്ട്.