കരുത്തേറും, കായിക കൊറിയയ്ക്ക്

കൊറിയൻ ഐക്യപതാകയുമായി ആരാധകർ (ഫയൽചിത്രം)

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയുമാണ്. സ്വർണ മെഡലിനായുള്ള കളത്തിലെ പോരാട്ടത്തേക്കാൾ വീര്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ശത്രുതയ്ക്കായിരുന്നു. ലോകം ഉറ്റുനോക്കിയ മത്സരം. എക്സ്ട്രാ ടൈമിന്റെ അധികസമയത്ത് (121–ാം മിനിട്ട്) നേടിയ ഒരൊറ്റ ഗോളിൽ ദക്ഷിണ കൊറിയ, വൻകരയുടെ കാൽപന്തുകളി രാജാക്കൻമാരായി. ഭിന്നിച്ചുനിന്ന രാജ്യങ്ങളുടെ പോരിൽ ഗോൾ നേടിയ റിം ചാങ് വൂ ദക്ഷിണ കൊറിയയുടെ ദേശീയ നായകനായി. 

ഓഗസ്റ്റിൽ ഇന്തൊനീഷ്യ വേദിയാവുന്ന ഏഷ്യൻ ഗെയിംസിൽ ഇരു രാജ്യങ്ങളും സംയുക്ത ടീമിനെ ഇറക്കുമെന്ന കൊറിയൻ രാഷ്ട്രത്തലവൻമാരുടെ പ്രഖ്യാപനം പുറത്തുവരുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം: ഫുട്ബോളിൽ മാത്രമല്ല, മറ്റു പല ഇനങ്ങളിലും കൊറിയൻ അജയ്യത തുടരും. ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനം സംയുക്ത കൊറിയൻ ടീമിന് അനായാസം ഉറപ്പിക്കാം. ഒപ്പം, അതിശക്തരായ ചൈനയ്ക്കു വെല്ലുവിളി ഉയർത്തുകയും ചെയ്യാം. 

മെഡൽപ്പോരിനിടയിലും ഒരുമയുടെയും സാഹോദര്യത്തിന്റെയും പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കായികരംഗം ഏഷ്യൻ ഗെയിംസ് കഴിയുമ്പോൾ ലോകത്തോടു വിളിച്ചുപറയും: സമാധാനത്തിന്റെ വിത്തുകൾ കളിമൈതാനങ്ങളിലേക്ക് എറിയൂ. ഒരുമയുടെ വിളകൾ ആ മൈതാനങ്ങളിൽനിന്നു കൊയ്തെടുക്കാം. 

മെഡൽ വേട്ടയിൽ കൊറിയ

1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസ് മുതൽ മെഡൽ പട്ടികയിലെ ആദ്യ രണ്ടുപേരുകൾക്കു മാറ്റമില്ല. ഒന്നാമത്, ചൈന. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയ. 94ലെ ഹിരോഷിമ ഗെയിംസിൽ ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനത്തെത്തി. പിന്നീടുള്ള ഗെയിംസുകളിൽ അവർ മൂന്നാം സ്ഥാനത്തേക്കിറങ്ങി. കഴിഞ്ഞ ഇഞ്ചോൺ ഗെയിംസിൽ ഉത്തര കൊറിയ ഏഴാമത്. 2010ൽ 11–ാം സ്ഥാനത്ത്. 2006ൽ 16–ാം സ്ഥാനത്ത്. 2002ൽ ഒൻപതാം സ്ഥാനത്ത്. 98ൽ എട്ടാം സ്ഥാനത്ത്. രണ്ടു കൊറിയകളുംകൂടി ഒന്നിച്ചിറങ്ങിയാൽ മെഡലെണ്ണം കൂടും. ജപ്പാനു മുന്നിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാം. 

ഒരു കൊടിക്കീഴിൽ

ദക്ഷിണ കൊറിയയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ശീതകാല ഒളിംപിക്സിൽ രണ്ടു കൊറിയകളും ഒരു കൊടിയുടെ കീഴിലാണു മാർച്ച് പാസ്റ്റിനിറങ്ങിയത്. 1991ലെ ലോക ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലും 2006ൽ ഇറ്റലിയിൽ നടന്ന ശീതകാല ഒളിംപിക്സിലും ഇതേ രീതിയിൽ ഒരേ രാജ്യങ്ങളും ഒരു കൊടിയുടെ കീഴിലാണ് ഉദ്ഘാടനച്ചടങ്ങിനിറങ്ങിയത്. പക്ഷേ, മത്സരം രണ്ടു രാജ്യങ്ങളായിത്തന്നെ. 

അന്ന് ചിയർ ഗേൾ, ഇന്ന്

2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയ ഉത്തര കൊറിയൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഗാലറിയിൽ ഒരു പ്രത്യേക സംഘമുണ്ടായിരുന്നു. ‘ആർമി ഓഫ് ബ്യൂട്ടി’ എന്ന പേരിൽ ഒരു ഉല്ലാസക്കൂട്ടം (ചിയർ ലീഡിങ് സ്ക്വാഡ്). പിന്നീടു വന്ന രാജ്യാന്തര മത്സരങ്ങളിലും ഇത്തരം സംഘം ഉത്തര കൊറിയൻ താരങ്ങൾക്ക് ഊർജം പകർന്നു ഗാലറിയിൽ നിറഞ്ഞു. 2005ലെ ഇഞ്ചോൺ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലും അത്തരമൊരു സംഘമുണ്ടായിരുന്നു. അന്ന് ആ സംഘത്തെ നയിച്ചത് ഉത്തര കൊറിയയിലെ സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. പേര് റി സോൾ ജു. ഇന്ന്, ഉത്തര കൊറിയയുടെ പ്രഥമ വനിതയാണ് അവർ. അതെ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രിയ ഭാര്യ.