Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായിക പ്രതാപം വീണ്ടെടുക്കാൻ ഏലൂർ നഗരസഭ

eloor-municipality-sports പാതാളം സ്കൂൾ മൈതാനത്ത് ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന വോളിബോൾ പരിശീലനം

ഏലൂർ ∙ കായികരംഗത്തു പ്രതാപ കേന്ദ്രമായിരുന്ന എഫ്എസിടി ഉൾപ്പെടുന്ന ഏലൂർ മേഖലയിൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കുന്ന പ്രവർത്തനങ്ങളാണ് നഗരസഭ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും കായികപരിശീലനത്തിനും ഒരേ പ്രാധാന്യം നൽകുന്നു.

∙ മധ്യവേനൽ അവധിക്കാലത്തു സ്കൂൾ വിദ്യാർഥികൾക്ക് ഒന്നരമാസം പരിശീലന ക്യാംപ് നടത്തി. ഫു‍ട്ബോൾ, വോളിബോൾ, കബഡി, ഭാരോദ്വഹനം, ടെന്നിക്കോയ്, സൈക്കിൾ പോളോ എന്നിവയിലായിരുന്നു പരിശീലനം. 230 കുട്ടികകൾ പങ്കെടുത്തു.

∙ തുടർ പരിശീലനത്തിനു പാതാളം ഹൈസ്കൂൾ കേന്ദ്രീകരിച്ചു സൗകര്യമൊരുക്കി. ഇവിടെ സർക്കാ‍ർ, എയ്ഡഡ് സ്കൂളുകളിൽ കായികാധ്യാപകനെ നിയമിച്ചു. ഇതിനായി പദ്ധതി വിഹിതത്തിൽ 2 ലക്ഷം രൂപ നീക്കിവച്ചു.

പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു പോഷകാഹാരം ഉറപ്പാക്കാൻ മുട്ടയും പാലും പദ്ധതി നടപ്പിലാക്കി. ഏലൂരിന്റെ പഴയകാല പ്രതിഭകളുടെ സഹായത്തോടെയായിരുന്നു പരിശീലനം. ഇവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും നടത്തി.

∙ കബഡിയിലെ മിടുക്കരെ പ്രോത്സാഹിപ്പിക്കുന്നതിനു 5 ലക്ഷം രൂപ മുടക്കി കബഡി മാറ്റുകൾ വാങ്ങി. കബഡിയിലും ഭാരോദ്വഹനത്തിലും സൈക്കിൾ പോളോയിലും ഏലൂരിൽ നിന്നുള്ള കുട്ടികൾ നേട്ടം കൊയ്തപ്പോൾ അതു നഗരസഭ നടപ്പാക്കിയ പദ്ധതികൾക്കു കൂടിയുള്ള അംഗീകാരമായി.

∙ സംസ്ഥാന –ദേശീയ തലത്തിൽ മൽസരിച്ച പ്രതിഭകൾക്കു സ്കോളർഷിപ് പദ്ധതി നടപ്പിലാക്കുന്നതിനും ഫണ്ട് വകയിരുത്തി. പക്ഷേ, പ്രളയം മൂലം ഫണ്ട് വകമാറ്റേണ്ടി വന്നു. ഭാവിയിൽ സ്കോളർഷിപ് പദ്ധതി നടപ്പാക്കുമെന്നു നഗരസഭാധികൃതർ വ്യക്തമാക്കി.