ഫോർമുല വൺ കിരീടം ഹാമിൽട്ടണ്

മെക്സിക്കോ ∙ മെക്സിക്കൻ ഗ്രാൻപ്രിയിൽ പോഡിയം കാണാനായില്ലെങ്കിലും ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടനു ഫോർമുല വൺ കാറോട്ടക്കിരീടം. കേവലം 5 പോയിന്റ് നേടിയാൽ അഞ്ചാം കിരീടം കൈപ്പിടിയിലാകുമെന്ന നിലയിൽ മൽസരത്തിനിറങ്ങിയ ഹാമിൽട്ടൻ അതീവ ജാഗ്രതയോടെയായിരുന്നു കാറോടിച്ചത്. മൽസരം തുടങ്ങിയതു മൂന്നാമനായാണെങ്കിലും നാലാമതു ചെക്കേഡ് ഫ്ലാഗ് കടക്കുമ്പോൾ ഹാമിൽട്ടന്റെ ലക്ഷ്യം പൂർണമായിരുന്നു. 

ഫോർമുല വൺ രംഗത്തെ ഇന്നത്തെ ഏറ്റവും മികച്ച താരം താൻ തന്നെയെന്ന് അരക്കിട്ടുറപ്പിക്കുകയായിരുന്നു അഞ്ചാം കിരീടത്തിലൂടെ ഹാമിൽട്ടൻ. മെഴ്സിഡീസിനു വേണ്ടി മൂന്നാമത്തെ കിരീടമാണു ഹാമിൽട്ടൻ സ്വന്തമാക്കിയത്. 2007ൽ അരങ്ങേറ്റ സീസണിൽ കേവലം ഒരു പോയിന്റിനു റെയ്ക്കോണനു മുന്നിൽ ചാംപ്യൻഷിപ് അടിയറ വച്ച അനുഭവമുണ്ട് ഹാമിൽട്ടന്. എന്നാൽ തൊട്ടടുത്ത സീസണിൽ മക്‌ലാരനു വേണ്ടി കിരീടം പിടിച്ചെടുത്തു. തുടർന്നു 2014, 2015 വർഷങ്ങളിൽ മെഴ്സിഡീസിനു വേണ്ടി ചാംപ്യൻഷിപ് നേടി. 2017ലും 2018ലും വീണ്ടും മെഴ്സിഡീസിന്റെ സിൽവർ ആരോസിൽ വെന്നിക്കൊടി പാറിച്ചു. ഏറ്റവും കൂടുതൽ കിരീടങ്ങളുടെ കാര്യത്തിലും വിജയങ്ങളുടെ കാര്യത്തിലും ലൂയിസ് ഹാമിൽട്ടനു മുന്നിൽ ഇനി മൈക്കൽ ഷൂമാക്കർ മാത്രം.