Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മയാണ് ആ ഇടി ഇടിക്കുന്നത്! മേരിയുടെ മെഡൽ നേട്ടങ്ങളേറെയും അമ്മയായശേഷം

mary-kom-children മേരി കോം മക്കളോടൊപ്പം.

ലോകത്തിന്റെ ഇടിക്കൂട്ടിൽ പുതുചരിത്രമെഴുതിയ മുപ്പത്തിയഞ്ചുകാരി മേരി കോം, ഇരട്ടക്കുട്ടികളടക്കം 3 മക്കളുടെ അമ്മയാണ്. ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ 6–ാം സ്വർണം നേടിയതോടെ ക്യൂബയുടെ പുരുഷ താരം ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമാണു മേരി എത്തിയത്. സാവോൻ 1986–99 കാലത്ത് നേടിയത് 6 സ്വർണവും ഒരു വെള്ളിയും. മേരിക്കും ഇതുവരെ നേട്ടം 6 സ്വർണം, ഒരു വെളളി. യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ചാണ് മേരിയുടെ 6–ാം സ്വർണം.

ലോക ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യനായ വനിത എന്ന റെക്കോർഡും മേരി കോം നേടി. 5 തവണ ചാംപ്യനായ അയർലൻഡിന്റെ കാത്തി ടെയ്‍ലർക്കൊപ്പമായിരുന്നു ഇതുവരെ മേരി. 2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം ലോകചാംപ്യനാവുന്നത് ഇതു മൂന്നാം വട്ടമാണ്. 2013ൽ മൂന്നാമത്തെ മകനുണ്ടായതിനു പിന്നാലെ 2014ൽ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലും മേരി സ്വർണമണിഞ്ഞു

∙ നീണ്ട കാത്തിരിപ്പ്, എട്ടാം സ്വർണത്തിന്

ആറാം ലോക ചാംപ്യൻഷിപ്പ് സ്വർണത്തിനായി മേരി കോം കാത്തിരുന്നത് എട്ടു വർഷമാണ്. പക്ഷേ ഇക്കാലയളവിൽ മേരി വെറുതെയിരിക്കുകയായിരുന്നില്ല. 2010 ലണ്ടൻ ഒളിംപിക്സിൽ വെങ്കലം നേടി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും സ്വർണം നേടി. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്ലാം തന്റെ മക്കളുടെ പുണ്യമെന്ന് മേരി പറയും. കാരണം 2007ൽ ഇരട്ടക്കുട്ടികളായ റെചുംഗ്‌വാറും ഖുപ്‌നെയ്‌വറും പിറന്നതിനു ശേഷമായിരുന്നു മേരിയുടെ പ്രധാന മെഡൽ നേട്ടങ്ങളെല്ലാം. അമ്മയായതിനു ശേഷം മേരിയുടെ മനസ്സും ഇടിയും കടുപ്പമായെന്ന് എതിരാളികൾ പറയും!

mary-kom-with-rajinikanth മേരി കോം സൂപ്പർതാരം രജനീകാന്തിനൊപ്പം.

48 കിലോഗ്രാം വിഭാഗം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയ്ക്കെതിരെ 5–0ന് ആധികാരികമായി തന്നെയായിരുന്നു മേരിയുടെ ജയം. മികച്ച പ്രതിരോധവുമായി കളിച്ച മേരി ഇടയ്ക്ക് വലംകൈ പഞ്ചുകളുമായി ആദ്യ റൗണ്ടിൽ തന്നെ മുൻതൂക്കം നേടി. മൂന്നാം റൗണ്ടിൽ ഇരുകൈകളും സമന്വയിപ്പിച്ചുള്ള മേരിയുടെ ആക്രമണത്തിനു മുന്നിൽ ഒഖോട്ടയ്ക്കു മറുപടിയുണ്ടായില്ല. മേരിയെ മാതൃകയാക്കി ഫൈനലിലെത്തിയെങ്കിലും 57 കി.ഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം സോണിയ ചാഹൽ പരാജയപ്പട്ടു. ജർമനിയുടെ വാണർ ഓർനെല്ലയോട് 4–1നായിരുന്നു സോണിയയുടെ തോൽവി.

ഒരിക്കലും കരയാതെ പ്രതിസന്ധികളോടു പോരടിച്ചു വളർന്ന മേരി ഇന്നലെ ആറാം സ്വർണം കഴുത്തിലണിഞ്ഞപ്പോൾ ഒന്നു വിതുമ്പി. ‘‘ഈ സ്വർണം രാജ്യത്തിനുള്ളതാണ്. ഇനി 2020 ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടണം. അവിടെ ഒരു സ്വർണമാണ് എന്റെ ലക്ഷ്യം’’. ത്രിവർണ പതാക വാരിപ്പുതച്ച് മേരിയുടെ വാക്കുകൾ. മേരിയുടെ മെഡലുകൾ പോലെ വാക്കുകളും പൊന്നാവട്ടെ!

എന്തുകൊണ്ടു മേരി ?

35–ാം വയസ്സിലും മേരിയുടെ വിജയങ്ങൾക്കു കാരണമെന്ത്? ദ്രോണാചാര്യ ജേതാവും മുൻ ദേശീയ ടീം പരിശീലകനുമായ ഡി.ചന്ദ്രലാൽ വിലയിരുത്തുന്നു

ടെക്നിക്: ഉയരം കൂടിയ താരങ്ങളുമായി മൽസരിക്കുമ്പോൾ അവരുടെ ശരീരത്തോടു ചേർന്നു നിലയുറപ്പിക്കുക, പിന്നീട് ആക്രമിക്കുക. ഇതാണു മേരിയുടെ ടെക്നിക്. എതിരാളിയുടെ ഇടിയിൽനിന്നു വെട്ടിയൊഴിയുമ്പോൾ വീണു കിട്ടുന്ന ഗ്യാപ്പിലാണ് മേരിയുടെ ആക്രമണം.

പക്വത: ബോക്സിൽ റിങിൽ ദീർഘകാലമായുള്ള പരിചയസമ്പത്ത് മേരിക്കു തുണയായി. സാധാരണഗതിയിൽ നാട്ടിൽ നടക്കുന്ന മൽസരങ്ങളിൽ അമിതാവേശം മേരിക്കു വിനയാകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ വികാരപ്രകടനങ്ങളിലായിരുന്നില്ല, വിജയത്തിൽ മാത്രമായിരുന്നു ശ്രദ്ധ. അനാവശ്യമായി പ്രകോപിതയാകുന്ന ശീലവും ഉപേക്ഷിച്ചു.

ഫിറ്റ്നെസ്: അവിശ്വസനീയമായ രീതിയിലുള്ള ഫിറ്റ്നെസ്സോടെയാണ് മേരി ടൂർണമെന്റിനെത്തിയത്. താരതമ്യേന കരുത്തുറ്റ മണിപ്പുർ ശരീരപ്രകൃതിക്കൊപ്പം ചിട്ടയായ വർക്ക് ഔട്ടുകളിലൂടെ മേരി പ്രതിരോധ ശേഷിയും വർധിപ്പിച്ചു. എതിരാളിയുടെ ഇടി ചെറുക്കാൻ ഇതു സഹായിച്ചു.

∙ മേരി കോം, ജീവിതരേഖ

1983

1983 മാർച്ച് ഒന്നിന് കർഷകനായ എം. തോൻപു കോമിന്റെയും മാംഗ്‌തെ അഖം കോമിന്റെയും മകളായി മണിപ്പൂരിലെ ചുരഞ്‌ജന്തപൂരിലെ കൻഗാതേയി ഗ്രാമത്തിൽ മേരിയുടെ ജനനം.

1998

തുടക്കത്തിൽ 400 മീറ്റർ ഓട്ടവും ജാവലിനും പ്രിയം. അനാഥനായി വളർന്ന് 1998 ബാങ്കോക്ക് ഏഷ്യൻഗെയിംസിൽ ബോക്‌സിങ് സ്വർണം നേടിയ നാട്ടുകാരനായ ഡിങ്കോ സിങ്ങിനോട് മേരിക്ക് ആരാധനയായി. അങ്ങനെ ബോക്‌സിങ്ങിലെത്തി.

1999

ഇംഫാലിലെ സായ് കേന്ദ്രത്തിൽ പരിശീലകനായിരുന്ന ഇബോംച സിങ്ങിനു മുന്നിലെത്തി. വനിതകൾ ബോക്‌സിങ് റിങ്ങിലേക്ക് എത്താൻ മടിച്ചിരുന്ന കാലം; ശരീരഘടനയും പോരാ. മേരി പിൻമാറാൻ തയാറായില്ല. ഒടുവിൽ പരിശീലനത്തിനു ചേർത്തു.

2000

2000ൽ പഠിക്കാൻ തുടങ്ങി രണ്ടാഴ്‌ചകൊണ്ടു മേരി ബോക്‌സിങ് കൈപ്പിടിയിലൊതുക്കി. അതേവർഷം സംസ്‌ഥാന ചാംപ്യനുമായി. 2001ൽ ലോകചാംപ്യൻഷിപ്പിൽ വെള്ളി നേടി മേരി തന്റെ വരവറിയിച്ചു. അന്നു പ്രായം 18.

2005

2005 മാർച്ച് 12ന് കെ. ഒൺലർ കോമുമായി മേരിയുടെ വിവാഹം. അതിനു മുൻപു തന്നെ മൂന്നു തവണ ലോകചാംപ്യനായിരുന്നു മേരി. ഫുട്‌ബോളർ ആയിരുന്ന ഭർത്താവിന്റെ പിന്തുണയോടെ മേരി ഇടിക്കൂട്ടിൽ അടിയുറച്ചുനിന്നു.

2012

മേരി കോമിന് മൂന്നു മക്കളാണുള്ളത്. ഏഴു വയസുള്ള ഇരട്ടകൾ റംഗ്‌പയും നയ്‌നയിയും ഒരു വയസുകാരൻ പ്രിൻസും. റംഗ്‌പയും നയ്‌നയിക്കുമുള്ള അഞ്ചാം പിറന്നാൾ സമ്മാനമായിരുന്നു ലണ്ടൻ ഒളിംപിക്‌സിലെ മേരിയുടെ വെങ്കലമെഡൽ.

2013

2003ൽ അർജുന അവാർഡും 2006ൽ പത്മശ്രീയും 2009ൽ ഖേൽരത്നയും 2013ൽ പത്മഭൂഷണും നൽകി രാജ്യം മേരിയെ ആദരിച്ചു. രാജ്യസഭാ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

related stories