ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്നു ബൽജിയത്തിനെതിരെ; വലിയ ജയം വേണം!

ദക്ഷിണാഫ്രിക്കയ്ക്കതിരെയുള്ള ഗോൾനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരം മൻദീപ് സിങ്. (ഫയൽ ചിത്രം)

ഹോക്കി ലോകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ബലപരീക്ഷണം. റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളും ലോക റാങ്കിങിൽ മൂന്നാം സ്ഥാനക്കാരുമായ ബൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ടൂർണമെന്റിലെ ഫേവറിറ്റ് ടീമുകളിൽ ഒന്നായ ബൽജിയത്തിനെ വീഴ്ത്താൻ പഴുതടച്ച പ്രകടനത്തിനു കോപ്പു കൂട്ടി കോച്ച് ഹരേന്ദ്ര സിങും താരങ്ങളും ഇന്നിറങ്ങുമ്പോൾ പോരാട്ടം കനക്കും.  പൂളിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 5–0 കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബൽജിയമാകട്ടെ, ലോക റാങ്കിങിൽ പതിനൊന്നാം സ്ഥാനക്കാരായ കാനഡയോട് നിറംകെട്ട വിജയവുമായി (2–1) രക്ഷപ്പെട്ടതിന്റെ അങ്കലാപ്പിലും. ഇന്നു ജയിക്കുന്ന ടീമിനു പൂളിലെ ചാപ്യൻമാരായി ക്വാർട്ടറിലേക്കു മുന്നേറാൻ വഴിതെളിയും. പൂളിലെ മറ്റൊരു മൽസരത്തിൽ കാനഡ ദക്ഷിണാഫ്രിക്കയെ നേരിടും.

ഇന്ത്യ

കരുത്ത്: യുവാക്കൾക്കും പരിചയസമ്പന്നർക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന ലൈനപ്പ്. മൻദീപ് സിങ്, സിമ്രൻജിത് സിങ്, ആകാശ്ദീപ് സിങ്, ലളിത് ഉപാദ്ധ്യായ എന്നിവർ അടങ്ങുന്ന മുന്നേറ്റനിരയുടെ ഫോം. 

 ദൗർബല്യം: പെനൽറ്റി കോർണറിൽനിന്നു ഗോളടിക്കുന്നതിൽ ടീം പിന്നോട്ടാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലഭിച്ച 5 പെനൽറ്റി കോർണറിൽ ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്.

2013നു ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ 19 മൽസരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാനായത്. 13 കളി ബൽജിയം വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ.

പാക്കിസ്ഥാൻ വീണു

ഏഷ്യൻ കരുത്തരും ഇന്ത്യയുടെ ചിരവൈരികളുമായ പാക്കിസ്ഥാന് ലോകകപ്പിലെ ആദ്യ മൽസരത്തിൽ തോൽവി. കടുത്ത പോരാട്ടത്തിനൊടുവിൽ ജർമനിയാണ്1–0നു പാക്കിസ്ഥാനെ വീഴ്ത്തിയത്. 

ഏഷ്യൻ ഗെയിസ് സെമിയിൽ സഡൻ ഡെത്തിൽ ഇന്ത്യയെ വീഴ്ത്തിയ മലേഷ്യയെ 7–0നു നെതർലൻഡ്സ് നിലംപരിചാക്കി.  മികച്ച പ്രകടനവുമായി പ്രതിരോധനിര തിളങ്ങിയെങ്കിലും മുന്നേറ്റനിരയുടെ മുനയൊടിഞ്ഞതാണു പാക്കിസ്ഥാനു വിനയായത്. 

തോൽവിയോടെ ജർമനിയും നെതർലൻ‌ഡ്സും ഉൾപ്പെട്ട മരണഗ്രൂപ്പിലെ പാക്ക് സാധ്യതകളും തുലാസിലായി. ജെറോയെൻ ഹാർട്സ്ബെർഗർ ഹാട്രിക്ക് നേടിയ കളിയിൽ മലേഷ്യൻ ഗോളി കുമാർ സുബ്രഹ്മണ്യത്തിന്റെ സേവുകളാണ് ഡച്ച് ഗോൾ നേട്ടം ഏഴിൽ ഒതുക്കിയത്.