വേൾഡ് ടൂർ ഫൈനൽസ്: വീണ്ടും ജയിച്ച് സിന്ധു; സമീർ വർമയ്ക്കും ജയം

ഗാങ്ചൗ∙ ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന്റെ ജൈത്രയാത്ര തുടരുന്നു. ആവേശപ്പോരാട്ടത്തിൽ പിന്നിൽനിന്നു പൊരുതിക്കയറിയ സിന്ധു ഇക്കുറി തറപറ്റിച്ചത് തായ്‌വാനിന്റെ ലോക ഒന്നാം നമ്പർ താരം തായ് സുയിങിനെ. സ്കോർ 14–21,21–16,21–18. ഗ്രൂപ്പ് എയിലെ ആദ്യ മൽസരത്തിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ‌ താരം അകാനെ യമാഗൂച്ചിയെ കീഴടക്കിയ സിന്ധു തുടർച്ചയായ രണ്ടാം ജയത്തോടെ സെമി ഫൈനൽ ബെർത്ത് ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയുടെ സാങ് ബിവെനതിരെ ഗ്രൂപ്പ് ഘട്ടത്തിലെ സിന്ധുവിന്റെ അവസാന മൽസരം ഇന്നു നടക്കും. ബാഡ്മിന്റൻ റാങ്കിങിൽ മൂന്നാം സ്ഥാനത്താണു സിന്ധു.

ഇന്തൊനീഷ്യയുടെ ലോക പത്താം നമ്പർ താരം ടോമി സ്റ്റുഗിയാർത്തോയെ 21–16, 21–7നു കീഴടക്കിയ ഇന്ത്യൻ യുവതാരം സമീർ വർമ ടൂർണമെന്റിലെ ആദ്യ വിജയം ഇന്നലെ സ്വന്തമാക്കി. ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ട ആദ്യ ആദ്യ കളിയിൽ സമീറിനെ പരാജയപ്പെടുത്തിയിരുന്നു.