ഇനി സൈന–കശ്യപ് മിക്സ്ഡ് ഡബിൾസ്; ലവ് ഓൾ!

സൈന നെഹ്‌വാളും പി. കശ്യപും ഹൈദരാബാദിൽ വിവാഹവേളയിൽ

ഹൈദരാബാദ് ∙ ഇന്ത്യൻ ബാഡ്മിന്റനിലെ സൂപ്പർതാരങ്ങളായ സൈന നെഹ്‍വാളും പി.കശ്യപും വിവാഹിതരായി. സൈബറാബാദ് റായ്ദുർഗം ഒറിയോൺ വില്ലാസിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമെ പങ്കെടുത്തുള്ളൂ. നാളെ ഹൈദരാബാദിലെ നോവാട്ടൽ ഹോട്ടലിൽ നടക്കുന്ന വിവാഹസൽക്കാരത്തിലേക്കാണ് വിഐപികൾ ഉൾപ്പെടെ വൻനിരയെ ക്ഷണിച്ചിരിക്കുന്നത്.‘‘ജീവിതത്തിലെ ഏറ്റവും നല്ല മൽസരം. ജസ്റ്റ് മാരീഡ് ’’– ചുവന്നു തുടുത്ത റോസാദലങ്ങൾ കോർത്ത കല്യാണമാല അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്ത് സൈന ട്വീറ്റ് ചെയ്തു. 

ഇളംനീല ലഹങ്കയിൽ കാര്യമായ മേക്കപ്പും ആഭരണങ്ങളുമൊന്നുമില്ലാതെയായിരുന്നു സൈന ചടങ്ങിനെത്തിയത്. പിങ്ക് കുർത്തയും വെളുത്ത പൈജാമയിലുമായിരുന്നു കശ്യപ്. 

കഴിഞ്ഞ ഒക്ടോബറിൽ തന്നെ സൈന വിവാഹ വാർത്ത അറിയിച്ചിരുന്നുവെങ്കിലും ടൂർണമെന്റുകളുടെ തിരക്കൊഴിയാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദിലെ വിഐപികളെ നേരിൽക്കണ്ട് ക്ഷണിക്കുന്ന തിരക്കിലായിരുന്നു ഇരുവരും. വിരാട് കോഹ്‍ലി–അനുഷ്ക ഇറ്റാലിയൻ വിവാഹത്തിനു ശേഷം ഇന്ത്യൻ കായികരംഗം ഉറ്റുനോക്കുന്ന മറ്റൊരു സെലിബ്രറ്റി വിവാഹമാണിത്.