സുവർണ സിന്ധു; സിനിമയുടെ ക്ലൈമാക്സ് പോലെ ഒരു പോരാട്ട വിജയം

കൊച്ചിയിൽ മലയാള മനോരമയുടെ സ്പോർട്സ് സ്റ്റാർ അവാർഡ് വിതരണച്ചടങ്ങിൽ എച്ച്.എസ്. പ്രണോയിക്കും പി.വി.സിന്ധുവിനുമൊപ്പം പി.സി. തുളസി (ഫയൽചിത്രം)

തുടർച്ചയായി തോൽവികൾ മാത്രം ഏറ്റുവാങ്ങുന്ന നായക കഥാപാത്രം അന്തിമ പോരാട്ടത്തിൽ തകർപ്പൻ ആക്‌ഷനുമായി എതിരാളിയെ നിഷ്പ്രഭരാക്കി വിജയം നേടുന്ന ചില സിനിമകളില്ലേ. അങ്ങനെയൊരു സിനിമയുടെ ക്ലൈമാക്സ് പോലെ ആവേശകരമായിരുന്നു ലോക ബാഡ്മിന്റൻ ടൂർസ് ഫൈനലിലെ പി.വി.സിന്ധുവിന്റെ പോരാട്ട വിജയം. ഒന്നും രണ്ടുമല്ല, ഏഴ് രാജ്യാന്തര ഫൈനലുകളിലെ തുടർച്ചയായ തോൽവിക്കു ശേഷമാണു സിന്ധു ഇന്നലെ സീസണിലെ അവസാന ചാംപ്യൻഷിപ്പ് ഫൈനലിനിറങ്ങിയത്. അതും ഒരു വർഷം മുൻപ് തന്നെ തോൽപ്പിച്ച് ലോക ചാംപ്യൻപട്ടം നേടിയ നൊസോമി ഒകുഹാരയോട്. തുടർച്ചയായ ഫൈനൽ തോൽവികളും കരുത്തയായ എതിരാളിയും സൃഷ്ടിക്കുന്ന സമ്മർദം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ വർഷാന്ത്യ പോരാട്ടമായ ബാഡ്മിന്റൻ വേൾഡ് ടൂറിൽ സിന്ധു ശരിക്കും വിശ്വരൂപം കാട്ടി. എന്തൊരു ഫോമിലായിരുന്നു കളി!

ലോക റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരെ കീഴടക്കിയ ആത്മവിശ്വാസവുമായി ഫൈനലിലെത്തിയ സിന്ധുവിന് തീർച്ചയായും ആദ്യ വെല്ലുവിളി ‘ഫൈനൽ ഫോബിയ’ ആയിരുന്നിരിക്കണം. അതിനെ കീഴടക്കിയത് ആക്രമണത്തെക്കാൾ ക്ഷമ കൊണ്ടാണ് എന്നതാണ് ഏറ്റവും നിർണായകം. അഞ്ചടി ഒരിഞ്ച് ഉയരക്കാരിയായ ഒകുഹാരക്കു മുന്നിൽ അഞ്ചടി പത്തിഞ്ച് ഉയരമുള്ള സിന്ധുവിന് അതിന്റെ ആനുകൂല്യമുണ്ടെന്നതു ശരി. പ്രഥമ മനോരമ ഇന്ത്യൻ ഓപ്പൺ ഫൈനലിലടക്കം സിന്ധുവിനോടു മൽസരിക്കുമ്പോൾ ഉയരത്തിന്റെ ആനുകൂല്യം എത്ര വിദഗ്ധമായാണു കരുത്തുള്ള സ്മാഷുകൾക്കും താഴ്ന്നിറങ്ങുന്ന ഡ്രോപ്പുകൾക്കുമായി ഉപയോഗിക്കുന്നതെന്നു ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പക്ഷേ ഉയരക്കുറവിനെ പ്രതിരോധ മികവിനുള്ള ആയുധമാക്കുന്ന കളിക്കാരിയാണ് ഒകുഹാര.

ലോങ് റാലികൾ ക്ഷമയോടെ കളിക്കാനും ഏതു പൊസിഷനിലും ഒന്നാന്തരമായി പ്രതിരോധിച്ചു നിൽക്കാനും അവർക്കു കഴിയും. അങ്ങനെയൊരാളോടു കളിക്കുമ്പോൾ ഒരു പോയിന്റും അനായാസമാവില്ല. ആക്രമിച്ചു കളിക്കുകയാണ് സിന്ധു ശൈലി. ഒകുഹാരയെ പോലെ പ്രതിരോധ മികവുള്ള എതിരാളിയാവുമ്പോൾ ക്ഷമ നശിച്ചു പിഴവ് വരുത്തി എതിരാളിക്കു പോയിന്റ് നൽകുന്ന പതിവുണ്ട് സിന്ധുവിന്. അതു തിരുത്തി ഒകുഹാരയെ അവരുടെ കരുത്തു കൊണ്ടു തന്നെ കൂടുതൽ ക്ഷമയോടെ നേരിട്ടു എന്നതാണ് ഇന്നലത്തെ വിജയ രഹസ്യം. ആ ക്ഷമ മൽസരത്തിൽ ഇന്നലെ കൂടുതൽ മികച്ചു നിന്നതു സിന്ധുവാണ്. പതിവിനു വിപരീതമായി ഏറെ പിഴച്ചത് ഒകുഹാരക്കും.

ആദ്യ പോയിന്റ് ഒകുഹാര നേടിയതൊഴിച്ചാൽ ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഒരിക്കൽ പോലും സിന്ധുവിനെ മറികടക്കാൻ അവർക്കായില്ല.  5 സ്ട്രെയിറ്റ് പോയിന്റുമായി 5-1ന് ലീഡും ആത്മവിശ്വാസവും ഉയർത്തിയ സിന്ധു 14-7ന് മുന്നേറുമ്പോൾ അനായാസം ഗെയിം നേടുമെന്നാണു കരുതിയത്. പക്ഷേ പെട്ടെന്ന് തളർന്ന പോലെ തോന്നി. അവസരം മുതലാക്കിയ ഒകുഹാര റാലി മികവിൽ 16-16ന് അതിവേഗം ഒപ്പമെത്തി. പക്ഷേ വീണ്ടും ‘ഫൈനൽ ഫോബിയ’ക്കു കീഴടങ്ങാൻ തയ്യറാവാതെ സിന്ധു ശക്തമായി തിരിച്ചു വന്നു. പോരാട്ടം കനത്തെങ്കിലും 21-19ന് ഗെയിം സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഗെയിമിൽ കൂടുതൽ കരുതലോടെയാണ് സിന്ധു കളിച്ചത്. 5-2ന് മുന്നിലെത്തിയ ശേഷം 7-7ന് ഒകുഹാരയും ഒപ്പമെത്തിയെങ്കിലും പിന്നീടങ്ങോട്ട് ലീഡ് കൈവിടാതെ ഒകുഹാരയെ തളർത്തി മുന്നേറി 21-17ന് രണ്ടാം ഗെയിമും ചാംപ്യൻപട്ടവും സിന്ധു സ്വന്തമാക്കുകയായിരുന്നു.

റാലികളിൽ മാത്രമല്ല, ടോസിലും ഡ്രോപിലുമെല്ലാം കൂടുതൽ നല്ല നിയന്ത്രണവും മികവും ഇന്നലെ സിന്ധുവിനായിരുന്നു. നഷ്ടപ്പെടുന്ന പോയിന്റുകളെ ഓർത്ത് വേവലാതിപ്പെടുന്ന പതിവിൽ നിന്നു മാറി കൂടുതൽ മനക്കരുത്ത് നേടിയെന്ന് സെമി ഫൈനൽ കഴിഞ്ഞു സിന്ധു പറഞ്ഞത് ശരിയെന്നു ഫൈനൽ തെളിയിച്ചു. ഈ ഫോമിൽ തുടർന്നാൽ 2019 സിന്ധു വർഷമായേക്കും.

പി.വി. സിന്ധു

ലോക റാങ്കിങ്: 6
പ്രായം: 23
ഉയരം: 5 അടി 10 ഇഞ്ച്
(179 സെന്റീമീറ്റർ)

ശരീരഭാരം: 66 കിലോഗ്രാം

പ്രമുഖ കീരീടങ്ങൾ:

ബാഡ്മിന്റൻ വേൾഡ് ടൂർ
ഫൈനൽസ് 2018 (സ്വർണം)
2016 റിയോ ഒളിംപിക്സ് (വെള്ളി)
2017 ലോക ചാംപ്യൻഷിപ്പ്
(സ്‌കോട്‌ലൻഡ്, വെള്ളി)
2018 ലോക ചാംപ്യൻഷിപ്
(ചൈന, വെള്ളി)