Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരസിന്റെ മികവിൽ ഫോഴ്‍സ് ഇന്ത്യ

perez

2011ൽ ഫോർമുല വൺ കാറോട്ടത്തിൽ അരങ്ങേറ്റത്തിൽത്തന്നെ ഏഴാം സ്ഥാനത്തെത്തിയ മെക്സിക്കൻ താരം സെർജിയോ പെരസ് എഫ് വൺ വിദഗ്ധരുടെയും ആരാധകരുടെയും കണ്ണിലുടക്കിയിരുന്നു. ടീം സേബറിനു വേണ്ടിയായിരുന്നു ആ അരങ്ങേറ്റം. തുടർന്നുള്ള മൽസരങ്ങളിലും സീസണുകളിലും വേണ്ടത്ര തിളങ്ങാനാകാതിരുന്ന പെരസിന്റെ തിരിച്ചുവരവിന്റെ സൂചനയാണു മൊണാക്കോയിൽ കണ്ടത്. സഹാറ ഫോഴ്സ് ഇന്ത്യയ്ക്കുവേണ്ടി മൂന്നാം സ്ഥാനക്കാരനായി വിജയപീഠത്തിൽ കയറുമ്പോൾ അതു പെരസിന്റെ ആറാം പോഡിയമായിരുന്നു. ഫോഴ്സ് ഇന്ത്യക്കു നാലാമത്തേതും. ഇതിൽ മൂന്നും പെരസ് സമ്മാനിച്ചതായിരുന്നു.

മൊണാക്കോയിലെ മഴയാണു പെരസിനെ ത്രസിപ്പിച്ചതും വിജയിപ്പിച്ചതും. മഴ ഇഷ്ടപ്പെടുന്ന പെരസ് സഹതാരം നിക്കോ ഹൾക്കൻബർഗിനെയും ഫെറാറി താരങ്ങളെയും മറികടന്നാണ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. ഈ സീസണിൽ സ്പാനിഷ് ഗ്രാൻപ്രിയിലും പെരസ് മികച്ച പ്രകടനം നടത്തിയിരുന്നു. ഫോർമുല വണ്ണിൽ 101 മൽസരങ്ങളിൽ കാറോടിച്ച പെരസ് ആകെ 289 പോയിന്റ് നേടിയിട്ടുണ്ട്. രണ്ടുതവണ രണ്ടാം സ്ഥാനം നേടിയതാണു മികച്ച പ്രകടനം.


2011ലെ അരങ്ങേറ്റ സീസണിൽ മൊണാക്കോയിലെ അപകടത്തെത്തുടർന്നു പുറത്തിരിക്കേണ്ടി വന്ന പെരസ് സീസണിൽ 14 പോയിന്റോടെ പതിനാറാമനായാണു ചാംപ്യൻഷിപ് പൂർത്തിയാക്കിയതെങ്കിലും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. 2012ൽ രണ്ടു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമായി നില മെച്ചപ്പെടുത്തി.

എന്നാൽ, 2013ൽ മക്‌ലാരനിലേക്കുള്ള കൂടുമാറ്റം നഷ്ടക്കച്ചവടമായി. ഗുണനിലവാരം പുലർത്താനാകാതെ പോയ ടീമിന്റെ ഡ്രൈവർക്കു പ്രത്യേകിച്ചു നേട്ടമെന്നും ഉണ്ടായില്ല. ഇന്ത്യൻ ഗ്രാൻപ്രീയിൽ ലഭിച്ച അഞ്ചാം സ്ഥാനം മാത്രമാണു പോയിന്റ് പട്ടികയിൽ ഇടം നേടിക്കൊടുത്തത്. 2014ൽ സഹാറ ഫോഴ്സ് ഇന്ത്യയുടെ താരമായെത്തിയ പെരസ് ബഹ്റൈനിൽ മൂന്നാം സ്ഥാനത്തെത്തി ടീമിനു രണ്ടാം പോഡിയം നേടിക്കൊടുത്തു. 2015ൽ സോച്ചിയിലെ റഷ്യൻ ഗ്രാൻപ്രീയിലും മൂന്നാം സ്ഥാനത്തെത്തി. 2009ൽ ഫിസിക്കെല്ല ബൽജിയൻ ഗ്രാൻപ്രീയിൽ നേടിയ രണ്ടാം സ്ഥാനമാണു ടീമിന്റെ ഇതുവരെയുള്ള മികച്ച നേട്ടം.

2008ൽ ഇന്ത്യൻ വ്യവസായി വിജയ് മല്യ ഫോർമുല വൺ സർക്യൂട്ടിലിറക്കിയ ഫോഴ്സ് ഇന്ത്യയിൽ 2011ൽ സഹാറ ഗ്രൂപ്പ് 10 കോടി രൂപയിറക്കി സഹ ഉടമയായി. ഇരു ഗ്രൂപ്പിനും 42.5 ശതമാനം വീതം ഓഹരികൾ. ബാക്കി 15 ശതമാനം ഹോളണ്ടിലെ മോൾ കുടുംബത്തിന്റെ കയ്യിലാണ്.
സഹാറ മേധാവി സുബ്രത റോയ് സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്നു മാർച്ച് 2014ൽ ജയിലിലായി. വിജയ് മല്യയാകട്ടെ വൻ സാമ്പത്തിക പ്രതിസന്ധിയിലുമായി. എന്നാൽ, ടീം ഉടമകളുടെ സാമ്പത്തിക പ്രശ്നങ്ങൾ ടീമിന്റെ ഭദ്രതയെയും മികവിനെയും ബാധിച്ചിട്ടില്ലെന്നതാണു പെരസിന്റെയും ഹൾക്കൻബർഗിന്റെയും നേട്ടങ്ങൾ പറയുന്നത്.

related stories