റഷ്യയുടെ ‘റിയോ യാത്ര’ ത്രിശങ്കുവിൽ

രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക്

ബെർലിൻ ∙ റഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ വീണ്ടും കുരുക്കിൽ. 2014ലെ സോച്ചി ശൈത്യകാല ഒളിംപിക്സിൽ താരങ്ങളുടെ ഉത്തേജക ഉപയോഗത്തിന് അധികൃതർ തന്നെ ഒത്താശ ചെയ്തുകൊടുത്തെന്ന വെളിപ്പെടുത്തൽ റഷ്യയുടെ റിയോ ഒളിംപിക് പ്രതീക്ഷകളെ ത്രിശങ്കുവിലാക്കി. സോച്ചിയുടെ കാര്യത്തിൽ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാൽ അതു കായികചരിത്രത്തിൽ ഇതുവരെയുള്ള സമാനതകളില്ലാത്ത ക്രിമിനൽ കുറ്റമായി പരിഗണിക്കുമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് പ്രതികരിച്ചു. റഷ്യൻ ഉത്തേജകമരുന്നു വിരുദ്ധ ഏജൻസിയിലെ മുൻ തലവന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ റഷ്യയുടെ കാര്യം പരുങ്ങലിലാണ്.

ഉത്തേജകമരുന്നു പരിശോധനയ്ക്കായി ശേഖരിച്ച മൂത്ര സാംപിളുകൾ അധികൃതരുടെ ഒത്താശയോടെ മാറ്റി പുതിയതു വച്ചെന്ന ആരോപണമാണു റഷ്യയെ പ്രതിക്കൂട്ടിലാക്കുന്നത്. ഉത്തേജകം ഉപയോഗിച്ചെന്നു സംശയിക്കപ്പെട്ട താരങ്ങളുടെ മൂത്ര സാംപിളുകൾ മാറ്റി കുഴപ്പമൊന്നുമില്ലാത്ത സാംപിളുകൾ പകരം വച്ചെന്നു വെളിപ്പെടുത്തിയത് ഉത്തേജക മരുന്നു വിരുദ്ധ ഏജൻസി മുൻ തലവൻ ഗ്രിഗറി റോഡ്ചെങ്കോയാണ്.

ഇതോടെ, ഉത്തേജകം പിടിക്കേണ്ടവർ തന്നെ അതിന് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ കുറ്റമാണു റഷ്യൻ അത്‌ലറ്റിക് രംഗം നേരിടുന്നത്. സംഭവം ശരിയാണെന്നു തെളിഞ്ഞാൽ അതിലുൾപ്പെട്ട എല്ലാവർക്കുമെതിരെ പിഴയും വിലക്കും അടക്കമുള്ള സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നു ബാക്ക് മുന്നറിയിപ്പു നൽകി. കുറ്റക്കാരല്ലെന്നു തെളിയിക്കേണ്ടതു റഷ്യൻ താരങ്ങളുടെ ഉത്തരവാദിത്തമാണ്. സംഭവത്തെക്കുറിച്ചറിയാവുന്ന ആർക്കും കാര്യങ്ങൾ തുറന്നുപറഞ്ഞു മുന്നോട്ടുവരാമെന്നും ബാക്ക് പറ‍ഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ചു ലോക ഉത്തേജകമരുന്നു വിരുദ്ധ ഏജൻസി (വാഡ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് നീതിന്യായ വിഭാഗവും സോച്ചി സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു തുടക്കമിട്ടു. 2008 ബെയ്ജിങ് ഒളിംപിക്സിനിടെ ശേഖരിച്ച സാംപിളുകൾ പുനഃപരിശോധന നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയ 31 താരങ്ങളെ റിയോയിൽനിന്നു വിലക്കുമെന്നു ബാക്ക് പറഞ്ഞു. ഇതിൽ മെഡൽ നേടിയവരുണ്ടെങ്കിൽ, മെഡലിനു യഥാർഥത്തിൽ അർഹതയുള്ളവർക്കു കൈമാറുന്നതിനു മുൻപ് അവരെയും പുനഃപരിശോധനയ്ക്കു വിധേയരാക്കും. അതിനുശേഷം മാത്രമേ മെഡലുകൾ സമ്മാനിക്കൂ.

പിടിയിലായ 31 താരങ്ങളുടെ പേരുകൾ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. അതിനൊപ്പം 2012 ലണ്ടൻ ഒളിംപിക്സിലെ 250 സാംപിളുകൾ വീണ്ടും പരിശോധിക്കാനും ഐഒസി നിർദേശം നൽകിയിട്ടുണ്ട്. അതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാനാകും. അത്‌ലറ്റിക് ഫെഡറേഷനുകളുടെ രാജ്യാന്തര സംഘടന (ഐഎഎഎഫ്) റഷ്യയുടെ ഭാവി നിർണയിക്കാൻ ജൂൺ 17നു യോഗം ചേരുന്നുണ്ട്. വാഡയുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകളും റഷ്യയുടെ റിയോ സാന്നിധ്യത്തെ സ്വാധീനിക്കുമെന്നു ബാക്ക് വെളിപ്പെടുത്തി.