മറെയെ വീഴ്ത്തി ക്വെറി; സെമിയിൽ സാം ക്വെറി – മരിൻ സിലിച്ച്

ആൻഡി മറേ

ലണ്ടൻ ∙ അമേരിക്കക്കാരൻ സാം ക്വെറിക്കു മുന്നിൽ വിമ്പിൾഡൻ ചാംപ്യൻ ആൻഡി മറേ വീണു. ക്വാർട്ടർ ഫൈനലിൽ 3-6, 6-4, 6-7(4), 6-1, 6-1നാണു നിലവിലെ ചാംപ്യനായ ബ്രിട്ടിഷ് താരം മറെയുടെ തോൽവി. തോളിനേറ്റ പരുക്കിന്റെ വൈഷമ്യങ്ങളുമായി വിമ്പിൾഡൻ കളിക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം പൊരുതിയാണു തോറ്റതെന്ന് ആശ്വസിക്കാം. മുൻപ് എട്ടുതവണ സാം ക്വെറിയെ നേരിട്ടതിൽ ഒരിക്കൽ മാത്രമാണു മറെ തോറ്റത്. സെമിയിൽ മരിൻ സിലിച്ചാണു ക്വെറിയുടെ എതിരാളി.

ആദ്യ സെറ്റിൽ ഇടർച്ചയുടെ ഒരു ലക്ഷണവും കാട്ടാതെയായിരുന്നു മറെയുടെ കുതിപ്പ് (6–3). എന്നാൽ, രണ്ടാം സെറ്റിൽ കളി മാറി. ക്വെറിക്ക് ഏറെക്കുറെ അനായാസ ജയം. മൂന്നാം സെറ്റിൽ ടൈബ്രേക്കർ വരെ നീണ്ട സെറ്റിൽ മറെ നേടിയതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. എന്നാൽ, പിന്നീടു രണ്ടു സെറ്റുകൾ അനായാസം കീഴടക്കിയ അമേരിക്കക്കാരനു മുന്നിൽ മറെ തോൽവി സമ്മതിച്ചു. സെന്റർ കോർട്ടിലെ കാണികൾ മറെയ്ക്കായി പരമാവധി ആവേശം സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല.

ഞാനിപ്പോഴും ഷോക്കിലാണെന്നായിരുന്നു ഇരുപത്തിയേഴാമത്തെ എയ്സ് വിജയത്തിലേക്കു പായിച്ച ശേഷം സാം ക്വെറിയുടെ പ്രതികരണം. മികച്ച തുടക്കമായിരുന്നില്ല എന്റേത്. പക്ഷേ, നാലും അഞ്ചും സെറ്റുകളിലെ വിജയം എനിക്കു സമ്മാനിച്ചത് സ്വപ്നനേട്ടമാണ്. സെമിഫൈനൽ, അതും വിമ്പൻഡനിൽ എന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല–സാം ക്വെറി പറഞ്ഞു.

നൊവാക് ജോക്കോവിച്ചിനെ കഴിഞ്ഞ സീസണിൽ അട്ടിമറിച്ച ക്വെറി, 2009ൽ ആൻഡി റോഡിക്ക് വിമ്പിൾഡൻ ജേതാവായ ശേഷം സെമിയിലെത്തുന്ന ആദ്യ യുഎസ് താരമാണ്. ലുക്സംബർഗിന്റെ ഗില്ലെസ് മുള്ളറെ 3-6, 7-6(6), 7-5, 5-7, 6-1നു തോൽപിച്ചാണ് ഏഴാം സീഡായ മരിൻ സിലിച്ച് സെമിയിലെത്തിയത്. സിലിച്ചിന്റെ ആദ്യ വിമ്പിൾഡൻ സെമിയാണിത്.